സ്റ്റാർക്കിനെ നേരിടാൻ ഇന്ത്യൻ ബാറ്റർമാർക്ക് ഉപദേശവുമായി ചേതേശ്വർ പൂജാര.

ഓസ്ട്രേലിയൻ പേസർ മിച്ചർ സ്റ്റാർക്കിനെ പ്രശംസിച്ചുകൊണ്ട് ഇന്ത്യയുടെ ബാറ്റർ ചേതേശ്വർ പൂജാര. ഇപ്പോൾ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മിച്ചൽ സ്റ്റാർക്കിന്റെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്താണ് പൂജാര പ്രശംസയുമായി എത്തിയത്. കഴിഞ്ഞ പരമ്പരയിലേക്കാൾ ഉപരി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മിച്ചൽ സ്റ്റാർക്കിന് സാധിക്കുന്നുണ്ട് എന്ന് പൂജാര പറയുന്നു.

തന്റെ ബോളിങ്ങിൽ നല്ല പുരോഗതികൾ സമീപകാലത്ത് ഉണ്ടാക്കിയെടുക്കാനും സ്റ്റാർക്കിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്നാൽ സ്റ്റാർക്കിനെ ഇന്ത്യൻ ബാറ്റർമാർ ഏതുതരത്തിൽ നേരിടണമെന്ന വഴിയും പൂജാര സൂചിപ്പിക്കുകയുണ്ടായി.

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ 3 മത്സരങ്ങളിൽ ന്യൂബോളിലാണ് സ്റ്റാർക്ക് മികച്ച പ്രകടനം പുറത്തെടുത്തത്. സ്റ്റാർക്കിന്റെ സ്വിങ്ങിങ് ബോളുകൾ ഇന്ത്യയുടെ മുൻനിര ബാറ്റർമാരെ നന്നായി വലയ്ക്കുകയുണ്ടായി. ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ 2 ടെസ്റ്റ് പരമ്പരകളിലും ഇന്ത്യൻ ബാറ്റർമാർ സ്റ്റാർക്കിനെതിരെ ആത്മവിശ്വാസത്തോടെ റൺസ് കണ്ടെത്തിയിരുന്നു എന്ന് പൂജാര പറയുന്നു.

അതുകൊണ്ടു തന്നെ ന്യൂബോളിൽ മിച്ചൽ സ്റ്റാർക്കിനെതിരെ മികവ് പുലർത്തിയാൽ ഇന്ത്യയ്ക്ക് പിന്നീട് അത് ഗുണം ചെയ്യുമെന്നാണ് പൂജാര കരുതുന്നത്. പഴയ ബോളിൽ സ്റ്റാർക്ക് അത്ര അപകടകാരിയല്ല എന്നും പുജാര ഓർമിപ്പിക്കുകയുണ്ടായി.

“നിലവിൽ ഈ പരമ്പരയിലെ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബോളർ മിച്ചൽ സ്റ്റാർക്കാണ്. കഴിഞ്ഞ ഒന്നര വർഷത്തിനകം തന്റെ ബോളിങ്ങിൽ ഒരുപാട് പുരോഗതികൾ ഉണ്ടാക്കിയെടുക്കാൻ സ്റ്റാർക്കിന് സാധിച്ചിട്ടുണ്ട്. ഒരുപാട് പ്രതിഭയുള്ള താരമാണ് സ്റ്റാർക്ക്. എന്റെ വ്യക്തിപരമായ അനുഭവം കണക്കിലെടുക്കുകയാണെങ്കിൽ ഓസ്ട്രേലിയക്കെതിരെ നടന്ന കഴിഞ്ഞ 2 ടെസ്റ്റ് പരമ്പരകളിലും അവനെതിരെ റൺസ് കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. അത് ഞങ്ങളുടെ ആത്മവിശ്വാസം കൊണ്ടായിരുന്നു.”- പൂജാര പറയുന്നു.

“ഇപ്പോൾ അവൻ മൈതാനത്ത് എത്തുകയും വിക്കറ്റുകൾ സ്വന്തമാക്കുകയുമാണ് ചെയ്യുന്നത്. അവന്റെ കൃത്യത കൂടുതൽ പുരോഗതിയിൽ എത്തിയിട്ടുണ്ട്. വളരെ കുറച്ച് മോശം പന്തുകൾ മാത്രമാണ് ഇപ്പോൾ അവൻ എറിയാറുള്ളത്. മാത്രമല്ല കൃത്യമായി സ്റ്റമ്പ് ലൈനിൽ സ്റ്റാർക്ക് പന്തെറിയുന്നു. എല്ലാ പന്തുകളും കൃത്യമായി ഗുഡ് ലെങ്‌തിലാണ് പിച്ച് ചെയ്യാറുള്ളത്. അവിടെ നിന്ന് അവന് സ്വിങ് ലഭിക്കുന്നു. ഇപ്പോൾ അവൻ വ്യത്യസ്തനായ ഒരു ബോളറാണ്. ആദ്യ 5 ഓവറുകളിലാണ് അവൻ കൃത്യമായി വിക്കറ്റുകൾ സ്വന്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യൻ ബാറ്റർമാർ ശ്രദ്ധിക്കേണ്ടത് ആദ്യ 5 ഓവറുകളിൽ മികവ് പുലർത്തുക എന്നതാണ്. അതിന് ശേഷം അവനെ രണ്ടാമത്തെയും മൂന്നാമത്തെയും സ്പെല്ലറിയാൻ നിർബന്ധിക്കുക. ആ സമയത്ത് അവൻ കൂടുതൽ ക്ഷീണിതനാവും.”- പൂജാര കൂട്ടിച്ചേർക്കുന്നു.

Previous articleരാജസ്ഥാൻ യുവതാരത്തിനായി സഞ്ജുവിന്റെ ത്യാഗം. നിർണായക പ്രഖ്യാപനം.