വാങ്കഡെയിൽ ഇന്ത്യൻ വെടിക്കെട്ട്.. കോഹ്ലി- അയ്യർ തൂക്കിയടിയിൽ ഇന്ത്യ നേടിയത് 397 റൺസ്..

New Project

2023 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. നിർണായകമായ മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 397 റൺസാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഇത്തരം ഒരു ശക്തമായ സ്കോർ നൽകിയത്. മത്സരത്തിൽ ഇന്ത്യക്കായി ശുഭമാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർ മികവാർന്ന ബാറ്റിംഗ് പുറത്തെടുത്തു. മത്സരത്തിൽ കോഹ്ലിയും ശ്രേയസ് അയ്യരും തകർപ്പൻ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. എന്തായാലും സെമിഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ബാറ്റിംഗ് പ്രകടനമാണ് ഉണ്ടായിരിക്കുന്നത്.

നിർണായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ന്യൂസിലാൻഡ് ബോളർമാരെ ആക്രമിച്ചാണ് രോഹിത് തുടങ്ങിയത്. പവർപ്ലേ ഓവറുകളിൽ തന്നെ ന്യൂസിലാൻഡിനുമേൽ സമ്മർദ്ദം ഏൽപ്പിക്കാൻ രോഹിത് ശ്രമിച്ചു. മത്സരത്തിൽ 29 പന്തുകളിൽ 47 റൺസ് ആണ് ഇന്ത്യൻ നായകൻ നേടിയത്. ഒപ്പം മറ്റൊരു ഓപ്പണറായ ഗില്ലും ക്രീസിലുറച്ചതോടെ ന്യൂസിലാന്റിന്റെ തന്ത്രങ്ങൾ പാളുകയായിരുന്നു. വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും ഇന്ത്യക്കായി രണ്ടാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. 79 റൺസ് നേടിയ ഗിൽ പരിക്ക് മൂലം കൂടാരം കയറുകയായിരുന്നു.

Read Also -  സഞ്ജുവിന് പകരം ദുബെയെ ഉൾപെടുത്തിയത് വിഡ്ഢിത്തം. വിമർശനവുമായി മുൻ ഇന്ത്യൻ താരം.

ശേഷമെത്തിയ ശ്രേയസ് അയ്യരും നല്ല പ്രകടനം മധ്യ ഓവറുകളിൽ പുറത്തെടുത്തതോടെ ഇന്ത്യൻ സ്കോർ കുതിക്കാൻ തുടങ്ങി. കോഹ്ലി 106 പന്തുകളിൽ നിന്നായിരുന്നു തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 113 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 117 റൺസ് കോഹ്ലി നേടി. കോഹ്ലിയുടെ ഏകദിന കരിയറിലെ അമ്പതാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. ഇതോടെ സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡ് മറികടക്കാനും കോഹ്ലിയ്ക്ക് സാധിച്ചു. കോഹ്ലി പുറത്തായ ശേഷം ശ്രേയസ് അയ്യരുടെ ഒരു ആറാട്ടാണ് കാണാൻ സാധിച്ചത്. സ്റ്റേഡിയത്തിൽ സിക്സർ മഴപെയ്യിച്ച് ശ്രേയസ് അയ്യർ അത്ഭുതം കാട്ടുകയായിരുന്നു.

മത്സരത്തിൽ 67 പന്തുകളിൽ നിന്നാണ് ശ്രേയസ് തന്റെ കിടിലൻ സെഞ്ചുറി പൂർത്തീകരിച്ചത്. അവസാന ഓവറുകളിൽ ശ്രേയസ് തീയായി മാറിയപ്പോൾ ന്യൂസിലാൻഡിന് ഉത്തരമില്ലായിരുന്നു. മത്സരത്തിൽ 70 പന്തുകളിൽ 105 റൺസാണ് ശ്രേയസ് അയ്യർ സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെട്ടു. ഇങ്ങനെ ഇന്ത്യയുടെ സ്കോർ നിശ്ചിത 50 ഓവറുകളിൽ 397 റൺസിൽ എത്തുകയായിരുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. സെമിഫൈനലിന്റെ സമ്മർദ്ദത്തിൽ ന്യൂസിലാൻഡിന് ഇത്ര വലിയൊരു സ്കോർ മറികടക്കാൻ സാധിക്കുമോ എന്നത് വലിയ ചോദ്യചിഹ്നമാണ്.

Scroll to Top