ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആദ്യ മത്സരത്തിൽ, കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടാണ് ഏറ്റുമുട്ടുന്നത്. ഒരുപാട് ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇത്.
കോഹ്ലിയും ധോണിയും നേർക്കുനേർ വരുമ്പോൾ മൈതാനത്ത് തീപാറും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഈ മത്സരത്തിൽ ആര് വിജയിക്കും എന്നത് പ്രവചിക്കുക അസാധ്യമാണ്. കാരണം അത്രമാത്രം മികച്ച ടീമുകളാണ് ചെന്നൈയും ബാംഗ്ലൂരും.
പക്ഷേ ആദ്യ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രങ്ങളെ മറികടന്ന് വിജയിക്കുക എന്നത് ബാംഗ്ലൂരിന് അല്പം കടുപ്പമേറിയ കാര്യമാവും എന്നാണ് എല്ലാവരും വിലയിരുത്തുന്നത്. മത്സരത്തിന് മുൻപ് വിരാട് കോഹ്‌ലിക്കും ബാംഗ്ലൂർ ടീമിനും മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വിരാട് കോഹ്ലിക്കും കൂട്ടർക്കും കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നാണ് ഹർഭജൻ പ്രവചിച്ചിരിക്കുന്നത്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ കോഹ്ലിയുടെ മഹത്വം കുറയും എന്ന് ഹർഭജൻ വിലയിരുത്തുന്നു.
“വിരാട് കോഹ്ലിയുടെ ബാറ്റിംഗിലെ മഹത്വം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വളരെയധികം കുറയുന്നതായി നമുക്ക് കാണാൻ സാധിക്കും. ബാറ്റ് ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടുള്ള പിച്ചുകളിൽ ഒന്നാണ് ചെപ്പോക്ക്. പലപ്പോഴും ടെന്നീസ് ബോളിലേത് പോലെ ബൗൺസ് ലഭിക്കുന്ന ഈ പിച്ചിൽ ഓപ്പണർമാർക്ക് കാര്യങ്ങൾ വളരെ പ്രയാസകരമാണ്. ചെന്നൈ ടീമിലെ ജഡേജ എല്ലായിപ്പോഴും സ്റ്റമ്പിൽ മാത്രം ആക്രമിക്കുന്നു.
എല്ലാ പന്തുകളും ടേൺ ചെയ്യിക്കാനും അവന് സാധിക്കുന്നു. അതിനാൽ തന്നെ പിച്ചിനെ വളരെ തന്തപരമായി ഉപയോഗിക്കാനും ജഡേജക്ക് അറിയാം. ചെപ്പോക്ക് പിച്ചിൽ മാച്ച് വിന്നിങ് ഇന്നിങ്സ് കളിക്കാനാണ് കോഹ്ലി താല്പര്യപ്പെടുന്നതെങ്കിൽ, 20 ഓവറുകളും ക്രീസിൽ തുടരേണ്ടതുണ്ട്.”- ഹർഭജൻ ഓർമിപ്പിക്കുന്നു.
ഇതോടൊപ്പം ബാംഗ്ലൂരിനെ സംബന്ധിച്ച് കോഹ്ലി എത്രമാത്രം നിർണായകമാണ് എന്നും ഹർഭജൻ ചൂണ്ടിക്കാട്ടുകയുണ്ടായി. “2016ലെ ഐപിഎൽ സീസൺ പോലെ മറ്റൊന്ന് വിരാട് കോഹ്ലിക്ക് ഉണ്ടാവേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. കോഹ്ലി റൺസ് കണ്ടെത്തിയാൽ മാത്രമേ ബാംഗ്ലൂർ ടീമിന് മുൻപോട്ടു പോകാൻ സാധിക്കൂ. ബാംഗ്ലൂർ ഇത്തവണ കപ്പടിക്കുമോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. പക്ഷേ ഇത്തവണ ഒരുപാട് മികച്ച വ്യക്തിഗത താരങ്ങൾ ബാംഗ്ലൂരിനുണ്ട്. കോഹ്ലിയെ കൂടാതെ ഡുപ്ലസിസ്, ഗ്രീൻ, മാക്സ്വെൽ എന്നിവരെല്ലാം മികവ് പുലർത്തിയ താരങ്ങളാണ്. വലിയ ബാറ്റിംഗ് കരുത്ത് തന്നെ അവർക്കുണ്ട്.”- ഹർഭജൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് സീസണുകളായി തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് ബാംഗ്ലൂർ കാഴ്ച വച്ചിരിക്കുന്നത്. എന്നാൽ നിർഭാഗ്യവശാൽ കിരീടത്തിന്റെ അടുത്തെത്താനോ കപ്പ് ഉയർത്താനോ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. പലപ്പോഴും ബാംഗ്ലൂരിന്റെ ഭാരം പൂർണമായും നായകൻ ഡുപ്ലസിയും വിരാട് കോഹ്ലിയും മാത്രമായി ചുമക്കേണ്ട അവസ്ഥയിലും എത്തിയിട്ടുണ്ട്. എന്നാൽ ഈ സീസണിൽ ഇതിനെല്ലാം ഒരു അറുതി വരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസനെക്കാൾ മികച്ച ബോളിംഗ് നിരയും ഇത്തവണ ബാംഗ്ലൂരിനുണ്ട്.