സൗത്താഫ്രിക്കൻ മണ്ണിൽ ഒരിക്കൽ കൂടി നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഏകദിന പരമ്പര 3-0ന് തോറ്റ ഇന്ത്യൻ സംഘത്തിന് മൂന്നാം ഏകദിനത്തിൽ കനത്ത തിരിച്ചടി നൽകിയത് സൗത്താഫ്രിക്കൻ ഓപ്പണർ ഡീകൊക്കാണ്. തന്റെ ഏകദിന കരിയറിലെ പതിനേഴാമത്തെ സെഞ്ച്വറി അടിച്ചെടുത്ത താരം അപൂർവ്വ റെക്കോർഡുകൾക്ക് സ്വന്തമാക്കിയാണ് കയ്യടികൾ നേടിയത് .130 ബോളിൽ നിന്നും 12 ഫോറും 2 സിക്സ് അടക്കം 124 റൺസാണ് അടിച്ചെടുത്തത്.
ഇന്ത്യക്ക് എതിരെ ഏകദിന ക്രിക്കറ്റിൽ ഡീകോക്ക് നേടുന്ന ആറാമത്തെ സെഞ്ച്വറിയാണ് ഇന്ന് പിറന്നത്.നേരത്തെ അരങ്ങേറ്റ ഏകദിന പരമ്പരയിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ ഇന്ത്യക്ക് എതിരെ അടിച്ച് കരിയർ ആരംഭിച്ച ഡീകോക്ക് ഇന്നത്തെ സെഞ്ച്വറിയോടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ആയി മാറി.
23 സെഞ്ച്വറികൾ നേടിയ ഇതിഹാസ താരം കുമാർ സംഗക്കാര മാത്രമാണ് വിക്കറ്റ് കീപ്പർമാരുടെ സെഞ്ച്വറി ലിസ്റ്റിൽ ഇപ്പോൾ ഡീകൊക്കിന് മുന്നിലുള്ളത്.16 സെഞ്ച്വറികൾ നേടിയ ഗിൽക്രിസ്റ്റിനെ ഡീകൊക്ക് ഇന്നത്തെ സെഞ്ച്വറിയോടെ മറികടന്നു.ഇന്ത്യക്ക് എതിരെ തന്റെ ആറാം സെഞ്ച്വറി നേടിയ ഡീകൊക്ക് ഇന്ത്യ : സൗത്താഫ്രിക്ക ഏകദിന പരമ്പരയിൽ ഏറ്റവും അധികം സെഞ്ച്വറികൾ സ്വന്തമാക്കിയ താരമായി മാറി.സൗത്താഫ്രിക്കൻ ഇതിഹാസം ഡിവില്ലെഴ്സിനൊപ്പമാണ് ഡീകൊക്ക് എത്തിയത്. കൂടാതെ ഇന്ത്യക്ക് എതിരെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം സെഞ്ച്വറികൾ അടിച്ച താരങ്ങളുടെ പട്ടികയിൽ ഡീകോക്ക് രണ്ടാമത് എത്തി.
ഏഴ് സെഞ്ച്വറികൾ ഇന്ത്യക്ക് എതിരെ നേടിയിട്ടുള്ള ശ്രീലങ്കൻ മുൻ താരമായ സനത് ജയസൂര്യയാണ് പട്ടികയിൽ ഒന്നാമത്. റിക്കി പോണ്ടിങ്, സംഗക്കാര (5 സെഞ്ച്വറി ) എന്നിവരെയാണ് ഡീകോക്ക് മറികടന്നത്. കൂടാതെ പരമ്പരയിൽ 229 റൺസ് അടിച്ച ഡീകൊക്കാണ് ഈ ഏകദിന പരമ്പരയിലെ ടോപ് സ്കോററും മാൻ ഓഫ് ദി സീരീസും.