ഹാർദിക് പാണ്ട്യയുടെ അഭാവത്തിൽ ഇന്ത്യയ്ക്ക് പുതിയ വൈസ് ക്യാപ്റ്റൻ. ബുമ്രയെ പരിഗണിക്കാതെ ഇന്ത്യ.

2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം ഇന്ന് ഈഡൻ ഗാർഡൻസിൽ നടക്കുകയാണ്. ടൂർണമെന്റിലുടനീളം വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരെ ആവേശ പോരാട്ടത്തിന് ഇറങ്ങുമ്പോൾ വളരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് പുറത്തുവന്നത്.

ഇന്ത്യയുടെ പ്രധാന ഓൾറൗണ്ടറായ ഹർദിക് പാണ്ഡ്യ പരിക്ക് മൂലം സ്ക്വാഡിൽ നിന്ന് പുറത്തായി എന്ന റിപ്പോർട്ടുകൾ പുറത്തു വരികയുണ്ടായി. ഇന്ത്യൻ ടീമിലെ ഉപ നായകനായിരുന്ന പാണ്ട്യയുടെ അഭാവം ഇന്ത്യയെ മത്സരത്തിൽ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. പേസർ പ്രസീദ് കൃഷ്ണയെയാണ് ബിസിസിഐ ഹർദിക് പാണ്ട്യയുടെ പകരക്കാരനായി സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല പാണ്ട്യയുടെ അഭാവത്തിൽ പുതിയ ഉപ നായകനെയും ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്.

വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിനെയാണ് ഇന്ത്യ പാണ്ട്യയുടെ അഭാവത്തിൽ ഇനി വരുന്ന മത്സരങ്ങളിലേക്കായി ഉപനായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇനി ഇന്ത്യയ്ക്ക് സെമിഫൈനലിന് മുൻപ് 2 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഈ മത്സരങ്ങളിലടക്കം രാഹുലായിരിക്കും ഇന്ത്യൻ ടീമിന്റെ ഉപനായകനായി തുടരുക. ബിസിസിഐയാണ് ഈ വിവരം പുറത്തുവിട്ടത്.

“ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഉപനായകനായി രാഹുലിനെ ബിസിസിഐ തിരഞ്ഞെടുത്തിരിക്കുകയാണ്. ശനിയാഴ്ച രാവിലെ തന്നെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഇതേ സംബന്ധിച്ചുള്ള വിവരങ്ങൾ രാഹുലിന് കൈമാറിയിട്ടുണ്ട്. നിലവിൽ അജിത്ത് അഗാർക്കർ ടീമിനൊപ്പം തന്നെ യാത്ര ചെയ്യുകയാണ്.”- ഒരു ബിസിസിഐ ഒഫീഷ്യൽ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

പേസർ ജസ്പ്രീറ്റ് ബുമ്രയെയും ഇന്ത്യ ഉപനായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ഒരു വിക്കറ്റ് കീപ്പർ എന്ന മുൻതൂക്കം കൂടി കണക്കിലെടുത്താണ് രാഹുലിനെ ഇന്ത്യ ഉപനായകനായി നിശ്ചയിച്ചത്. മുൻപ് ബംഗ്ലാദേശിനെതിരായ ലീഗ് മത്സരത്തിനിടെ ആയിരുന്നു ഹർദിക് പാണ്ട്യയ്ക്ക് പരിക്കേറ്റത്. എന്നാൽ പാണ്ഡ്യ സെമിഫൈനൽ മത്സരങ്ങളിൽ തിരികെ വരുമെന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. പക്ഷേ പരിക്കിൽ വലിയ പുരോഗതികളില്ലാത്ത സാഹചര്യത്തിലാണ് ഹർദിക് പാണ്ട്യയെ ഇപ്പോൾ ഒഴിവാക്കാൻ ഇന്ത്യ തീരുമാനിച്ചത്.

എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് ഹർദിക് പാണ്ട്യയുടെ അഭാവം. എന്നിരുന്നാലും കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മറ്റു ബാറ്റർമാർ മികവ് പുലർത്തിയത് ഇന്ത്യയെ സഹായിച്ചിരുന്നു. വരും മത്സരങ്ങളിലും ഒരു ടീമെന്ന നിലയിൽ ഇന്ത്യയ്ക്കും മികവ് പുലർത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. ദക്ഷിണാഫ്രിക്കക്കെതിരെ കടുത്ത പോരാട്ടം തന്നെയാവും ഇന്ന് ഈഡൻ ഗാർഡൻസിൽ നടക്കുന്നത്.