സ്ഥിരത അടുത്തുകൂടി പോയിട്ടില്ല, ഇതാണ് പുറത്താക്കാൻ കാരണം. രഹാനെയെ വിമർശിച്ച് ദിനേശ് കാർത്തിക്.

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ നിര കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനങ്ങളോടെ ഉജ്ജ്വല വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും രോഹിത് ശർമ, വിരാട് കോഹ്ലി, ജെയിസ്‌വാൾ തുടങ്ങിയവർ നിറഞ്ഞുനിന്നു.

ഒപ്പം ഇരു മത്സരങ്ങളിലും രവിചന്ദ്രൻ അശ്വിനും മുഹമ്മദ് സിറാജും ബോളിങ്ങിലും തിളങ്ങുകയുണ്ടായി. എന്നിരുന്നാലും ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ച രണ്ട് വലിയ താരങ്ങൾ കൂടിയുണ്ട്. ശുഭ്മാൻ ഗില്ലും അജിങ്ക്യ രഹാനെയും. വലിയ പ്രതീക്ഷയോടെ തന്നെ ഇരുവരും ടെസ്റ്റ് പരമ്പരയിലേക്ക് എത്തിയെങ്കിലും പരമ്പരയിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഗില്‍ പരമ്പരയിൽ 45 റൺസ് നേടിയപ്പോൾ രഹാനയ്ക്ക് 11 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇരുവരുടെയും ബാറ്റിംഗിലെ ഈ പരാജയത്തെ പറ്റി സംസാരിക്കുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്.

കഴിഞ്ഞ സമയങ്ങളിൽ രഹാനെയെ ഏറ്റവുമധികം ബാധിച്ചിട്ടുള്ള കാര്യം കൃത്യതയില്ലായ്മ തന്നെയാണ് എന്ന് കാർത്തിക്ക് പറയുന്നു. ” രഹാനെയേ സംബന്ധിച്ച് വളരെ മോശം പരമ്പരകളിൽ ഒന്നുതന്നെയായിരുന്നു ഇത്. ഒരുപാട് നാളുകൾക്കു ശേഷമായിരുന്നു രഹാനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയത്. ഫൈനലിൽ രഹാനെയെ ഇന്ത്യ ഉപനായകനായി തീരുമാനിക്കുകയും ചെയ്തിരുന്നു.

ഫൈനലിൽ തനിക്ക് ലഭിച്ച അവസരം മികച്ച രീതിയിൽ ബാറ്റിംഗിൽ പ്രയോജനപ്പെടുത്താൻ രഹാനേക്ക് സാധിച്ചു. എന്നാൽ വിൻഡിസിനെതിരെ അദ്ദേഹം പരാജയപ്പെടുകയുണ്ടായി. കഴിഞ്ഞ കുറച്ചധികം കാലങ്ങളായി രഹാനയെ ബാധിക്കുന്ന വലിയൊരു പ്രശ്നമാണ് കൃത്യതയില്ലായ്മ. അതുകൊണ്ടാണ് ടീമിലെ തന്റെ സ്ഥാനം രഹാനെയ്ക്ക് നഷ്ടമായതും. കൃത്യമായ രീതിയിൽ അവസരം അദ്ദേഹത്തിന് മുതലാക്കാൻ സാധിച്ചില്ല എന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാവും. “- കാർത്തിക് പറയുന്നു.

ഇതിനൊപ്പം ടെസ്റ്റ് മത്സരങ്ങളിൽ ശുഭമാൻ ഗിൽ തുടർച്ചയായി പരാജയപ്പെടുന്നതിനെ സംബന്ധിച്ചും കാർത്തിക് കൂട്ടിച്ചേർത്തു. ” ട്വന്റി20 ക്രിക്കറ്റിലും ഏകദിനത്തിലും പോലെതന്നെ ശുഭ്മാൻ ടെസ്റ്റ് മത്സരങ്ങളിലും പതിയെ തന്റെ താളത്തിലേക്ക് തിരിച്ചെത്തും എന്നാണ് എല്ലാവരും കരുതിയത്. എന്നിരുന്നാലും കഴിഞ്ഞ സമയത്തെ ഗില്ലിന്റെ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം കണക്കിലെടുത്താൽ അത്ര മികവുറ്റല്ല. ഏകദിന ക്രിക്കറ്റിലും ട്വന്റി20 ക്രിക്കറ്റിലും തന്റെ പേര്രേഖപ്പെടുത്താൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ മികവ് പുലർത്താൻ സാധിക്കുന്ന സമയമാണ്. അതിനുള്ള കഴിവ് ഗില്ലിനുണ്ട്. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ കുറച്ച് ക്ഷമ കാട്ടേണ്ടതുണ്ട്. നന്നായി കളിക്കുമ്പോൾ അയാൾക്ക് വലിയ ഇന്നിംഗ്സുകൾ കളിക്കാൻ സാധിക്കുന്നുണ്ട്. “- കാർത്തിക്ക് കൂട്ടിച്ചേർത്തു.

ഗില്ലും രഹാനെയും വളരെ മികച്ച ഫോമിലാണ് പരമ്പരയിലേക്ക് എത്തിയിരുന്നത്. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗൽ 17 മത്സരങ്ങളിൽ നിന്ന് 890 റൺസ് ആയിരുന്നു ഗിൽ നേടിയത്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ആദ്യ ഇന്നിങ്സിൽ 86 റൺസും രണ്ടാം ഇന്നിങ്സിൽ 46 റൺസും ആയിരുന്നു രഹാനെയുടെ സമ്പാദ്യം. എന്നാൽ വിൻഡിസ് പര്യടനത്തിലേക്ക് എത്തിയപ്പോൾ ഇരുവരും കളി മറക്കുന്നതാണ് കണ്ടത്. ഇനി ഇന്ത്യയുടെ ടെസ്റ്റ് മത്സരം നടക്കാൻ പോകുന്നത് ഡിസംബറിലാണ് എന്നിരിക്കെ ഇരുവരുടെയും ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കാം.