2023 ഏകദിന ലോകകപ്പിൽ വീണ്ടും അട്ടിമറി നടത്തി നെതർലൻഡ്സ് ടീം. ഇത്തവണ ബംഗ്ലാ കടുവകളെയാണ് നെതർലാൻഡ്സിന്റെ പട തുരത്തിയോടിച്ചത്. ആവേശകരമായ മത്സരത്തിൽ 87 റൺസിന്റെ വിജയമാണ് നെതർലൻഡ്സ് സ്വന്തമാക്കിയത്. നായകൻ സ്കോട്ട് എഡ്വാർഡ്സിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനവും ചിട്ടയായ ബോളിംഗ് പ്രകടനവുമാണ് ഡച്ച് പടയെ മത്സരത്തിൽ ഈ വമ്പൻ വിജയത്തിലെത്തിച്ചത്. മുൻപ് ദക്ഷിണാഫ്രിക്കൻ ടീമിനെ അട്ടിമറിച്ച് ഡച്ച് പട ഏകദിന ലോകകപ്പിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ ബംഗ്ലാ കടുവകളെയും പരാജയപ്പെടുത്തി വലിയ പ്രസ്താവന തന്നെയാണ് നെതർലാൻഡ്സ് നടത്തിയിരിക്കുന്നത്.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നില്ല നെതർലൻഡ്സിന് ലഭിച്ചത്. ഓപ്പണർമാരെ നെതർലാൻഡ്സിന് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ ബരേസി ക്രീസിൽ ഉറക്കുകയായിരുന്നു. നെതർലൻഡ്‌സിനെ വലിയ അപകടത്തിൽ നിന്ന് കരകയറ്റാനാണ് ബരേസി ശ്രമിച്ചത്. ബരെസി 41 പന്തുകളിൽ 41 റൺസ് നേടി. എന്നാൽ ഡച്ചു പട 63ന് 4 എന്ന നിലയിൽ കൂപ്പുകുത്തി. ഈ സമയത്താണ് നായകൻ എഡ്വാർഡ്സ് ക്രീസിലെത്തിയത്. കഴിഞ്ഞ മത്സരങ്ങളിലേതു പോലെ തന്നെ എഡ്വാർഡ്സ് ഈ മത്സരത്തിലും ക്രീസിൽ ഉറക്കുകയുണ്ടായി. ആദ്യ സമയങ്ങളിൽ എഡ്വാർഡ്സ് അപകടം ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
മത്സരത്തിൽ 89 പന്തുകൾ നേരിട്ട എഡ്വാർഡ്സ് 68 റൺസാണ് സ്വന്തമാക്കിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് നെതർലൻഡ്സിന് ഭേദപ്പെട്ട ഒരു സ്കോർ നൽകാനാണ് എഡ്വാർഡ്സ് ശ്രമിച്ചത്m ഇങ്ങനെ നെതർലാൻഡ്സ് 229 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. ആദ്യ കാഴ്ചയിൽ 230 എന്ന വിജയലക്ഷ്യം അത്ര വലുതായി തോന്നിയില്ല ബംഗ്ലാദേശിന്. എന്നാൽ എല്ലാത്തരം പോരാട്ട വീര്യത്തോടെയുമാണ് നെതർലൻഡ്സ് ബോളിങ്ങിനായി മൈതാനത്ത് എത്തിയത്. തുടക്കം മുതൽ കൃത്യമായ രീതിയിൽ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ വീഴ്ത്താൻ നെതർലൻഡ്സിന്റെ ബോളിങ് നിരയ്ക്ക് സാധിച്ചു. ലിറ്റൻ ദാസിനെ കൂടാരം കയറ്റി ആര്യൻ ദത്താണ് വിക്കറ്റ് വേട്ട ആരംഭിച്ചത്.
പിന്നീട് മെഹ്ദി ഹസൻ മിറാസ് 35 റൺസുമായി ബംഗ്ലാദേശിനായി ക്രീസിൽ ഉറച്ചിരുന്നു. പക്ഷേ കൃത്യമായ സമയത്ത് മിറാസിനെ പുറത്താക്കി നെതർലാൻഡ്സ് ആധിപത്യം സ്ഥാപിച്ചു. തൊട്ടു പിന്നാലെ വാൻ മീക്കരൻ തുടർച്ചയായി വിക്കറ്റുകൾ നേടി പൂർണ്ണമായും ബംഗ്ലാദേശിനെ സമ്മർദ്ദത്തിലാക്കി. ഇതോടെ ബംഗ്ലാദേശ് 70ന് 6 എന്ന നിലയിൽ തകരുകയായിരുന്നു. എപ്പോഴും അവരുടെ രക്ഷകനായി എത്തുന്ന മഹ്മൂദുള്ള അല്പം പൊരുതിയെങ്കിലും ഡച്ച് വീരത്തിനു മുൻപിൽ അടിയറവ് പറഞ്ഞു. ഇതോടെ മത്സരത്തിൽ നെതർലൻഡ്സ് വിജയത്തിലേക്ക് കുതിച്ചു. മത്സരത്തിൽ 87 റൺസിന്റെ വിജയമാണ് നെതർലാൻഡ്സ് സ്വന്തമാക്കിയത്.