കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടി തന്റെ സെഞ്ച്വറിയുടെ വരൾച്ചക്ക് വിരാട് കോഹ്ലി അവസാനം കുറിച്ചത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ മുൻ നായകൻ കാഴ്ചവച്ചത്. 61 പന്തിൽ 13 ബൗണ്ടറികളും 6 സിക്സറുമടക്കം പുറത്താകാതെ 122 റൺസ് ആണ് താരം നേടിയത്.
2019 നവംബറിന് ശേഷം ആദ്യമായി സെഞ്ച്വറി നേടുന്ന കോഹ്ലിയുടെ 71മത്തെ ശതകം എല്ലാ ക്രിക്കറ്റ് ആരാധകരും ആഘോഷിച്ചു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ മാത്രമല്ല ശ്രീലങ്കക്കെതിരായ മത്സരം ഒഴികെ ബാക്കി എല്ലാ മത്സരങ്ങളിലും തിളങ്ങാൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. രണ്ട് അർദ്ധ സെഞ്ച്വറികളും ഈ ടൂർണമെൻ്റിൽ കോഹ്ലി നേടിയിട്ടുണ്ട്.
ക്രിക്കറ്റിന്റെ രാജാവിന്റെ തിരിച്ചുവരവിൽ ലോകം മുഴുവനുള്ള ആരാധകരും മറ്റ് ക്രിക്കറ്റ് താരങ്ങളും ആശംസകളും നേർന്നപ്പോൾ അതിൽ നിന്നും എല്ലാം ശ്രദ്ധേയമായത് ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ട്വീറ്റാണ്.”രാജാവ് തിരിച്ചെത്തി, അവർ പറയുന്നു. പക്ഷേ, അവൻ ഒരിക്കലും വിട്ടുപോയിരുന്നില്ല , അല്ലേ? അവൻ യുദ്ധങ്ങളിൽ പോരാടി , വീണ്ടും വീണ്ടും! അവൻ യുദ്ധങ്ങളെയും പാടുകളെയും നിർഭയമായി നേരിട്ടു, ഒരിക്കൽ പോലും പിന്തിരിഞ്ഞില്ല! നിരന്തര യോദ്ധാവിനെ തടയാൻ തടസ്സങ്ങൾക്ക് കഴിയില്ല! ക്രിക്കറ്റ് ഹായ് അഭി ബാക്കി! #WhistlePodu,”. ഇതായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയതോടെ റിക്കി പോണ്ടിങ്ങിൻ്റെ അന്താരാഷ്ട്ര സെഞ്ച്വറികളുടെ എണ്ണത്തിന് ഒപ്പം എത്താൻ കോഹ്ലിക്ക് സാധിച്ചു. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ എക്കാലത്തെയും പട്ടികയിൽ കോഹ്ലിക്ക് മുമ്പിൽ ഇനിയുള്ളത് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ്. മാത്രമല്ല 20-20 യിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായാണ് കോഹ്ലി സെഞ്ചുറി നേടുന്നത്.