കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സർവ്വാധിപത്യം നേടി ചെന്നൈ സൂപ്പർ കിങ്സിന് ഉഗ്രൻ വിജയം. ബോളിങ്ങിലും ബാറ്റിങ്ങിലും പൂർണമായി ആധിപത്യം സ്ഥാപിച്ച ചെന്നൈ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ചെന്നൈക്കായി തുഷാർ ദേശ്പാണ്ടെയും രവീന്ദ്ര ജഡേജയും 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു.
ബാറ്റിംഗിൽ നായകൻ ഋതുരാജ് അർദ്ധസെഞ്ച്വറിയുമായി പക്വതയാർന്ന പ്രകടനം പുറത്തെടുത്തതോടെ ചെന്നൈ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ പരാജയമറിഞ്ഞ ചെന്നൈയുടെ ഒരു തിരിച്ചുവരവ് കൂടിയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ കൊൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ സോൾട്ടിന്(0) പുറത്താക്കാൻ ചെന്നൈക്ക് സാധിച്ചു. ശേഷമെത്തിയ നരെയനും രഘുവംശിയും ചേർന്ന് പവർപ്ലേ ഓവറുകളിൽ കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി. നരെയൻ 20 പന്തുകളിൽ 27 റൺസ് നേടിയപ്പോൾ, രഘുവംശി 18 പന്തുകളിൽ 24 റൺസാണ് നേടിയത്.
എന്നാൽ ഇവർക്ക് ശേഷം ക്രീസിലെത്തിയ മറ്റു താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഇത് കൊൽക്കത്തയ്ക്ക് വലിയ തലവേദന ഉണ്ടാക്കി. ഒരു വശത്ത് നായകൻ ശ്രേയസ് അയ്യർ ക്രീസിലുറച്ചു. പക്ഷേ മറുവശത്ത് നിരന്തരം വിക്കറ്റുകൾ നഷ്ടമായി.
ശ്രേയസ് അയ്യർ മത്സരത്തിൽ 32 പന്തുകളിൽ 34 റൺസ് ആണ് നേടിയത്. പക്ഷേ അവസാന ഓവറുകളിൽ വിചാരിച്ച ഫിനിഷിംഗ് നടത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. ഇങ്ങനെ നിശ്ചിത 20 ഓവറകളിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് കൊൽക്കത്ത സ്വന്തമാക്കിയത്.
ചെന്നൈക്കായി രവീന്ദ്ര ജഡേജയാണ് ബോളിങ്ങിൽ മികവ് പുലർത്തിയത്. 4 ഓവറുകളിൽ കേവലം 18 റൺസ് മാത്രം വിട്ടുനൽകി ജഡേജ മത്സരത്തിൽ 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. തുഷാർ ദേശ്പാണ്ടെ 3 വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് റചിൻ രവീന്ദ്രയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.
പക്ഷേ ഋതുരാജും ഡാരിൽ മിച്ചലും പക്വതയോടെ ബാറ്റിംഗ് തുടർന്നപ്പോൾ ചെന്നൈ മത്സരത്തിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. ഒരു ഏകദിന ബാറ്ററുടെ ശൈലിയിൽ പൂർണമായും മത്സരം പിടിച്ചെടുക്കാൻ ഋതുരാജിന് സാധിച്ചു. 45 പന്തുകളിൽ നിന്നാണ് ചെന്നൈയുടെ നായകൻ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.
മത്സരത്തിൽ ഋതുരാജ് 58 പന്തുകളിൽ 67 റൺസാണ് നേടിയത്. 9 ബൗണ്ടറികൾ ഋതുരാജിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഡാരിൽ മിച്ചൽ മത്സരത്തിൽ 19 പന്തുകളിൽ 25 റൺസാണ് നേടിയത്. ഒപ്പം അവസാന സമയങ്ങളിൽ 18 പന്തുകളിൽ 28 റൺസ് നേടിയ ദുബെയും അടിച്ചു തകർത്തതോടെ ചെന്നൈ അനായാസം വിജയത്തിൽ എത്തുകയായിരുന്നു.