സഞ്ജുവിനായി 30 കോടി മുടക്കാൻ ചെന്നൈയും ബാംഗ്ലൂരും. രാജസ്ഥാൻ വിട്ടുനൽകുമോ?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി എല്ലാത്തരത്തിലും മത്സരങ്ങൾ മുറുകുകയാണ്. മെഗാ ലേലം നടക്കുന്നതിനാൽ തന്നെ തങ്ങളുടെ ടീമിലേക്ക് വമ്പൻ താരങ്ങളെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് 10 ഫ്രാഞ്ചൈസികളും. മലയാളി താരം സഞ്ജുവിനെ സംബന്ധിച്ചും ഈ സീസൺ വലിയൊരു മാറ്റത്തിന് തുടക്കമാകും എന്നാണ് കരുതുന്നത്.

രാജസ്ഥാൻ റോയൽസ് സഞ്ജു സാംസനെ കൈവിടുകയാണെങ്കിൽ മലയാളി താരത്തെ സ്വന്തമാക്കാനായി രണ്ട് ടീമുകൾ ഇപ്പോൾ തന്നെ റെഡിയായി കഴിഞ്ഞു. വമ്പൻ തുകയായ 30 കോടി രൂപയ്ക്ക് സഞ്ജുവിനെ സ്വന്തമാക്കാനാണ് 2 ടീമുകൾ ഇപ്പോൾ ശ്രമം നടത്തുന്നത്.

ആകാശ് ചോപ്രയെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഇപ്പോൾ ഇതേ സംബന്ധിച്ചുള്ള റൂമറുകൾ ശക്തമാക്കിയത്. മുൻപ് 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ സ്വന്തമാക്കാനായി നീക്കം നടത്തുന്നു എന്നാണ് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത്.

സഞ്ജുവും ചെന്നൈ സൂപ്പർ കിംഗ്സുമായി മുൻപ് ചർച്ചകൾ നടന്നിരുന്നു എന്ന റൂമറുകൾ സജീവമായിരുന്നു. സഞ്ജുവിനെ സ്വന്തമാക്കാനായി ധോണിയുടെ ടീം മുൻപ് തന്നെ നീക്കം നടത്തിയിരുന്നതായി ചോപ്ര വെളിപ്പെടുത്തുകയുണ്ടായി. ഇത്തവണത്തെ 30 കോടി രൂപയ്ക്ക് സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ തയ്യാറാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചെന്നൈയ്ക്ക് പുറമെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും സഞ്ജുവിനായി ഇത്തവണ രംഗത്ത് എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇതേ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 2021 ഐപിഎൽ സീസണിന് മുന്നോടിയായി സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈയും ബാംഗ്ലൂരും ശ്രമിക്കുന്നതായാണ് ആകാശ് ചോപ്ര അന്ന് പറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പിന്നീട് ഒരുപാട് റൂമറുകൾ പൊട്ടിപ്പുറപ്പെട്ടത്. അന്ന് ട്രേഡിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ഇരുടീമുകളും ശ്രമിച്ചത്. പക്ഷേ അത് നടന്നില്ല. ഇത്തവണ ഇരു ടീമുകളും സജീവമായി രംഗത്തുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മറുവശത്ത് രാജസ്ഥാൻ റോയൽസ് ടീം സഞ്ജുവിനെ വിട്ടു നൽകുമോ എന്നത് വലിയ സംശയമായി നിലനിൽക്കുകയാണ്. കഴിഞ്ഞ സീസണുകളിലൊക്കെയും രാജസ്ഥാനെ മികച്ച രീതിയിൽ നയിക്കാൻ മലയാളി താരത്തിന് സാധിച്ചിരുന്നു. കിരീടങ്ങൾ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും തുടർച്ചയായി രാജസ്ഥാനെ സെമി ഫൈനലിലും ഫൈനലിലും എത്തിക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

ഇത്തവണ സഞ്ജുവിനെ നിലനിർത്തി മികച്ചൊരു ടീം കെട്ടിപ്പടുക്കാനാവും രാജസ്ഥാൻ ശ്രമിക്കുക. അങ്ങനെയുള്ളപ്പോൾ സഞ്ജുവിനെ രാജസ്ഥാൻ ലേലത്തിന് വിടാനും സാധ്യതകൾ വളരെ കുറവാണ്. എന്നാൽ ലേലത്തിന്റെ ലിസ്റ്റിൽ സഞ്ജു എത്തിയാൽ പല റെക്കോർഡുകളും കാറ്റിൽ പറക്കും എന്നതും വ്യക്തമാണ്.

Previous articleഅവനെ ഒരിക്കലും ഇന്ത്യൻ നായകൻ ആക്കരുത്. അബദ്ധമാകുമെന്ന് ദിനേശ് കാർത്തിക്.
Next articleരോഹിതിനെ ലേലത്തിൽ നേടാനായി, 50 കോടി രൂപ മാറ്റിവയ്ച്ച് 2 ടീമുകൾ. ചരിത്രം സൃഷ്ടിക്കാൻ രോഹിത്.