സച്ചിനെ റൺവേട്ടയിൽ തകർത്ത് വിരാട് കോഹ്ലി. തകര്‍പ്പന്‍ റെക്കോഡ് സ്വന്തം.

20231115 164815

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിനിടെ ഒരു വെടിക്കെട്ട് റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി. ഒരു ഏകദിന ലോകകപ്പ് എഡിഷനിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് വിരാട് കോഹ്ലി മറികടന്നത്. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു മുൻപ് ഈ റെക്കോർഡിന് ഉടമ. എന്നാൽ 2023 ഏകദിന ലോകകപ്പിലെ സ്വപ്ന റണ്ണോട് കൂടി ഈ തകർപ്പൻ ബഹുമതി സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് കോഹ്ലി. ഇതുവരെ ഈ ലോകകപ്പിൽ 10 ഇന്നിങ്സുകൾ കളിച്ച കോഹ്ലി 674 റൺസാണ് നേടിയിട്ടുള്ളത്. 112 എന്ന വമ്പൻ ശരാശരിയിലാണ് കോഹ്ലി ഈ റെക്കോർഡ് സ്വന്തമാക്കിയത്.

മുൻപ് സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു ഈ റെക്കോർഡ് വഹിച്ചിരുന്നത്. സച്ചിൻ 2003ലെ ഏകദിന ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 673 റൺസാണ് നേടിയിരുന്നത്. 61.18 എന്ന ശരാശരിയിൽ ആയിരുന്നു സച്ചിന്റെ ഈ റെക്കോർഡ് വേട്ട. 2007 ലോകകപ്പിൽ 10 ഇന്നിംഗ്സുകളിൽ നിന്ന് 659 റൺസ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ മുൻ താരം മാത്യു ഹെയ്ഡനാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.

 101 എന്ന ശരാശരിയിൽ ആയിരുന്നു ഹെയ്ഡൻ റൺസ് കണ്ടെത്തിയത്. ഇന്ത്യയുടെ നിലവിലെ നായകൻ രോഹിത് ശർമയാണ് ലിസ്റ്റിൽ നാലാമൻ. 2019 ഏകദിന ലോകകപ്പിൽ 9 ഇന്നിങ്സുകളിൽ നിന്ന് 648 റൺസായിരുന്നു രോഹിത് ശർമ സ്വന്തമാക്കിയത്. ഈ ബാറ്റർമാരെ എല്ലാവരെയും മറികടന്നാണ് കോഹ്ലി 2023ൽ ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

Read Also -  ത്രോ സ്റ്റമ്പിൽ കൊണ്ടപ്പോൾ ബെയർസ്റ്റോ എയറിൽ. പക്ഷെ നോട്ട്ഔട്ട്‌. കാരണം ഇതാണ്.

ടൂർണമെന്റ്ലുടനീളം ഇന്ത്യക്കായി മികച്ച ഇന്നിങ്സുകൾ കെട്ടിപ്പടുക്കാൻ കോഹ്ലിക്ക് സാധിച്ചു. ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലും ഒരു തകർപ്പൻ പ്രകടനം തന്നെയായിരുന്നു കോഹ്ലി കാഴ്ചവച്ചത്. നിർണായകമായ സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ഒരു വെടിക്കെട്ട് തുടക്കം തന്നെയാണ് നായകൻ രോഹിത് ശർമ മത്സരത്തിൽ നൽകിയത്. രോഹിത് മത്സരത്തിൽ 29 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 47 റൺസ് സ്വന്തമാക്കുകയുണ്ടായി. രോഹിത് പുറത്തായ ശേഷമായിരുന്നു കോഹ്ലി ക്രീസിൽ എത്തിയത്.

തന്റെ ഇന്നിംഗ്സിന്റെ ആദ്യസമയത്ത് സിംഗിളുകൾ നേടിയാണ് കോഹ്ലി മുന്നോട്ടുപോയത്. ശുഭമാൻ ഗില്ലുമൊത്ത് രണ്ടാം വിക്കറ്റിൽ നല്ലൊരു കൂട്ടുകെട്ട് കോഹ്ലി കെട്ടിപ്പടുക്കുകയുണ്ടായി. ശേഷം ഗിൽ(79) പരിക്ക് മൂലം മൈതാനം വിട്ടെങ്കിലും കോഹ്ലി തന്റെ ഇന്നിംഗ്സ് മികച്ച രീതിയിൽ പടുത്തുയർത്തുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയെ ഒരു ശക്തമായ നിലയിൽ എത്തിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. മറുവശത്ത് വാങ്കഡെ പിച്ചിൽ ന്യൂസിലാൻഡിന്റെ ബോളർമാർ അങ്ങേയറ്റം ബുദ്ധിമുട്ടുന്നതാണ് മത്സരത്തിലുടനീളം കണ്ടത്.

Scroll to Top