ക്ലാസൻ അറ്റാക്കിൽ ദക്ഷിണാഫ്രിക്ക. 229 റൺസിന്റെ കൂറ്റൻ വിജയം.

20231021 205624

ഏകദിന ലോകകപ്പിലെ 20ആം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തുരത്തിയോടിച്ച് ദക്ഷിണാഫ്രിക്ക. മത്സരത്തിൽ 229  റൺസിന്റെ കൂറ്റൻ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ 399 എന്ന വമ്പൻ സ്കോർ ആയിരുന്നു ദക്ഷിണാഫ്രിക്ക തങ്ങളുടെ ആദ്യ ഇന്നിങ്സിൽ നേടിയത്. ദക്ഷിണാഫ്രിക്കക്കായി സെഞ്ചുറി നേടിയ ക്ലാസനും, മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത റിസാ ഹെൻട്രിക്സുമാണ് തിളങ്ങിയത്. ഇവർക്കൊപ്പം തങ്ങളുടെ ബോളർമാരും നിലവാരത്തിനൊത്ത് ഉയർന്നതോടുകൂടി ദക്ഷിണാഫ്രിക്ക അനായാസം മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

വാങ്കഡെയിലെ പിച്ചിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡികോക്കിനെ(4) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഉഗ്രൻ തുടക്കം തന്നെയാണ് ഹെൻട്രിക്സും വാൻ ഡർ ഡസനും നൽകിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. ഹെൻട്രിക്സ് 75 പന്തുകളിൽ നിന്ന് 9 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 85 റൺസാണ് നേടിയത്. വാൻ ഡർ ഡസൻ 61 പന്തുകളിൽ 8 ബൗണ്ടറികളടക്കം 60 റൺസ് നേടി. എന്നാൽ ഇതിനുശേഷം ദക്ഷിണാഫ്രിക്ക ചെറിയതോതിൽ തകരുകയുണ്ടായി. പിന്നീട് ആറാം വിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കായി ക്ലാസനും മാർക്കോ യാൻസനും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തു.

ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 151 റൺസാണ് കൂട്ടിച്ചേർത്തത്. ക്ലാസൻ മത്സരത്തിൽ 67 പന്തുകളിൽ 12 ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 109 റൺസ് നേടുകയുണ്ടായി. 42 പന്തുകളിൽ 3 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 75 റൺസാണ് നേടിയത്. ഇരുവരുടെയും മികച്ച ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 50 ഓവറുകളിൽ 399 എന്ന കൂറ്റൻ സ്കോറിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽ തന്നെ പതറി. ഇംഗ്ലണ്ട് നിരയിലെ ഒരു ബാറ്റർക്ക് പോലും കൃത്യമായി ക്രീസിലുറയ്ക്കാൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തിന് മുൻപിൽ ഇംഗ്ലണ്ട് അടിപതറുകയായിരുന്നു.

Read Also -  കിവികളെ തുരത്തിയടിച്ച് അഫ്ഗാൻ ഫയർ🔥🔥 84 റൺസിന്റെ വമ്പൻ വിജയം

ഒമ്പതാമനായി എത്തിയ അറ്റ്കിൻസനും(35) പത്താമനായെത്തിയ മാർക്ക് വുഡുമാണ്(43) ഇംഗ്ലണ്ടിനായി അല്പമെങ്കിലും പിടിച്ചുനിന്നത്. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കായി പേസർമാരൊക്കെയും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. പേസർ കൊയെറ്റ്സി 3 വിക്കറ്റുകളും, മാർക്കോ യാൻസൺ, ലുങ്കി എങ്കിടി എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി മത്സരത്തിൽ മികവുപുലർത്തി. ഇങ്ങനെ മത്സരത്തിൽ 229 റൺസിന്റെ കൂറ്റൻ പരാജയം ഇംഗ്ലണ്ട് ഏറ്റുവാങ്ങുകയായിരുന്നു. ടൂർണമെന്റിന്റെ ഫേവറേറ്റ്സുകളായി ഇന്ത്യൻ മണ്ണിലെത്തിയ ഇംഗ്ലണ്ടിനെറ്റ കനത്ത തിരിച്ചടി തന്നെയാണ് മത്സരത്തിലെ പരാജയം. വരും മത്സരത്തിൽ മികവു പുലർത്തി തിരിച്ചുവരാനാണ് ഇംഗ്ലണ്ട് ഇനി ശ്രമിക്കേണ്ടത്.

Scroll to Top