ഹെലികോപ്റ്ററും റോക്കറ്റും വാളും. നിലനിർത്തുന്ന 5 താരങ്ങളെ പ്രഖ്യാപിച്ച് ചെന്നൈ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിനായി താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി ഒക്ടോബർ31 ആണ്. 10 ടീമുകൾക്കും ഏതൊക്കെ താരങ്ങളെ നിലനിർത്താമെന്നും ആരെയൊക്കെ ഒഴിവാക്കാമെന്നും തീരുമാനിക്കാനുള്ള അവസാന തീയതിയാണ് ഇത്. ഇത്തവണ പരമാവധി 6 താരങ്ങളെയാണ് ഒരു ടീമിന് നിലനിർത്താൻ സാധിക്കുക.

ഇതിൽ 5 താരങ്ങൾ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റിൽ അണിനിരന്നവരാവാൻ പാടുള്ളൂ. എന്നാൽ ഈ തീയതിക്ക് തൊട്ടുമുൻപായി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ഒരു സ്പെഷ്യൽ പോസ്റ്റ്. തങ്ങൾ ഈ സീസണിലേക്ക് ആരെയൊക്കെയാണ് നിലനിർത്തുന്നത് എന്ന് സൂചന തരുന്ന പോസ്റ്റാണ് ചെന്നൈ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിജയ ഫ്രാഞ്ചൈസികളിൽ ഒന്നായ ചെന്നൈ സൂപ്പർ കിംഗ്സ് ആരെയൊക്കെ ഇത്തവണ നിലനിർത്തും എന്നത് വലിയ ചോദ്യചിഹ്നമാണ്. മാത്രമല്ല ചെന്നൈയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയെ സംബന്ധിച്ച് വലിയ ചോദ്യചിഹ്നങ്ങൾ നിലനിൽക്കുന്നു. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി 2019 ലാണ് അവസാനമായി ഇന്ത്യയ്ക്ക് കളിച്ചത്.

എന്നാൽ ഇതിന് ശേഷം ധോണി ചെന്നൈയ്ക്കായി ഐപിഎല്ലിൽ നിരന്തരം കളിക്കുകയുണ്ടായി. 2025ൽ ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ അതിനെ സംബന്ധിച്ച് ഇതുവരെയും ധോണി വ്യക്തത നൽകിയിട്ടില്ല. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ പോസ്റ്റ് പ്രകാരം മഹേന്ദ്ര സിംഗ് ധോണിയെ അടക്കം ടീം നിലനിർത്തുമെന്നാണ് സൂചന.

തങ്ങൾ 5 താരങ്ങളെ നിലനിർത്തും എന്ന് സൂചന നൽകുന്ന പോസ്റ്റാണ് ചെന്നൈ ഷെയർ ചെയ്തത്. ഇത് ആരൊക്കെയാണ് എന്ന് ചെന്നൈ ഓരോ സ്മൈലികളിലൂടെയും മറ്റും അറിയിച്ചിരിക്കുന്നു. ആരാധകർ ഓരോ താരങ്ങളെയും ഊഹിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചെന്നൈ നിർമ്മിച്ചിരിക്കുന്നത്. ഓരോ ആരാധകരും ഓരോ തരത്തിലാണ് ഈ പോസ്റ്റിനെ വിശകലനം ചെയ്തിരിക്കുന്നത്.

പോസ്റ്റിൽ മൂന്നാമതായി കാണുന്ന സിംബലുകൾ ടാർഗറ്റും റോക്കറ്റുമാണ്. ഇവിടെ ചെന്നൈ ഉദ്ദേശിക്കുന്നത് പതിരാനയെയാണ് എന്ന് ആരാധകർ പറയുന്നു. ഒപ്പം നാലാമതായുള്ള താരത്തിന്റെ അടയാളം ഹെലികോപ്റ്ററും മജീഷ്യന്റെ തൊപ്പിയുമാണ്. ഇത് മഹേന്ദ്ര സിംഗ് ധോണിയാണ് എന്നാണ് ആരാധകരുടെ നിഗമനം.

ഒപ്പം അഞ്ചാമതായുള്ള താരത്തിന്റെ സൂചനയിൽ വാളും കുതിരയുമുണ്ട്. ഇത് ജഡേജയെ ഉദ്ദേശിച്ചാണ് എന്ന് ആരാധകർ നിരീക്ഷിക്കുന്നു. എന്നാൽ ഇതിനു മുൻപുള്ള താരങ്ങളെ സംബന്ധിച്ച് വ്യക്തതയില്ല. പക്ഷേ അത് ചെന്നൈയുടെ നായകനായ ഋതുരാജും, ന്യൂസിലാൻഡിന്റെ യുവതാരമായ രചിൻ രവീന്ദ്രയുമാവും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. എന്നാൽ ഇതേ സംബന്ധിച്ച് വ്യക്തത നൽകാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. നാളെയാണ് നിലനിർത്തലിന്റെ അവസാന ദിവസം നാളെ ഇതേ സംബന്ധിച്ചുള്ള പൂർണമായ വിവരം ടീം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്

Previous article“ഇന്ത്യൻ താരങ്ങൾ പേപ്പറിലെ പുലികൾ, സ്കൂൾ കുട്ടികളുടെ നിലവാരം”, പരിഹാസവുമായി പാക് താരം.
Next articleഓസ്ട്രേലിയയ്ക്കെതിരെ അവൻ ടീമിൽ വേണ്ടിയിരുന്നു. എംഎസ്കെ പ്രസാദ്.