ടി20യിലെ ഇന്ത്യന്‍ ബാറ്റിംഗ് ഓർഡറിൽ നായകൻ രോഹിത് ശർമ്മ താഴേക്ക് ഇറങ്ങണമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒമ്പത് പന്തിൽ 11 റൺസ് മാത്രമാണ് രോഹിത് ശര്‍മ്മ നേടിയത്.
തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച കനേരിയ, തുടർച്ചയായി വലിയ റൺസ് നേടാൻ ശർമ്മ പാടുപെടുന്നുണ്ടെന്ന് സൂചിപ്പിച്ചു. ഓപ്പണിംഗില്‍ ബാറ്റ് ചെയ്യുമ്പോൾ വിരാട് കോഹ്‌ലി മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ, ടി20യിൽ വിരാട് കോഹ്‌ലിയോട് ഓപ്പൺ ചെയ്യാൻ ആവശ്യപ്പെടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
രോഹിത് ശർമ്മയോ കെഎൽ രാഹുലോ വിരാട് കോഹ്ലിക്ക് തങ്ങളുടെ ഓപ്പണിംഗ് സ്ഥാനം വിട്ടുകൊടുക്കണമെന്ന് കനേരിയ അഭിപ്രായപ്പെട്ടു. 2022ലെ ഏഷ്യാ കപ്പിൽ കോഹ്‌ലി മികച്ച പ്രകടനം കാഴ്ചവെച്ചതെങ്ങനെയെന്ന് അദ്ദേഹം എടുത്തുകാണിക്കുകയും ഇന്ത്യയുടെ വരാനിരിക്കുന്ന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തു.
“രോഹിത് ശർമ്മ വേണ്ടത്ര റൺസ് നേടുന്നില്ല. ഏഷ്യാ കപ്പിലും നമ്മള്‍ അത് കണ്ടു. അദ്ദേഹത്തിന് മികച്ച തുടക്കങ്ങൾ ലഭിക്കുന്നു, പക്ഷേ അത് വലിയ പ്രകടനമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മൂന്നാം നമ്പറിലേക്ക് വരുന്നത് അദ്ദേഹം പരിഗണിച്ചാല്‍ വിരാട് കോഹ്ലിക്ക് ഓപ്പണ്‍ ചെയ്യാന്‍ കഴിയും. അല്ലെങ്കി ഓപ്പണർമാരായി വിരാടും രോഹിതും കളിക്കുന്നതോടെ കെഎൽ രാഹുലിനെ മൂന്നാം സ്ഥാനത്ത് കൊണ്ടുവരാം.
ഏഷ്യാ കപ്പിലെ നാല് മത്സരങ്ങളിൽ നിന്ന് 133 റൺസാണ് രോഹിത് ശർമ്മ നേടിയത്, അതിൽ 72 റൺസ് ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ 4 മത്സരത്തിൽ മാത്രമാണ്. 151.3 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും രോഹിത് ശര്‍മ്മക്ക് ഉണ്ടായിരുന്നു
രോഹിത് ഇല്ലാതിരുന്ന അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ വിരാട് കോഹ്‌ലി ഓപ്പണിംഗില്‍ വന്നിരുന്നു. തന്റെ 71-ാം രാജ്യാന്തര സെഞ്ചുറിയാണ് അദ്ദേഹം ആ അവസരം മുതലാക്കി നേടിയത്.