ന്യൂസിലാൻഡിനെതിരായ മൂന്നു മത്സരങ്ങൾ അടങ്ങിയ 20-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. 21 റൺസിനായിരുന്നു ആദ്യം മത്സരത്തിൽ ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇപ്പോഴിതാ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് കാരണം നായകൻ ഹർദിക് പാണ്ഡ്യയുടെ മണ്ടത്തരങ്ങൾ ആണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക് താരം ഡാനിഷ് കനേരിയ.
യാഥാർത്ഥ്യ ബോധ്യം ഇല്ലാത്തതും തെറ്റായ തീരുമാനങ്ങളും കളിയുടെ പല നിർണായ സമയത്തും ഇന്ത്യൻ നായകൻ എടുത്തു എന്നാണ് ഡാനിഷ് കനേരിയ പറഞ്ഞത്.”വളരെ മോശമായ ക്യാപ്റ്റൻസി ആയിരുന്നു ആ മത്സരത്തിൽ ഹർദിക് പാണ്ഡ്യയുടേത്. അദ്ദേഹത്തിൻ്റെ തീരുമാനങ്ങളിൽ നിരവധി സ്ഥലത്ത് തെറ്റുപറ്റി. അദ്ദേഹം കൂടുതൽ പിഴവുകൾ വരുത്തിയത് ബൗളിങ്ങിൽ ആയിരുന്നു.
സാഹചര്യത്തിനനുസരിച്ച് കൃത്യമായി ബൗളർമാരെ റൊട്ടേറ്റ് ചെയ്യുവാൻ അദ്ദേഹത്തിന് പറ്റിയില്ല. വളരെ വൈകി ശിവം മാവിയെ ബോൾ ചെയ്യാൻ കൊണ്ടു വന്ന ഹർദിക് പാണ്ഡ്യയുടെ തീരുമാനം തിരിച്ചടിയായി. എൻ്റെ അഭിപ്രായത്തിൽ മാവിയെ കൊണ്ട് നേരത്തെ തന്നെ ബൗൾ ചെയ്യിപ്പിക്കണമായിരുന്നു. അത് മാത്രമല്ല ദീപക് ഹൂഡയെ കൊണ്ട് കൂടുതൽ ഓവറുകൾ ചെയ്യിപ്പിച്ചെങ്കിൽ റൺസ് വഴങ്ങുന്നത് കുറച്ചുകൂടെ പിടിച്ചുനിർത്താമായിരുന്നു.”- അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ അവസാനിച്ചു. ഇന്ത്യയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത് സൂര്യ കുമാർ യാദവും വാഷിംഗ്ടൺ സുന്ദറുമാണ്. സൂര്യകുമാർ യാദവ് 47 റൺസും വാഷിംഗ്ടൺ സുന്ദർ 50 റൺസും നേടി.