ഐപിഎല്ലിന്‍റെ രണ്ടാം ഘട്ട മത്സരങ്ങള്‍ ക്ലാസിക്ക് പോരാട്ടമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെയാണ് ആരംഭിക്കുന്നത്. ഐപിഎല്ലിന്‍റെ എല്‍-ക്ലാസിക്കോ എന്ന് വിശേഷണമുള്ള മത്സരത്തില്‍ വിജയത്തോടെ തുടങ്ങാനാണ് ഇരു ടീമുകളുടേയും ആഗ്രഹം. കോവിഡ് സാഹചര്യം കാരണം ഐപിഎല്‍ നിര്‍ത്തി വച്ചപ്പോള്‍ 7 മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുമായി ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാമതാണ്. അതേ സമയം 8 പോയിന്‍റുമായി രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് നാലാമതാണ്.
രണ്ടാം പാദം യുഏഈയില്‍ എത്തുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു കാര്യങ്ങള്‍ അത്ര ശുഭകരമല്ലാ. ഓള്‍റൗണ്ടറായ സാം കറന് ക്വാറന്‍റീന്‍ പൂര്‍ത്തിയാകത്തതിനാല്‍ ആദ്യ മത്സരം നഷ്ടമാകും. ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ പരിക്കിന്‍റെ പിടിയിലാതിനാല്‍ ബോളെറിയാനാകുമോ എന്ന് വ്യക്തമല്ലാ. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പരിക്കേറ്റ ഫാഫ് ഡൂപ്ലസി പരിശീലനത്തില്‍ ചേര്‍ന്നത് ശുഭകരമായ വാര്‍ത്തയാണ്. ഫാഫ് ഡൂപ്ലസി ആദ്യ ഇലവനില്‍ എത്തിയില്ലെങ്കില്‍ റോബിന്‍ ഉത്തപ്പ ഓപ്പണര്‍ റോളിലെത്തും.
അതേസമയം പ്രധാന താരങ്ങളെല്ലാം മുംബൈ ഇന്ത്യന്‍സിന്‍റെ കൂടെയുണ്ട്. രോഹിത് ശര്‍മ്മ നയിക്കുന്ന ബാറ്റിംഗില്‍ ഡീകോക്കാണ് ഓപ്പണര്‍ റോളില്‍ എത്തുക. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ നയിക്കുന്ന മധ്യനിര അവസാനിക്കുന്നത് കീറോണ്‍ പൊള്ളാര്‍ഡ്, പാണ്ട്യ സഹോദരങ്ങളിലാണ്. ജസ്പ്രീത് ബൂംറ – ട്രെന്‍റ് ബോള്‍ട്ട് നയിക്കുന്ന പേസ് കൂട്ടുകെട്ടില്‍ മൂന്നാം പേസറായി നതാന്‍ കോള്‍ട്ടര്‍ നൈല്‍ എത്തിയേക്കാം. രാഹുല്‍ ചഹറാണ് പ്രധാന സ്‌പിന്നര്‍.
ഐപിഎല്‍ ആദ്യ പാദം.
ഐപിഎല്ലില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു വിജയം. അവസാന ഓവറില്‍ 16 റണ്‍സ് വേണമെന്നിരിക്കെ അവസാന ബോളില്‍ കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിനു വിജയം നേടിയെടുത്തത്. തോല്‍ക്കുമെന്ന് ഉറപ്പിച്ച കളി 34 പന്തില്‍ 8 സിക്സും 6 ബൗണ്ടറിയും അടക്കം 87 റണ്‍സ് നേടിയാണ് കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിനു വിജയം നേടി കൊടുത്തത്.
ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഉള്ള കണക്കിലും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് മുന്നില്‍. 31 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. ഇതില്‍ 19 എണ്ണത്തില്‍ വിജയം മുംബൈയ്ക്കായിരുന്നു. 12 മല്‍സരങ്ങളില്‍ സിഎസ്‌കെയും ജയിച്ചുകയറി.അവസാനം ഏഴു മത്സരങ്ങളില്‍ 1 എണ്ണത്തില്‍ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം നേടിയത്.
സാധ്യത ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്സ്: റുതുരാജ് ഗെയ്ക്ക്വാദ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജോഷ് ഹേസല്‍വുഡ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ലുംഗി എന്‍ഗിഡി, ദീപക് ചാഹര്‍.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൂള്‍ട്ടര്‍നൈല്‍/ ജയന്ത് യാദവ്, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.
എത്ര മണിക്കാണ് മത്സരം ആരംഭിക്കുന്നത് ?
2021 സെപ്തംമ്പര്‍ 19, ഇന്ത്യന്‍ സമയം രാത്രി 7:30 ന് മത്സരം ആരംഭിക്കും.
മത്സരം എവിടെ വച്ചാണ് നടക്കുന്നത് ?
ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം
ഐപിഎല്‍ മത്സരം തത്സമയം എങ്ങനെ കാണാം ?
ഐപിഎല്‍ മത്സരങ്ങള്‍ തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സ് നെറ്റ്വര്‍ക്കിലും ഡിസ്നി+ഹോട്ട്സ്റ്റാര്‍ ആപ്പിലും കാണാം.