ശ്രീലങ്കക്ക് എതിരായ ടി :20,ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ഇന്നലെ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു രോഹിത് ശർമ്മ ടെസ്റ്റ് നായകനായും എത്തുന്നുവെന്നുള്ള സന്തോഷവാർത്തക്ക് ഒപ്പം ടി :20 സ്‌ക്വാഡിൽ അടക്കം ധാരാളം പുതുമുഖ താരങ്ങൾക്ക് അവസരം ലഭിച്ചത് ഏറെ ശ്രദ്ധേയമായി. കൂടാതെ ടി :20 ടീമിലേക്ക് ഇടവേളക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ എത്തിയതും ആശ്വാസമായി. എന്നാൽ ടെസ്റ്റ് ടീമിൽ നിന്നും സീനിയർ താരങ്ങളായ രഹാനെ, പൂജാര, ഇഷാന്ത് ശർമ്മ, വൃദ്ധിമാൻ സാഹ എന്നിവർക്കെല്ലാം അവസരം നഷ്ടമായത് ഷോക്കിങ് തീരുമാനമായപ്പോൾ മോശം ഫോമിലുള്ള സീനിയർ താരങ്ങളോട് രഞ്ജി കളിക്കാനാണ് ചീഫ് സെലക്ടർ നിര്‍ദ്ദേശം നല്‍കിയത്.
എന്നാൽ തന്നെ ടെസ്റ്റ് സ്‌ക്വാഡിൽ നിന്നും പുറത്താക്കിയ തീരുമാനത്തിന് എതിരെ നിശിതമായ വിമർശനവുമായി ഇപ്പോൾ എത്തുകയാണ് വിക്കെറ്റ് കീപ്പർ സാഹ തന്നെ. ടീമിലെ ഒന്നാം വിക്കെറ്റ് കീപ്പർ റോളിൽ റിഷാബ് പന്ത് എത്തുമ്പോൾ കെ. എസ്. ഭരത് അടക്കമുള്ള താരങ്ങളെ കീപ്പർ റോളിൽ അവസരങ്ങൾ നൽകി വളർത്തിയെടുക്കാനാണ് ഇന്ത്യൻ ടീം ഹെഡ് കോച്ചായ ദ്രാവിഡ് പ്ലാൻ. തന്നെ ഒഴിവാക്കിയത് ഷോക്കിങ് എന്നാണ് സാഹ പറഞ്ഞത്. സൗത്താഫ്രിക്കൻ പര്യടനത്തിന് പിന്നാലെ തന്നോട് ഉടൻ വിരമിക്കാൻ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡ് ആവശ്യം ഉന്നയിച്ചതായി പറഞ്ഞ സാഹ പോരാടാൻ തന്നെയാണ് തന്റെ തീരുമാനമെന്നും വിശദമാക്കി. എന്നാൽ 37കാരനായ സാഹക്ക് ഇനി ടീമിലേക്ക് അവസരം ലഭിക്കുമോയെന്നത് ഏറെ സംശയമാണ്.
“എന്നോട് രാഹുൽ ദ്രാവിഡ് സാർ ഭാവി പരമ്പരകളിൽ എന്നെ പരിഗണിക്കില്ല എന്ന കാര്യം പറഞ്ഞിരുന്നു. ബെറ്റർ ഓപ്ഷനായി വിരമിക്കൽ പരിഗണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നേരത്തെ കാൻപൂർ ടെസ്റ്റിൽ ഞാൻ അർദ്ധ സെഞ്ച്വറിയുമായി പൊരുതിയപ്പോൾ എനിക്ക് വാട്ട്‌സാപ്പ് സന്ദേശത്തിൽ കൂടി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അഭിനന്ദനം അറിയിച്ചിരുന്നു. താൻ ബിസിസിഐ പ്രസിഡന്റ് പോസ്റ്റിൽ ഉള്ള കാലത്തോളം ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എങ്കിലും ഇപ്പോൾ കാര്യങ്ങൾ എങ്ങനെ മാറിയെന്ന് എനിക്ക് അറിയില്ല “സാഹ തുറന്നടിച്ചു.