സിഡ്‌നി ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയും ഓസ്ട്രേലിയയുടെ യുവതാരം സാം കോൺസ്റ്റസും തമ്മിൽ നടന്ന മൈതാനത്തെ യുദ്ധം വളരെ ശ്രദ്ധ നേടിയിരുന്നു. ഒന്നാം ദിവസത്തിന്റെ അവസാന ഓവറിലാണ് ഇരുവരും തമ്മിൽ വലിയ വാക്പോര് നടന്നത്. ഉസ്മാൻ ഖവാജയായിരുന്നു ആ സമയത്ത് സ്ട്രൈക്കിംഗ് എൻഡിൽ ഉണ്ടായിരുന്നത്.
ബൂമ്ര റണ്ണപ്പെടുക്കുന്ന സമയത്ത് ഉസ്മാൻ ഖവാജ താൻ തയ്യാറല്ല എന്ന് അറിയിക്കുകയുണ്ടായി. ആദ്യ ദിവസം തീരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു ഓവർ കൂടി എറിയാനുള്ള അവസരം നൽകാതിരിക്കാനാണ് ബുമ്രയുടെ റണ്ണപ്പ് ഓരോ കാരണം പറഞ്ഞ് ഖവാജ തടസ്സപ്പെടുത്തിയത്. എന്നാൽ ഇത് ബൂമ്രയ്ക്ക് കൃത്യമായി മനസ്സിലായി.
ഇക്കാര്യത്തിൽ ബുമ്ര തന്റെ അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഈ സമയത്ത് നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന കോൺസ്റ്റസ് ബുമ്രയുമായി വാക്പോരിൽ ഏർപ്പെട്ടു. ഈ സമയത്ത് അമ്പയർ ഇടപെടുകയും പ്രശ്നം പരിഹരിക്കുകയുമാണ് ചെയ്തത്. എന്നിരുന്നാലും കോൺസ്റ്റസ് അത്ര സംതൃപ്തനായിരുന്നില്ല. പക്ഷേ ഈ യുദ്ധത്തിൽ ബുമ്ര അവസാന വിജയം കാണുകയുണ്ടായി. തൊട്ടടുത്ത പന്തിൽ തന്നെ ഉസ്മാൻ ഖവാജയെ പുറത്താക്കിയാണ് ബുമ്ര ഇരുവരെയും ഞെട്ടിച്ചത് ശേഷം ബൂമ്ര മറ്റുതരത്തിലുള്ള ആഘോഷങ്ങൾക്ക് ഒന്നു തന്നെ മുതിർന്നില്ല. നേരെ തിരിഞ്ഞ് കോൺസ്റ്റസിനെ നോക്കുകയാണ് ഉണ്ടായത്.
Fiery scenes in the final over at the SCG!
— cricket.com.au (@cricketcomau) January 3, 2025
How's that for a finish to Day One 👀#AUSvIND pic.twitter.com/BAAjrFKvnQ
ഇത്തരത്തിൽ ഈ യുദ്ധത്തിൽ വിജയം നേടി ബുമ്ര ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്ത് കമന്ററി ബോക്സിൽ ഉണ്ടായിരുന്ന മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ് പറഞ്ഞത് ഇങ്ങനെയാണ്. “ബൂമ്ര കോൺസ്റ്റസിന്റെ അടുത്തേക്ക് തിരിയുകയുണ്ടായി. തന്റെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തന്നെ കോൺസ്റ്റസ് ഒരു പാഠം പഠിച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്.”- ഗില്ലി പറഞ്ഞു. മത്സരത്തിലേക്ക് കടന്നുവന്നാൽ വീണ്ടും ഇന്ത്യൻ ബാറ്റർമാർ വളരെ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ കേവലം 185 റൺസ് മാത്രമാണ് ഇന്ത്യൻ ബാറ്റർമാർക്ക് നേടാൻ സാധിച്ചത്.
എന്നാൽ ഇന്ത്യൻ നായകൻ ജസ്പ്രീറ്റ് ബുമ്രയ്ക്ക് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. മത്സരത്തിൽ 17 പന്തുകളിൽ 22 റൺസ് ആയിരുന്നു ബൂമ്ര സ്വന്തമാക്കിയത്. 3 ബൗണ്ടറികളും ഒരു സിക്സറും താരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ശേഷമാണ് ഓസ്ട്രേലിയ ഒന്നാം ദിവസം തന്നെ ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 9 റൺസ് സ്വന്തമാക്കുന്നതിനിടെ ഓസ്ട്രേലിയക്ക് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. രണ്ടാം ദിവസം മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്താലേ ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരികെ വരാൻ സാധിക്കൂ.