റിഷഭ് പന്തിനെ പുറത്താക്കിയത് ? ഡിമാന്‍റ് അംഗീകരികാന്‍ ഡല്‍ഹി തയ്യാറായില്ലാ.

2025 ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി തങ്ങളുടെ നായകൻ റിഷഭ് പന്തിനെ റിലീസ് ചെയ്യാൻ ഡൽഹി ക്യാപിറ്റൽസ്. ഇതിനോടകം തന്നെ ഡൽഹി തങ്ങളുടെ നിലനിർത്തൽ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിൽ പന്തിന്റെ പേരടങ്ങുന്നില്ല എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അക്ഷർ പട്ടേൽ, കുൽദീപ് യാദവ് ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ എന്നിവരെ നിലനിർത്താനാണ് ഡൽഹി തീരുമാനിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പന്തിന്റെ ഡിമാന്റുകൾ അംഗീകരിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഡൽഹി ഇത്തരം ഒരു റിലീസിന് തയ്യാറാവുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം രണ്ടു തരത്തിലുള്ള ഡിമാന്റുകളാണ് പന്ത് ഡൽഹിയുടെ മുൻപിലേക്ക് വെച്ചിട്ടുള്ളത്. ടീമിന്റെ നായകനായി തുടരണമെന്നും, കോച്ചിംഗ് സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്നതിൽ ഭാഗമാക്കണമെന്നുമാണ് പന്ത് ഡൽഹിയോട് അറിയിച്ചിട്ടുള്ളത്. പക്ഷേ ഇക്കാര്യം അംഗീകരിക്കാൻ ഡൽഹി തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് പന്തിനെ നിലനിർത്തില്ല എന്ന വാർത്ത പുറത്തുവരുന്നത്.

“റിഷഭ് പന്ത് ക്യാപ്റ്റൻസി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല കോച്ചുകളുടെയും സപ്പോർട്ടിംഗ് സ്റ്റാഫുകളുടെയും തിരഞ്ഞെടുപ്പിൽ തന്നെയും ഭാഗമാക്കണമെന്ന ഡിമാൻഡ് മുൻപോട്ടു വെച്ചിരുന്നു. എന്നാൽ ഡൽഹി ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഇതിനർത്ഥം ഡൽഹി അവനെ ഉപേക്ഷിക്കുമെന്നല്ല. പക്ഷേ അവർ ഒരു നായകനായി അവനെ പരിഗണിക്കുന്നില്ല. ഇത് ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനവുമല്ല.”- ഡൽഹി ക്യാപിറ്റൽസുമായി ബന്ധപ്പെട്ട ഒരു ഉറവിടം അറിയിച്ചു.

ഇത്തരത്തിൽ പന്തിനെ റിലീസ് ചെയ്യുകയാണെങ്കിൽ അത് ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പ്രകമ്പനങ്ങൾ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. 2016ൽ അൺക്യാപ്ഡ് താരമായാണ് ഡൽഹി ടീമിലേക്ക് പന്ത് എത്തിയത്. ശേഷം 2021ൽ പന്തിനെ തങ്ങളുടെ ഫ്രാഞ്ചൈസിയുടെ നായകനാക്കി ഡൽഹി മാറ്റുകയുണ്ടായി. പന്തിന് കീഴിൽ ഇതുവരെ 43 മത്സരങ്ങളാണ് ഡൽഹി കളിച്ചിട്ടുള്ളത്. ഇതിൽ 23 മത്സരങ്ങളിൽ ഡൽഹി വിജയം കാണുകയുണ്ടായി.

19 മത്സരങ്ങളിലാണ് ഡൽഹി പരാജയം നേരിട്ടത്. എന്നാൽ പന്തിന്റെ അഭാവത്തിൽ ആര് ഡൽഹിയുടെ നായകനാവും എന്ന ചോദ്യവും നിലനിൽക്കുന്നു. ഡൽഹിയ്ക്ക് മുൻപിലുള്ള ഏറ്റവും മികച്ച ഓപ്ഷൻ അക്ഷർ പട്ടേലാണ്. മാത്രമല്ല കൊൽക്കത്ത റിലീസ് ചെയ്യുകയാണെങ്കിൽ ശ്രേയസ് അയ്യരെ സ്വന്തമാക്കാനും ഡൽഹി ശ്രമിക്കുന്നുണ്ട്.

“അക്ഷറാണ് നായകനാവാൻ ഏറ്റവും മികച്ച ഓപ്ഷൻ. മാത്രമല്ല ഡൽഹി ഇത്തവണത്തെ മെഗാ ലേലത്തിലൂടെ ഒരു ക്യാപ്റ്റനെ കണ്ടെത്താനുള്ള ശക്തമായ സാധ്യതയും നിൽക്കുന്നു. മെഗാ ഓക്ഷനിലേക്ക് എത്തുമ്പോൾ ഒരുപാട് ക്യാപ്റ്റൻസി ഓപ്ഷനുകൾ ഡൽഹിക്ക് മുൻപിലേക്ക് എത്തും. അതിലേക്കായിരിക്കും ഡൽഹി ലക്ഷ്യം വയ്ക്കുന്നത്. ശ്രേയസ് അയ്യര്‍ എല്ലായ്പ്പോഴും ഡൽഹിയുടെ മുൻപിലുള്ള താരം തന്നെയാണ്. ഡൽഹി ടീമിനൊപ്പം ഒരുപാട് വിജയങ്ങൾ സ്വന്തമാക്കാൻ ശ്രേയസിന് സാധിച്ചിട്ടുണ്ട്. കൃത്യമായി തന്നെ ടീമിന്റെ അന്തരീക്ഷങ്ങൾ അവന് മനസ്സിലാക്കാനും കഴിയും.”- ഡൽഹി ടീമുമായി ബന്ധപ്പെട്ട വൃത്തം അറിയിക്കുന്നു.

Previous articleലക്നൗ പുറത്താക്കിയ കെല്‍ രാഹുലിനെ റാഞ്ചാന്‍ 4 ടീമുകള്‍.