ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ്. പരിക്കുമായി ചരിത്രം രചിച്ച് ഗ്ലെന്‍ മാക്സ്വെല്‍

ഓസ്ട്രേലിയയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഒരു അവിസ്മരണീയ ഇന്നിങ്സ് തന്നെയായിരുന്നു ഓസ്ട്രേലിയൻ താരം മാക്സ്വൽ കാഴ്ചവച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ വലിയ സമ്മർദ്ദത്തിലേക്ക് നീങ്ങുന്ന സമയത്താണ് മാക്സ്വൽ ക്രീസിലെത്തിയത്. ശേഷം തന്റെ ടീം ചീട്ടുകൊട്ടാരം പോലെ തകരുന്നത് എതിർവശത്തു നിന്ന് മാക്സ്വെല്ലിന് കാണേണ്ടിവന്നു. മാത്രമല്ല അഫ്ഗാനിസ്ഥാൻ പോലെ താരതമ്യേന ദുർബലമായ ഒരു ടീമിനെതിരെ ഓസ്ട്രേലിയ പരാജയത്തിലേക്ക് നീങ്ങുന്നത് വ്യത്യസ്തമായ ഒരു കാഴ്ച തന്നെയായിരുന്നു. പക്ഷേ അവിടെ വച്ചാണ് മാക്സ്വെൽ ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നുവന്നത്.

തന്റെ പോരാട്ടവീര്യം പൂർണമായും പുറത്തെടുത്ത മാക്സ്വെൽ അഫ്ഗാനിസ്ഥാൻ ബോളർമാരെ അടിച്ചു തൂക്കുന്നതാണ് കണ്ടത്. നായകൻ കമ്മീൻസിനൊപ്പം എട്ടാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്ത മാക്സ്വെൽ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയ 91ന് 7 എന്ന നിലയിൽ തകരുന്ന സമയത്ത് കാണികളിൽ ആരുംതന്നെ വിചാരിച്ചു കാണില്ല ഇത്തരമൊരു തിരിച്ചുവരവ്. ഒരു ഒറ്റയാൾ പോരാട്ടത്തിലൂടെ ടീമിനെ വിജയത്തിൽ എത്തിക്കുക എന്നത് ചെറിയ കാര്യമല്ല. മത്സരത്തിൽ ഒരു അവിശ്വസനീയ ഡബിൾ സെഞ്ച്വറിയാണ് മാക്സ്വെൽ സ്വന്തമാക്കിയത്.

128 പന്തുകൾ നേരിട്ടായിരുന്നു മാക്സ്വൽ ഡബിൾ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 21 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെട്ടു. 292 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്ട്രേലിയയെ 3 വിക്കറ്റ്കൾ ബാക്കി നിൽക്കെ വിജയിപ്പിക്കാനും മാക്സ്വെല്ലിന് സാധിച്ചു. എട്ടാം വിക്കറ്റിൽ പാറ്റ് കമ്മിൻസിന് ഒപ്പം ചേർന്ന് 202 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് മാക്സ്വെൽ കെട്ടിപ്പടുത്തത്. ഈ കൂട്ടുകെട്ടിൽ കമ്മിൻസ് നേടിയത് 68 പന്തുകളിൽ 12 റൺസ് മാത്രമാണ്. അതായത് മത്സരത്തിൽ കണ്ടത് മാക്സ്വല്ലിന്റെ ഒരു വൺമാൻഷോ ആയിരുന്നു. മത്സരത്തിന്റെ മധ്യേ തനിക്ക് പരിക്കേറ്റിട്ടും അതിനെ വകവയ്ക്കാതെ മാക്സ്വെൽ അഫ്ഗാനെ അടിച്ചു തൂക്കി.

പരിക്കു മൂലം ഓടാൻ സാധിക്കാതിരുന്ന മാക്സ്വെൽ ക്രീസിൽ നിന്ന് അഫ്ഗാനിസ്ഥാൻ ബോളർമാരെ തലങ്ങും വിലങ്ങും തുരത്തുകയായിരുന്നു. മൈതാനത്ത് ഉണ്ടായിരുന്ന അഫ്ഗാനിസ്ഥാൻ കളിക്കാർ പോലും ഒരു നിമിഷം അത്ഭുതപ്പെട്ടു പോകുന്ന ഇന്നിംഗ്സ്. എന്തായാലും ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്സ് തന്നെയാണ് മാക്സ്വെല്ലിൽ നിന്നുണ്ടായത് എന്ന് നിസ്സംശയം പറയാൻ സാധിക്കും. വലിയൊരു അട്ടിമറി പ്രതീക്ഷിച്ച അഫ്ഗാനിസ്ഥാന് കിട്ടിയ വലിയ തിരിച്ചടി തന്നെയായിരുന്നു മാക്സ്വെല്ലിന്റെ ഈ പോരാട്ട വീര്യം. ഒരിക്കലും തളരാതെ കഴിഞ്ഞ കാലങ്ങളിൽ ഓസ്ട്രേലിയക്കായി ക്രീസിൽ തുടർന്ന മാക്സവെല്ലിന്റെ മറ്റൊരു താണ്ഡവമാണ് മത്സരത്തിലും കണ്ടത്. ഈ വിജയത്തോടെ ഓസ്ട്രേലിയയെ സെമിഫൈനലിൽ എത്തിക്കാനും ആ വലിയ മനുഷ്യന് സാധിച്ചിട്ടുണ്ട്.