ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിലേറ്റ വമ്പൻ പരാജയത്തിന്റെ കണക്ക് തീർത്ത് ഇംഗ്ലണ്ട് നിര. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 137 റൺസിന്റെ പടുകൂറ്റൻ വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ലോകകപ്പിൽ വരവറിയിച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ഓപ്പണർ ഡേവിഡ് മലാനാണ് വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്. ബാറ്റിംഗിൽ മലാൻ ഇംഗ്ലണ്ടിനായി തിളങ്ങിയപ്പോൾ ബോളിങ്ങിൽ റീസി ടോപ്പ്ലി ബംഗ്ലാദേശിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു. എന്തായാലും ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഒരു ഓൾറൗണ്ട് പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്.
ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വെടിക്കെട്ട് തുടക്കം തന്നെയാണ് ഇംഗ്ലണ്ടിന് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ജോണി ബേയർസ്റ്റോയും(52) ഡേവിഡ് മലാനും ആദ്യ ഓവറുകളിൽ തന്നെ ബംഗ്ലാദേശ് ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ 115 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ബെയർസ്റ്റോ പുറത്തായ ശേഷവും മലാൻ ക്രീസിലുറച്ചു.
മൂന്നാമനായി എത്തിയ ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലൻ കുതിക്കുകയായിരുന്നു. മത്സരത്തിൽ ഒരു അതിവേഗ സെഞ്ചുറി തന്നെയാണ് മലൻ സ്വന്തമാക്കിയത്. 107 പന്തുകളിൽ 140 റൺസ് ആയിരുന്നു മലാന്റെ മത്സരത്തിലെ സമ്പാദ്യം. 16 ബൗണ്ടറികളും അഞ്ചു പടുകൂറ്റൻ സിക്സറുകളും മലാന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.
ഒപ്പം മൂന്നാമനായി ക്രീസിലെത്തിയ ജോ റൂട്ടും ക്രീസിൽ ബംഗ്ലാദേശിന് സമ്മർദ്ദമുണ്ടാക്കി. 68 പന്തുകളിൽ 8 ബൗണ്ടറികളും ഒരു സിക്സറുമടക്കം 82 റൺസാണ് ജോ റൂട്ട് നേടിയത്. ഇങ്ങനെ ഇംഗ്ലണ്ടിന്റെ സ്കോർ കുതിച്ചു. ഒരു സമയത്ത് ഇംഗ്ലണ്ട് അനായാസം 400 റൺസ് പിന്നിടും എന്നുപോലും തോന്നിയിരുന്നു. എന്നാൽ അവസാന ഓവറുകളിൽ ബംഗ്ലാദേശ് ബോളർമാർ ശക്തമായി തിരിച്ചു വന്നതോടെ ഇംഗ്ലണ്ടിന്റെ സ്കോർ 364 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇത്ര വലിയ വിജയലക്ഷം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് തുടക്കം തന്നെ പിഴച്ചു. മുൻനിര ബാറ്റർമാരായ തൻസീദ് ഹസൻ(1) ഷാന്റോ(0) ഷക്കീബ് അൽ ഹസൻ(1) എന്നിവർ തുടക്കത്തിൽ തന്നെ കൂടാരം കയറിയത് ബംഗ്ലാദേശിനെ ബാധിച്ചു. ഒരുവശത്ത് ലിറ്റൻ ദാസ് ഇന്നിംഗ്സ് പടുത്തുയർത്താൻ ശ്രമിച്ചപ്പോൾ മറുവശത്ത് വിക്കറ്റുകൾ നിരന്തരം നഷ്ടമായി.
മത്സരത്തിൽ 66 പന്തുകളിൽ 76 റൺസാണ് ദാസ് നേടിയത്. ആറാമനായി ക്രീസിലെത്തിയ മുഷ്ഫിക്കർ റഹിം 64 പന്തുകളിൽ 51 റൺസ് നേടി. എന്നാൽ ഇംഗ്ലണ്ടിന്റെ വമ്പൻ വിജയലക്ഷ്യം ബംഗ്ലാദേശിനെ സംബന്ധിച്ച് ബാലി കയറാ മല തന്നെയായിരുന്നു. ഒപ്പം ടോപ്ലിയുടെ തകർപ്പൻ ബോളിങ് കൂടിയായതോടെ ബംഗ്ലാദേശ് പൂർണ്ണമായും അടിയറവ് പറഞ്ഞു. മത്സരത്തിൽ 10 ഓവറുകളിൽ 43 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകളാണ് ടോപ്ലി സ്വന്തമാക്കിയത്. ഇതോടുകൂടി ഇംഗ്ലണ്ട് മത്സരത്തിൽ 137 റൺസിന്റെ പടുകൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു.