വർധിച്ചു വരുന്ന കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എല്ലാ തരം പ്രായപരിധിയിലുമുള്ള ടൂർണമെന്റുകളും റദ്ദാക്കിയെന്ന് ബിസിസിഐ അറിയിച്ചു .
ബിസിസിഐയുടെ ഏറ്റവും പുതിയ
പ്രഖ്യാപനത്തോടെ വിനോദ് മങ്കാദ് ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ഇത്തവണ നടക്കില്ല. ഈ വർഷത്തെ ഐപിഎല്ലിന് ശേഷമേ ഈ ടൂർണമെന്റുകളുടെ പുതുക്കിയ തീയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകുകയുള്ളൂ. നേരത്തെ രഞ്ജി ട്രോഫിയും പൂർണ്ണമായി ബിസിസിഐ ഉപേക്ഷിച്ചിരുന്നു .
അതേസമയം എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും ആഭ്യന്തര ടൂർണമെന്റുകൾ സംബന്ധിച്ച ബിസിസിഐയുടെ പുതിയ അറിയിപ്പ് ബിസിസിഐ സെക്രട്ടറി ജെയ് ഷാ കൈമാറി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര യാത്രകളും ബയോ ബബിളുകളുമെല്ലാം ആവശ്യമായി വരും. 2020-21 പ്രാദേശിക സീസൺ ലോക്ക് ഡൗണിനെ തുടർന്ന് ഏറെ വൈകിയാണ് ആരംഭിച്ചത്. ജനുവരിയിൽ സയ്യദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് ആഭ്യന്തര മത്സരങ്ങൾക്ക് തുടക്കമായത്.
ശേഷം ഏറെ ഭംഗിയായി ബിസിസിഐ വിജയ് ഹസാരെ ട്രോഫി പൂർത്തിയാക്കി .
മുംബൈയാണ് ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ജേതാക്കൾ .
എന്നാൽ പല സംസ്ഥാനങ്ങളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ കൂടി നടക്കാനിരിക്കുന്നതും പരിഗണിച്ചാണ് ബിസിസിഐയുടെ തീരുമാനം. വിദ്യാർത്ഥികൾക്ക് പുറമെ കായിക താരങ്ങൾക്കും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതോടെ അവസരം ലഭിക്കുമെന്നും കായിക താരങ്ങളുടെ ആരോഗ്യവും സുരക്ഷയും പ്രധാനമാണെന്നും ജെയ് ഷാ പറഞ്ഞു.
ഐപിൽ മത്സരങ്ങൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഏപ്രിൽ മാസത്തിൽ ആരംഭിക്കും എന്നാണ് ബിസിസിഐ അറിയിക്കുന്നത് .
ഐപിഎല്ലിന്റെ മത്സരക്രമവും ബിസിസിഐ പുറത്തുവിട്ടിരുന്നു .