12 ഇന്നിങ്സുകളിൽ കോഹ്ലിയെ മറികടന്ന് സഞ്ജു. അവഗണിക്കുന്ന ബിസിസിഐ കാണണം ഈ റെക്കോർഡ്.

വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെ ഏകദിനത്തിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം തന്നെയാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. നാലാം നമ്പറിൽ ക്രീസിലെത്തിയ സഞ്ജു വളരെ വ്യത്യസ്തമായി ആക്രമണ മനോഭാവത്തിലാണ് ആദ്യ ബോൾ മുതൽ കളിച്ചത്. ഇത് ഇന്ത്യയുടെ സ്കോറിംഗ് വർധിപ്പിക്കാനും വളരെ സഹായകരമായി മാറുകയുണ്ടായി.

തന്റെ ഏകദിന കരിയറിലെ മൂന്നാമത്തെ അർധസെഞ്ച്വറിയാണ് സഞ്ജു സാംസൺ മത്സരത്തിൽ നേടിയത്. കേവലം 39 പന്തുകൾ മാത്രം നേരിട്ടായിരുന്നു സഞ്ജു അർദ്ധസെഞ്ച്വറി കണ്ടെത്തിയത്. സഞ്ജുവിന്റെ ഏകദിന കരിയറിലെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറിയും ഇതുതന്നെയാണ്. ഏകദിനത്തിൽ ഇതുവരെയുള്ള സഞ്ജുവിന്റെ പ്രകടനങ്ങൾ എടുത്തു പരിശോധിച്ചാൽ ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയെക്കാൾ മുകളിലാണ് മലയാളി താരത്തിന്റെ സ്ഥാനം.

ഏകദിന ക്രിക്കറ്റിലെ ആദ്യ 12 ഇന്നിങ്സുകളിൽ ഇരുവരെയും താരതമ്യം ചെയ്യുമ്പോൾ സഞ്ജു സാംസൺ കോഹ്ലിയെക്കാൾ ഒരുപാട് മുകളിലാണ്. തന്റെ ആദ്യ 12 ഇന്നിംഗ്സുകൾ പൂർത്തിയാക്കിയ സഞ്ജു ഇതുവരെ നേടിയിട്ടുള്ളത് 390 റൺസാണ്.

കോഹ്ലി തന്റെ ഏകദിന കരിയറിലെ ആദ്യ 12 ഇന്നിങ്സുകളിൽ നേടിയത് 377 റൺസ് ആയിരുന്നു. ഇതുപോലെതന്നെ ബാറ്റിംഗ് ശരാശരി, സ്ട്രൈക്ക് റേറ്റ് എന്നീ കാര്യങ്ങളിലും ആദ്യ മത്സരങ്ങളിൽ വിരാട് കോഹ്ലി വളരെയധികം പിന്നിലാണ് എന്ന് വ്യക്തമാവുന്നു. കോഹ്ലി തന്റെ ആദ്യ 12 ഇന്നിംഗ്സ് കളിച്ചു കഴിഞ്ഞപ്പോൾ ശരാശരി 37.7 ആയിരുന്നു. എന്നാൽ സഞ്ജുവിന്റെ ശരാശരി 55.71 ആണ്.

സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും സഞ്ജു ഒരുപാട് മുകളിലാണ്. തന്റെ ആദ്യ 12 ഇന്നിങ്സുകളിൽ കോഹ്ലിയുടെ സ്ട്രൈക് റേറ്റ് 73.92 ആണ്. എന്നാൽ 12 ഇന്നിങ്സുകൾക്ക് ശേഷം സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 104 ആണ്. 12 ഇന്നിങ്സുകൾ അവസാനിക്കുമ്പോൾ ഇരുവരും മൂന്ന് അർത്ഥസെഞ്ച്വറികൾ വീതം സ്വന്തമാക്കിയിട്ടുണ്ട്. ഈ താരതമ്യം കാട്ടുന്നത് വിരാട് കോഹ്ലിയെക്കാൾ മികച്ച തുടക്കം തന്നെയാണ് ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണ് ലഭിച്ചിട്ടുള്ളത് എന്ന് തന്നെയാണ്. എന്നിരുന്നാലും കോഹ്ലിയെ പോലെ തുടർച്ചയായ അവസരങ്ങൾ സഞ്ജുവിനെ തേടിയെത്തുന്നില്ല. അത് സഞ്ജുവിനെ വലിയ രീതിയിൽ ബാധിക്കുന്നുമുണ്ട്.

ഒരു പക്ഷേ മത്സരങ്ങളിലൊക്കെയും ഇന്ത്യ സഞ്ജു സാംസണ് സ്ഥിരതയോടെ അവസരങ്ങൾ നൽകുകയാണെങ്കിൽ, മറ്റൊരു വിരാട് കോഹ്ലിയായി മാറാൻ സഞ്ജുവിന് സാധിച്ചേക്കും. അതിനൊരു തുടക്കമാണ് വിൻഡീസിനെതിരായ മൂന്നാം ഏകദിനം. മത്സരത്തിൽ പലരെയും ഞെട്ടിച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. രണ്ടാം മത്സരത്തിൽ, തന്നെ കറക്കി വീഴ്ത്തിയ സ്പിന്നർ കരിയയേ പൂർണമായും ആക്രമിച്ചാണ് സഞ്ജു ആരംഭിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഏതു പൊസിഷനിലും ബാറ്റിങ്ങിനിറക്കാവുന്ന കളിക്കാരനായി സഞ്ജു പതിയെ മാറുകയാണ്.