വീണ്ടും ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലാൻഡ്സ് പട. 2022 ട്വന്റി20 ലോകകപ്പിൽ സ്വപ്നതുല്യമായ രീതിയിൽ ആയിരുന്നു ദക്ഷിണാഫ്രിക്കയെ നെതർലാൻഡ്സ് അട്ടിമറിച്ചത്. ശേഷം 2023 ഏകദിന ലോകകപ്പിലും സമാനമായ രീതിയിൽ അവിശ്വസനീയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡച്ച് പട. ആവേശം നിറഞ്ഞ മത്സരത്തിൽ 38 റൺസിന്റെ വിജയമാണ് നെതർലാൻഡ്സ് സ്വന്തമാക്കിയത്. 246 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക 207 റണ്‍സില്‍ എല്ലാവരും പുറത്തായി.
നെതർലൻഡ്സിനായി ബാറ്റിംഗിൽ നായകൻ എഡ്വാർഡ്സ് ആണ് വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്. ഇതിനൊപ്പം ബോളർമാർ കൂടി നിലവാരത്തിനൊത്ത് ഉയർന്നതോടെ മത്സരത്തിൽ നെതർലൻഡ്സ് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ചരിത്രവിജയം നേടിയ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചിരിക്കുകയാണ് നെതർലൻഡ്സ് ഈ വിജയത്തിലൂടെ.
മഴമൂലം 43 ഓവറുകളായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്ക സമയത്ത് കാണാൻ സാധിച്ചത് ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ ആധിപത്യം തന്നെയായിരുന്നു. നെതർലാൻഡ്സ് മുൻനിരയെ ചുരുട്ടി കെട്ടാൻ ദക്ഷിണാഫ്രിക്കയുടെ പേസർമാർക്ക് സാധിച്ചു. ഒരു സമയത്ത് 50ന് 4 എന്ന നിലയിൽ നെതർലാൻഡ്സ് തകരുകയുണ്ടായി. ശേഷം ചെറിയ കൂട്ടുകെട്ടുകൾ സ്ഥാപിക്കപ്പെട്ടെങ്കിലും നെതർലൻഡ്സ് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നില്ല. ഇന്നിങ്സിലെ 34ആം ഓവർ അവസാനിക്കുമ്പോൾ 140ന് 7 എന്ന നിലയിലായിരുന്നു നെതർലാൻഡ്സ്. എന്നാൽ പിന്നീട് കാണാൻ സാധിച്ചത് ഒരു വെടിക്കെട്ട് തന്നെയാണ്.
തങ്ങളുടെ നായകൻ എഡ്വാർട്സാണ് നെതർലാൻഡ്സിന് പുത്തനുണർവ് നൽകിയത്. ദക്ഷിണാഫ്രിക്കൻ ബോളർമാരെ ഇന്നിംഗ്സിന്റെ അവസാന സമയങ്ങളിൽ അടിച്ചൊതുക്കാൻ എഡ്വാർട്സിന് സാധിച്ചു. ഒരു നായകന്റെ ഇന്നിംഗ്സാണ് എഡ്വാർട്സ് മത്സരത്തിൽ കാഴ്ചവച്ചത്. 69 പന്തുകൾ നേരിട്ട എഡ്വാർട്സ് 10 ബൗണ്ടറികളും ഒരു സിക്സറുമടക്കം 78 റൺസ് നേടി.
ഒപ്പം 19 പന്തുകളില്‍ 29 റൺസ് നേടിയ വാൻ ഡർ മെർവെയും, 9 പന്തുകളിൽ 23 റൺസ് നേടിയ ആര്യൻ ദത്തും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ നെതർലൻഡ്സ് 245ന് 8 എന്ന ശക്തമായ നിലയിൽ എത്തുകയായിരുന്നു. എന്നിരുന്നാലും ശക്തമായ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരക്ക് മുൻപിൽ ഇതൊരു ചെറിയ വിജയലക്ഷ്യമായാണ് എല്ലാവരും കരുതിയത്. പക്ഷേ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഞെട്ടിക്കാൻ നെതർലൻഡ്സിന് സാധിച്ചു.
ദക്ഷിണാഫ്രിക്കൻ മുൻനിരയെ തങ്ങളുടെ സ്പിൻ തന്ത്രങ്ങളിൽ വീഴ്ത്താൻ നെതർലാൻഡ്സ് ശ്രമിക്കുകയായിരുന്നു. ഇതോടെ മുൻനിരയിൽ നായകൻ ബാവുമയും(16) ഡികോക്കും(20) അടക്കമുള്ളവർ കൂടാരം കയറി. മത്സരത്തിൽ 44ന് 4 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക തകർന്നു വീണു. ശേഷം ക്ലാസനും മില്ലറുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി അല്പസമയം പിടിച്ചുനിന്നത്
ക്ലാസൺ മത്സരത്തിൽ 28 റൺസ് നേടിയപ്പോൾ, മില്ലർ 43 റൺസുമായി പൊരുതി. എന്നാൽ കൃത്യമായ ഇടവേളകളിൽ ഇരുവരുടെയും വിക്കറ്റുകൾ സ്വന്തമാക്കാൻ ഡച്ച് പടയ്ക്കു സാധിച്ചു. ഇതോടെ മത്സരത്തിൽ ഒരു ആവേശകരമായ വിജയം നെതർലൻഡ്സ് സ്വന്തമാക്കുകയായിരുന്നു.