അവസരങ്ങൾ ഉപയോഗിക്കാൻ പറ്റിയില്ല. പെർത്ത് ആവർത്തിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. രോഹിത് ശർമ്മ

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ പരാജയം നേരിട്ട നിരാശയോടെ രണ്ടാം ടെസ്റ്റ് മത്സരത്തിനെത്തിയ ഓസ്ട്രേലിയ ഇന്ത്യൻ നിരയ്ക്ക് മേൽ പൂർണമായ ആധിപത്യം പുലർത്തുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 180 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 337 റൺസ് സ്വന്തമാക്കുകയും 157 റൺസിന്റെ ലീഡ് നേടുകയും ചെയ്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ ഇന്നിംഗ്സ് 175 റൺസിൽ അവസാനിച്ചപ്പോൾ, ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 19 റൺസായി മാറി. വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ ഈ സ്കോർ മറികടക്കുകയും വിജയം സ്വന്തമാക്കുകയുമാണ് ഉണ്ടായത്. മത്സരത്തിലെ പരാജയം വലിയ നിരാശ ഉണ്ടാക്കുന്നതായി ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ച് ഇതൊരു വളരെ നിരാശാജനകമായ ആഴ്ച തന്നെയായിരുന്നു. ഇവിടെ ഞങ്ങൾ നന്നായി കളിച്ചില്ല. ഓസ്ട്രേലിയ ഞങ്ങളെക്കാൾ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മാത്രമല്ല ഞങ്ങൾക്ക് ലഭിച്ച അവസരങ്ങൾ നന്നായി ഉപയോഗിക്കുന്നതിലും ഞങ്ങൾ പരാജയപ്പെട്ടു. പെർത്തിൽ വളരെ സ്പെഷ്യലായ പ്രകടനമായിരുന്നു ഞങ്ങൾ കാഴ്ചവച്ചത്. അതുതന്നെയാണ് ഇവിടെയും തുടരാൻ ഞാൻ ആഗ്രഹിച്ചത്. പക്ഷേ എല്ലാ ടെസ്റ്റ് മത്സരത്തിനും അതിന്റെതായ വെല്ലുവിളികളുണ്ട്. ഞങ്ങൾ ഇനി അടുത്ത ടെസ്റ്റ് മത്സരത്തിലേക്കാണ് പൂർണമായി ശ്രദ്ധിക്കുന്നത്. ഇവിടെ എന്തായാലും നല്ല കുറച്ച് ഓർമ്മകളുണ്ട്. വീണ്ടും എല്ലാം തുടക്കം മുതൽ ആരംഭിക്കാനാണ് ഇപ്പോൾ ശ്രമം.”- രോഹിത് പറഞ്ഞു.

മത്സരത്തിലെ വിജയത്തിൽ അങ്ങേയറ്റം സന്തോഷം പ്രകടിപ്പിച്ചാണ് ഓസ്ട്രേലിയൻ നായകൻ കമ്മിൻസ് സംസാരിച്ചത്. “ഞങ്ങളെ സംബന്ധിച്ച് ഇതൊരു നല്ല മത്സരമായിരുന്നു. ഈ രീതിയിലാണ് ഞങ്ങൾ കളിക്കാൻ ആഗ്രഹിച്ചത്. മത്സരത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മിച്ചൽ സ്റ്റാർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. കഴിഞ്ഞ കുറച്ചധികം നാളുകളായി ടീമിനായി ഇത്തരത്തിൽ മികവ് പുലർത്തിയിട്ടുള്ള താരമാണ് സ്റ്റാർക്ക്.”- കമ്മിൻസ് പറഞ്ഞു.

“മത്സരത്തിൽ മികവ് പുലർത്തിയ മറ്റൊരു താരം ട്രാവിസ് ഹെഡാണ്. ഹെഡിന് ഇവിടെ ബാറ്റ് ചെയ്യുന്നത് വളരെ ഇഷ്ടമാണ്. മത്സരം ഇന്ത്യയുടെ കയ്യിൽ നിന്ന് തട്ടിയെടുക്കാൻ ഹെഡിന് സാധിച്ചു. മൈതാനത്ത് എത്തിയശേഷം തന്റേതായ രീതിയിലാണ് ഹെഡ് ബാറ്റ് ചെയ്തത്. ആദ്യ ഇന്നിങ്സിൽ ലീഡ് കണ്ടെത്താൻ സാധിച്ചതാണ് മത്സരത്തിൽ പ്രധാനമായി മാറിയത്. സ്കോട്ട് ബോളണ്ടും മത്സരത്തിൽ ഞങ്ങൾക്ക് ആവശ്യമായ രീതിയിൽ പന്തെറിഞ്ഞു. അടുത്ത ആഴ്ച ജോഷ് ഹേസൽവുഡ് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.”- കമ്മിൻസ് കൂട്ടിച്ചേർക്കുകയുണ്ടായി. മത്സരത്തിൽ സിറാജും ഹെഡും തമ്മിൽ വാക്പോരുകൾ നടന്നിരുന്നു. എന്നാൽ മത്സരശേഷം ഇരുവരും പരസ്പരം ആലിംഗനം ചെയ്ത ശേഷമാണ് മൈതാനം വിട്ടത്.

Previous articleഅഡ്ലൈഡിൽ അടിപതറി ഇന്ത്യ. 10 വിക്കറ്റുകളുടെ പരാജയം.