ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി നേടിയ സഞ്ജു അടുത്ത 2 മത്സരങ്ങളിൽ പൂജ്യനായി പുറത്തായിരുന്നു. ഇതിന് ശേഷം സഞ്ജുവിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നു.
എന്നാൽ നാലാം മത്സരത്തിൽ മറ്റൊരു സെഞ്ച്വറി നേടി സഞ്ജു ഇതിനുള്ള മറുപടി നൽകിയിരിക്കുകയാണ്. മത്സരത്തിൽ 51 പന്തുകളിലാണ് സഞ്ജു തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. എന്നാൽ സെഞ്ച്വറിയ്ക്ക് ശേഷം തനിക്ക് കൂടുതലായി ഒന്നും സംസാരിക്കാനില്ല എന്നാണ് സഞ്ജു പറഞ്ഞത്.
പരമ്പരയിലെ ആദ്യ സെഞ്ച്വറിയ്ക്ക് ശേഷം താൻ മാധ്യമങ്ങളെ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും സഞ്ജു പറയുന്നു. ഇതിന് ശേഷം 2 മത്സരങ്ങളിൽ പൂജ്യനായി പുറത്താകേണ്ടി വന്നു എന്നാണ് സഞ്ജു ചൂണ്ടിക്കാട്ടുന്നത്. അതിന് പിന്നാലെയാണ് തമാശരൂപേണ സഞ്ജുവിന്റെ മറുപടി. “ഇനി എനിക്ക് കൂടുതലായി ഒന്നും പറയാനില്ല. ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കിക്കോളൂ.”- തമാശ കലർന്ന ഭാഷയിൽ സഞ്ജു കൂട്ടിച്ചേർക്കുകയുണ്ടായി. ജീവിതത്തിൽ താൻ ഒരുപാട് പ്രതിസന്ധികൾ അനുഭവിച്ചിട്ടുണ്ടെന്നും അതിലൊന്നാണ് പരമ്പരയിൽ 2 മത്സരങ്ങളിൽ പൂജ്യനായി പുറത്തായതെന്നും സഞ്ജു പറഞ്ഞു.
“ജീവിതത്തിലുടനീളം ഒരുപാട് വലിയ പരാജയങ്ങൾ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. തുടർച്ചയായി 2 സെഞ്ച്വറികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് 2 തവണ ഞാൻ പൂജ്യനായി മടങ്ങിയത്. ആ സമയത്തും ഞാൻ എന്റെ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എനിക്ക് തിരിച്ചു വരാൻ സാധിക്കുമെന്ന് ഞാൻ അടിയുറച്ച് വിശ്വസിച്ചു. അതാണ് മനസ്സിൽ പറഞ്ഞതും. അതിനായി കഠിനാധ്വാനം ചെയ്യുകയുമുണ്ടായി. ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്ന സമയത്ത് എനിക്ക് ഒരുപാട് ചിന്തകൾ ഉണ്ടായിരുന്നു. പിന്നീട് ഈ ചിന്തകളൊക്കെയും മാറ്റിവെച്ച് പന്തിനെ നേരിടുക എന്നത് മാത്രമാണ് ഞാൻ ചെയ്തത്. അതിലാണ് ഞാൻ വിജയം കണ്ടത്.”- സഞ്ജു കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മറ്റൊരു യുവതാരമായ തിലക് വർമയും മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. തിലക് വർമയുമായുള്ള ബന്ധത്തെപ്പറ്റിയും സഞ്ജു സംസാരിക്കുകയുണ്ടായി. “തിലക് വർമ ഒരു ചെറുപ്പക്കാരനാണ്. അവൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമാണ് എന്ന് നിസംശയം പറയാൻ സാധിക്കും. അവനൊപ്പം ഇത്തരമൊരു കൂട്ടുകെട്ട് സൃഷ്ടിക്കാൻ സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.”- സഞ്ജു കൂട്ടിച്ചേർക്കുകയുണ്ടായി. 2024 ഇതുവരെ 3 ട്വന്റി20 സെഞ്ചറികളാണ് സഞ്ജു സാംസൺ സ്വന്തമാക്കിയിട്ടുള്ളത്. ഈ പ്രകടനത്തോടെ സഞ്ജു ഇന്ത്യൻ ടീമിന്റെ സ്ഥിര സാന്നിധ്യം ആകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.