ഇന്ത്യൻ താരങ്ങളും പ്രാർത്ഥിക്കും, പക്ഷെ മൈതാനത്ത് ഇങ്ങനെ ഷോ കാണിക്കാറില്ല. റിസ്വാന്റെ നമാസിനെതിരെ കനേറിയ.

പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ഇന്ത്യൻ ആരാധകർക്ക് മുൻപിൽ മൈതാനത്ത് നമാസ് ചെയ്തതിനെ ചോദ്യം ചെയ്ത് മുൻ പാക് താരം ഡാനിഷ് കനേറിയ രംഗത്ത്. ഡ്രസ്സിംഗ് റൂമിൽ ചെയ്യേണ്ട നമാസ് എന്തിനാണ് റിസ്വാൻ മൈതാനത്ത് ചെയ്തത് എന്നാണ് കനേറിയ ചോദിക്കുന്നത്. ഇന്ത്യൻ കളിക്കാരും പ്രാർത്ഥിക്കുന്നവരാണെന്നും, പക്ഷേ അവർ പൊതുജനങ്ങളെ കാണിക്കാൻ ഇത്തരത്തിൽ പ്രാർത്ഥിക്കുകയില്ലെന്നുമാണ് ഡാനിഷ് കനേറിയ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ പാക്കിസ്ഥാൻ ടീമിന് മതമാണ് വലുതെന്നും എല്ലാത്തിനുമൊടുവിൽ മാത്രമാണ് ക്രിക്കറ്റ് എന്നും കനേറിയ പറയുന്നു.

“നിലവിലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് മതമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന് ശേഷം അവർ അവരുടെ രാഷ്ട്രീയത്തിന് പ്രാധാന്യം നൽകുന്നു. പിന്നീട് മൂന്നാം പ്രാധാന്യമാണ് അവർ ക്രിക്കറ്റിന് നൽകുന്നത്. എന്താണ് അവരുടെ ചിന്ത എന്ന് എനിക്ക് മനസ്സിലാവുന്നില്ല. നമസ് ചെയ്യാൻ തോന്നുകയാണെങ്കിൽ അവർക്കത് ഡ്രസ്സിംഗ് റൂമിൽ ചെയ്യാവുന്നതാണ്. അത്തരം ഒരു കാര്യം എല്ലാവരുടെയും മുമ്പിൽ വെച്ച് ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്? നമ്മൾ ഇത്തരത്തിൽ പൂജകൾ ചെയ്യാറുണ്ട്. എന്നാൽ മൈതാനത്ത് ആരും തന്നെ ആരതി ഉഴിയാറില്ല. എന്താണ് നിങ്ങൾ ചിന്തിക്കുന്നത്? രോഹിത് ശർമയും വിരാട് കോഹ്ലിയും പ്രാർത്ഥിക്കുന്നില്ല എന്നാണോ? മുഹമ്മദ് ഷാമിയും മുഹമ്മദ് സിറാജും നമസ് ചെയ്യില്ല എന്നാണോ?”- കനേറിയ ചോദിക്കുന്നു.

ഇതോടൊപ്പം ഹിന്ദുവായ തനിക്ക് പാക്കിസ്ഥാൻ ടീമിൽ മുൻപ് നേരിടേണ്ടി വന്നിട്ടുള്ള മതപരമായ വെല്ലുവിളികളെ പറ്റിയും ഡാനിഷ് കനേറിയ സംസാരിക്കുകയുണ്ടായി. പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ, തങ്ങൾ നമസ് ചെയ്യുന്ന സമയത്ത് തന്നെ വിളിച്ചുണർത്താൻ ശ്രമിച്ചിരുന്നുവെന്നും ഡാനിഷ് കനേറിയ പറഞ്ഞു. “നമാസിന്റെ സമയം കൃത്യമായി അറിയിക്കാനായി എന്റെ സഹതാരങ്ങൾ അന്ന് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചിരുന്നു. ഇത് പല തവണയായപ്പോൾ എനിക്ക് വലിയ നിരാശയും ദേഷ്യവുമാണ് വന്നത്. അത്തരത്തിൽ നമാസിന്റെ സമയത്ത് എന്നെ വിളിച്ച് എഴുന്നേൽപ്പിക്കുന്നത് അവസാനിപ്പിക്കണം എന്ന് ഞാൻ അവരോട് പറഞ്ഞു. പാകിസ്ഥാൻ ടീമിൽ നിന്ന് ഇൻസമാം മാറിയതിന് ശേഷം ഇത്തരത്തിൽ ഒരുപാട് മതപരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.”- കനേറിയ കൂട്ടിച്ചേർക്കുന്നു.

ഇതിനൊപ്പം ഇന്ത്യൻ ടീമിലെ മതപരമായ ഒത്തൊരുമയെ പറ്റിയും ഡാനിഷ് കനേറിയ സംസാരിക്കുകയുണ്ടായി. “ഇന്ത്യയിൽ എല്ലാ മതത്തിലുമുള്ള ആളുകൾ വളരെ സമാധാനത്തോടെയാണ് ജീവിക്കുന്നത്. മുഹമ്മദ് ഷാമിക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകൾ വന്നപ്പോൾ വിരാട് കോഹ്ലിയായിരുന്നു പിന്തുണയുമായി ആദ്യം രംഗത്ത് വന്നത്. ഞാൻ പാക്കിസ്ഥാൻ ടീമിൽ കളിക്കുന്ന സമയത്ത് ഇത്തരം ഒരു കാര്യം സംഭവിച്ചിട്ടേയില്ല. എനിക്കായി ഒരു പാക്കിസ്ഥാൻ കളിക്കാരൻ പോലും അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. ഇന്ത്യൻ ടീമിൽ എല്ലാവരെയും തുല്യരായാണ് പരിഗണിക്കുന്നത്”- കനേറിയ പറഞ്ഞു വയ്ക്കുന്നു.

Previous articleആവേശം വാനോളം. 1 വിക്കറ്റിന് പാകിസ്ഥാനെ തോൽപിച്ച് ദക്ഷിണാഫ്രിക്ക.
Next articleഇംഗ്ലണ്ടിനെതിരെ ഷാമിയ്ക്ക് പകരം അശ്വിൻ ടീമിലേക്ക്. മികവ് പുലർത്തിയിട്ടും ഷാമിയ്ക്ക് അവഗണന??