പരിശീലകനായി ഞാൻ ഉദ്ദേശിച്ചതെല്ലാം നേടി :വൈകാരികനായി രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രവി ശാസ്ത്രി കൂടി പടിയിറങ്ങുന്നു. ഇന്ത്യൻ ടീം പരിശീലക സ്ഥാനം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഒഴിയുമെന്ന് മുൻപ് അറിയിച്ച രവി ശാസ്ത്രി ഇപ്പോൾ പരിശീലകന്റെ റോളിൽ തന്റെ യുഗം അവസാനിച്ചുവെന്ന് വിശദമാക്കുകയാണ് ഇപ്പോൾ.ഇന്ത്യൻ ടീം പരിശീലകന്റെ ഈ ഒരു കുപ്പായം അഴിക്കുമ്പോൾ വളരെ ഏറെ വിഷമമുണ്ട് എന്നും പറഞ്ഞ രവി ശാസ്ത്രി തന്റെ സമയം എത്തിയെന്നും വ്യക്തമാക്കി. കൂടാതെ പരിശീലകനായി സ്വന്തമാക്കുവാൻ കഴിഞ്ഞ നേട്ടങ്ങളെ കുറിച്ചും നായകൻ വിരാട് കോഹ്ലിക്ക് ഒപ്പമുള്ള മികച്ച ബന്ധത്തെ കുറിച്ചും രവി ശാസ്ത്രി വാചാലനായി.

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി താൻ എന്തൊക്കെയാണോ ലക്ഷ്യമിട്ടത് അത് എല്ലാം കരസ്ഥമാക്കിയെന്നും പറഞ്ഞ രവി ശാസ്ത്രി വൈകാരികമായി തന്റെ അഭിപ്രായങ്ങൾ വിശദമാക്കി. “ഇന്ത്യൻ റ്റം പരിശീലക കുപ്പായം അഴിക്കാനുള്ള സമയമായി കഴിഞ്ഞു. കൂടാതെ ഏതൊരു റോളിലും ഒരുപാട് കാലത്തോളം നമുക്ക് ആർക്കും തുടരുവാൻ സാധിക്കില്ലയെന്ന കാര്യവും മറക്കരുത്.പടിയിറങ്ങുമ്പോൾ അൽപ്പം വിഷമമുണ്ട് എങ്കിലും നേടിയ നേട്ടങ്ങൾ എല്ലാം സ്വപ്നം കണ്ടതിലും അപ്പുറമാണ്. ഇംഗ്ലണ്ടിലെ ടെസ്റ്റ്‌ പരമ്പര നേട്ടവും ഓസ്ട്രേലിയയിലെ ചരിത്ര ടെസ്റ്റ്‌ പരമ്പര നേട്ടവും എല്ലാം മറക്കാനാകാത്ത നിമിഷങ്ങളാണ് “രവി ശാസ്ത്രി തുറന്ന് പറഞ്ഞു.

“ക്രിക്കറ്റ് എന്ന കളിയിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി തുടരുക എന്നാൽ എന്റെ അഭിപ്രായത്തിൽ ബ്രസീലിന്റെയോ ഇംഗ്ലണ്ട് ടീമിന്റെയോ എല്ലാം ഫുട്ബോൾ കോച്ചായി തുടരുന്നത് പോലെയാണ്. നമ്മൾ എപ്പോൾ എല്ലാ തോൽവിക്കും ഒപ്പം രൂക്ഷ വിമർശനവും പരിഹാസവും കേൾക്കാം. എല്ലാ ടീമുകൾക്കും എതിരെ സ്വദേശത്തും വിദേശത്തും ലിമിറ്റഡ് ഓവർ പരമ്പരകൾ നേടുവാൻ കഴിഞ്ഞു. ഇനി ടി :20 ക്രിക്കറ്റ് ലോകകപ്പ് കൂടി നേടുവാൻ കഴിഞ്ഞാൽ ഇരട്ടി മധുരം. ടീം ഒന്നാകെ അതിനുള്ള തയ്യാറെടുപ്പിലാണ്” രവി ശാസ്ത്രി അഭിപ്രായം വിശദമാക്കി

നേരത്തെ 2017ൽ അനിൽ കുംബ്ലക്ക്‌ പകരമാണ് രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലകനായി എത്തിയത്. നിലവിൽ കോവിഡ് ബാധിതനായ രവി ശാസ്ത്രി ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യക്ക് കിരീടം സമ്മാനിക്കാനുള്ള തിരക്കിലാണ്