❛തല❜യെടുപ്പോടെ കംഗാരുക്കള്‍. വിശ്വ കിരീടം ചൂടി ഓസ്ട്രേലിയ

head and lambuschane

2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് ഇന്ത്യ. മത്സരത്തിൽ 6 വിക്കറ്റുകളുടെ ദയനീയമായ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇതോടെ ഓസ്ട്രേലിയ 2023 ലോകകപ്പിലെ ചാമ്പ്യൻമാരായി മാറിയിട്ടുണ്ട്. ടൂർണമെന്റിലെ 10 മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടിയായിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്.

എന്നാൽ വളരെ നിരാശാജനകമായ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യ കാഴ്ചവച്ചത്. മത്സരത്തിൽ ട്രാവസ് ഹെഡാണ് ഓസ്ട്രേലിയക്കായി ബാറ്റിംഗിൽ തിളങ്ങിയത്. മിച്ചർ സ്റ്റാർക്ക് ബോളിങ്ങിൽ മികവ് പുലർത്തി. ഓസ്ട്രേലിയയുടെ ആറാം ഏകദിന ലോകകപ്പ് കിരീടമാണിത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി മികച്ച തുടക്കം തന്നെയാണ് നായകൻ രോഹിത് ശർമ നൽകിയത്. എന്നാൽ മറുവശത്ത് ഓപ്പണർ ഗില്ലിന്റെ(4) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. മത്സരത്തിൽ രോഹിത് 31 പന്തുകളിൽ 47 റൺസാണ് നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ കോഹ്ലി 63 പന്തുകളിൽ 54 റൺസും സ്വന്തമാക്കി.

എന്നാൽ ഇരുവരും കൂടാരം കയറിയതിനു ശേഷം ഇന്ത്യ അങ്ങേയറ്റം ബുദ്ധിമുട്ടുന്നതാണ് കണ്ടത്. കെഎൽ രാഹുൽ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഓസ്ട്രേലിയൻ ബോളർമാർക്ക് മുന്നിൽ സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. മത്സരത്തിൽ 107 പന്തുകൾ നേരിട്ട രാഹുൽ 66 റൺസാണ് നേടിയത്.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

പിന്നീടെത്തിയ ബാറ്റർമാർക്ക് ഒന്നും മത്സരത്തിൽ തിളങ്ങാനായില്ല. ഇതോടെ ഇന്ത്യയുടെ ഇന്നിങ്സ് കേവലം 240 റൺസിൽ അവസാനിക്കുകയായിരുന്നു. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകൾ സ്വന്തമാക്കി മികവു പുലർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്കും അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.

തങ്ങളുടെ സ്റ്റാർ ബാറ്റർ ഡേവിഡ് വാർണറിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഒരുവശത്ത് ട്രാവിസ് ഹെഡ് ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മറുവശത്ത് മിച്ചൽ മാർഷിന്റെയും സ്റ്റീവ് സ്മിത്തിന്റെയും വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായതോടെ ഓസ്ട്രേലിയ 47ന് 3 എന്ന നിലയിൽ തകർന്നിരുന്നു.

ശേഷം ഹെഡും ലബുഷൈനും(58*) ചേർന്ന ഓസ്ട്രേലിയയെ കൈപിടിച്ചു കയറ്റുന്നതാണ് കണ്ടത്. നാലാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തു. ഇതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. ഇന്ത്യ തങ്ങളുടെ മുഴുവൻ തന്ത്രങ്ങളും മത്സരത്തിൽ പ്രയോഗിച്ചിട്ടും ഇരു ബാറ്റർമാരെയും വീഴ്ത്താൻ സാധിച്ചില്ല. ഒരു തകർപ്പൻ സെഞ്ചുറിയാണ് ഹെഡ്(137) മത്സരത്തിൽ സ്വന്തമാക്കിയത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമാണ് ഫൈനലിലുണ്ടായ പരാജയം.

Scroll to Top