പാകിസ്ഥാനെ താഴെയിറക്കി അഫ്ഗാൻ ടീം. ഡച്ച് പടയെ തോൽപിച്ച് അഞ്ചാം സ്ഥാനത്തേക്ക്.

F An0TxWQAA2jxA scaled

നെതർലാൻഡ്സിനെതിരായ മത്സരത്തിൽ ഒരു സൂപ്പർ വിജയം നേടി തങ്ങളുടെ സെമി സാധ്യതകൾ നിലനിർത്തി അഫ്ഗാനിസ്ഥാൻ. മത്സരത്തിൽ 7 വിക്കറ്റിന്റെ പടുകൂറ്റൻ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. 18. 3 ഓവറുകൾ ബാക്കി നിൽക്കവേയായിരുന്നു അഫ്ഗാനിസ്ഥാന്റെ ഈ തകർപ്പൻ വിജയം. ഈ വിജയത്തോടെ പോയ്ന്റ്സ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടുണ്ട്. പാകിസ്താൻ ടീമിനെ പിന്തള്ളിയാണ് അഫ്ഗാനിസ്ഥാൻ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അവസാന രണ്ട് മത്സരങ്ങളിൽ വിജയം കാണാൻ സാധിച്ചാൽ അഫ്ഗാനിസ്ഥാന് 2023 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ എത്താൻ സാധിക്കും. മത്സരത്തിൽ അഫ്ഗാനിസ്ഥാനായി ബോളിംഗിൽ തിളങ്ങിയത് മുഹമ്മദ് നബിയായിരുന്നു. ബാറ്റിംഗിൽ മുൻനിര ബാറ്റർമാരൊക്കെയും മികവ് പുലർത്തിയപ്പോൾ അഫ്ഗാൻ വിജയം കണ്ടു.

മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിര ബാറ്റർമാരൊക്കെയും നെതർലൻഡ്സിനായി തരക്കേടില്ലാത്ത തുടക്കം നൽകുകയുണ്ടായി. ഓപ്പൺ മാക്സ് ഒഡൗഡ് 40 പന്തുകളിൽ 42 റൺസുമായി മികവ് പുലർത്തി. 29 റൺസ് നേടി അക്കർമാനും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. പിന്നാലെ നാലാമനായി ക്രീസിലെത്തിയ എങ്കൽബ്രറ്റ് 86 പന്തുകളിൽ 58 റൺസ് ആണ് മത്സരത്തിൽ നേടിയത്. ഇതോടെ നെതർലാൻഡ്സ് മികച്ച സ്കോറിലെത്തും എന്ന് എല്ലാവരും കരുതി. പക്ഷേ അവിടെ നിന്ന് അഫ്ഗാനിസ്ഥാൻ ബോളിങ്‌ നിരയുടെ ഒരു തകർപ്പൻ തിരിച്ചുവരവാണ് കണ്ടത്. മുഹമ്മദ് നബി അടക്കമുള്ള ബോളർമാർ നെതർലൻഡ്സിനെ വരിഞ്ഞു മുറുകുകയായിരുന്നു.

Read Also -  അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

92ന് 2 എന്ന നിലയിൽ നിന്ന് നെതർലാൻഡ്സ്, 179 റൺസിൽ ഓൾഔട്ട് ആവുകയുണ്ടായി. മത്സരത്തിൽ 28 റൺസ് മാത്രം വിട്ടു നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് നബി മികച്ച പ്രകടനം പുറത്തെടുത്തു. 31 റൺസ് വിട്ടുനൽകി 2 വിക്കറ്റുകൾ നേടി നൂർ അഹമ്മദും മുഹമ്മദ് നബിക്ക് പിന്തുണ നൽകി. 180 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് വളരെ സൂക്ഷ്മതയോടെയാണ് അഫ്ഗാനിസ്ഥാൻ ബാറ്റ് വീശിയത്. ഓപ്പണർ ഗുർബാസിനെയും(10) സദ്രാനെയും(20) തുടക്കത്തിൽ നഷ്ടമായെങ്കിലും മൂന്നാമനായെത്തിയ റഹ്മത്ത് ക്രിസിൽ ഉറക്കുകയുണ്ടായി. കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് റഹ്മത്ത് കളിച്ചത്. മത്സരത്തിൽ 54 പന്തുകൾ നേരിട്ട റഹ്മത്ത് 8 ബൗണ്ടറുകളടക്കം 52 റൺസ് ആണ് നേടിയത്.

റഹ്മത്തിനൊപ്പം നായകൻ ഷാഹിദിയും(56*) അസ്മത്തുള്ളയും(31*) അഫ്ഗാനിസ്ഥാനായി മികവ് പുലർത്തിയപ്പോൾ ടീം അനായാസം വിജയം കൈയടക്കുകയായിരുന്നു. ഈ വിജയത്തോടെ അഫ്ഗാനിസ്ഥാൻ പോയിന്റ്സ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. വരും മത്സരങ്ങളിൽ വിജയം നേടിയാൽ മാത്രമേ അഫ്ഗാനിസ്ഥാന് സെമി ഫൈനലിലെത്താൻ സാധിക്കൂ. എന്നാൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ വമ്പൻ ടീമുകൾക്കെതിരെയാണ് അഫ്ഗാനിസ്ഥാന്റെ വരും മത്സരങ്ങൾ നടക്കുന്നത്. എന്നിരുന്നാലും മികച്ച പ്രകടനങ്ങളോടെ സെമിഫൈനൽ പ്രതീക്ഷകൾ പുലർത്തുകയാണ് അഫ്ഗാനിസ്ഥാൻ.

Scroll to Top