കഴിഞ്ഞാഴ്ച ഐസിസി പ്രഖ്യാപിച്ച പുരസ്കാരങ്ങളുടെ പട്ടികയിൽ രണ്ട് അവാർഡുകളാണ് പാക്കിസ്ഥാൻ നായകൻ ബാബർ അസം നേടിയത്. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരവും മികച്ച പുരുഷ ഏകദിന താരവും ബാബർ അസം ആയിരുന്നു. കഴിഞ്ഞവർഷം എല്ലാ ഫോർമാറ്റുകളിൽ നിന്നും 2600 റൺസ് ആയിരുന്നു താരം നേടിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ബാബർ അസം ഈ പുരസ്കാരം നേടുന്നത്.
ഇതോടെ കോഹ്ലി നേടിയ തുടർച്ചയായ ഐസിസി പുരസ്കാരങ്ങളുടെ റെക്കോർഡിന് ഒപ്പം എത്താൻ ബാബർ അസമിന് സാധിച്ചു. ഇപ്പോൾ ഇതാ വിരാട് കോഹ്ലിയെയും ബാബർ അസമിനെയും താരതമ്യപ്പെടുത്തുന്നത് വളരെ നേരത്തെ ആണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ മുൻ നായകൻ മിസ്ബാഹുൽ ഹഖ്. ബാബർ അസം ഒരു തുടക്കക്കാരൻ ആണെന്നും കോഹ്ലി ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട് എന്നുമാണ് മുൻ പാക് താരം പറഞ്ഞത്.”അവർ രണ്ടുപേരും തമ്മിലുള്ള താരതമ്യപ്പെടുത്തൽ എന്തായാലും പാടില്ല.
കോഹ്ലി ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ ബാബർ അസം തുടക്കക്കാരൻ ആണ്. കോഹ്ലിയുടെ അത്ര മത്സരങ്ങൾ ബാബർ അസം കളിച്ചാൽ താരതമ്യപ്പെടുത്തുന്നത് തുടങ്ങാം. കോഹ്ലി ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഈ നിമിഷത്തിൽ കോഹ്ലിയെ ആരുമായും താരതമ്യം ചെയ്യാൻ സാധിക്കില്ല. ബാബർ അസം ഒരു ക്ലാസ് പ്ലയർ ആണ്. ഭാവിയിൽ കോഹ്ലിയുടെ റെക്കോർഡിന് ഒപ്പം എത്താൻ അവന് സാധിച്ചേക്കും. ഇരുവരെയും തമ്മിൽ താരതമ്യപ്പെടുത്തുന്നതിൽ ഒരു കാര്യവുമില്ല. കാരണം ബാബർ ഒരു തുടക്കക്കാരനാണ്.”- മിസ്ബാഹുൽ ഹഖ് പറഞ്ഞു.
47 ടെസ്റ്റ് മത്സരങ്ങളും,95 ഏകദിന മത്സരങ്ങളും,99 മത്സരങ്ങളും ആണ് പാക്കിസ്ഥാന് വേണ്ടി ഇതുവരെയും ബാബർ അസം കളിച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റ് ഫോർമാറ്റിൽ 59.4 എന്ന മികച്ച ശരാശരിയും താരത്തിനുണ്ട്. നിലവിൽ ട്വന്റി-ട്വന്റിയിൽ 3355 റൺസുമായി റൺ വേട്ടക്കാരിൽ നാലാം സ്ഥാനത്താണ് ബാബർ അസം. എന്നാൽ ഈ ഫോർമാറ്റിൽ ഒന്നാം സ്ഥാനത്ത് കോഹ്ലിയാണ്.4008 റൺസ് ആണ് താരത്തിൻ്റെ സമ്പാദ്യം.