ആദ്യ റൗണ്ടിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം സൂപ്പർ 8 ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യ. സൂപ്പർ 8ൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ബാർബഡോസിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് കുറച്ചധികം വെല്ലുവിളികളും നിലനിൽക്കുന്നു.
ഇതുവരെ അമേരിക്കൻ പിച്ചുകളിലാണ് ഇന്ത്യ ഈ ടൂർണമെന്റിൽ കളിച്ചിട്ടുള്ളത്. ശേഷം വിൻഡിസിലെ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് പെട്ടെന്ന് തന്നെ ഉൾക്കൊള്ളാൻ സാധിക്കുമോ എന്ന ആശങ്ക ആരാധകർക്ക് അടക്കമുണ്ട്. ന്യൂയോർക്കിലേതിൽ നിന്ന് വ്യത്യസ്തമായി കരീബിയൻ പിച്ചുകൾ സ്പിന്നിനെ കൂടുതൽ അനുകൂലിക്കുന്നതാണ്. അതിനാൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ട്. ഇത്തരത്തിൽ ഇന്ത്യ ടീമിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.
കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത്, ബുമ്ര, ഹർദിക് പാണ്ഡ്യ എന്നിവരുടെ മികച്ച പ്രകടനങ്ങൾ ടീമിന് ഗുണം ചെയ്തിട്ടുണ്ട് എന്ന് ശ്രീകാന്ത് കരുതുന്നു. എന്നിരുന്നാലും സൂപ്പർ 8ൽ ചില മാറ്റങ്ങൾ ഇന്ത്യയ്ക്ക് അനിവാര്യമാണ് എന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം.
“നിലവിൽ മൂന്നാം നമ്പറിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഋഷഭ് പന്ത്. വളരെ പോസിറ്റീവായി കളിക്കാൻ പന്തിന് സാധിക്കുന്നുണ്ട്. അത് ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ഒരു മൂവ് തന്നെയായിരുന്നു. അവനാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ ഗെയിം ചേഞ്ചർ എന്ന് ഞാൻ കരുതുന്നു. മൂന്നാം നമ്പറിൽ ക്രീസിലെത്തി ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ അവന് സാധിക്കുന്നുണ്ട്.”- ശ്രീകാന്ത് പറഞ്ഞു.
“മുൻനിരയിൽ പന്ത് മികച്ച ഷോട്ടുകൾ കളിക്കുന്നുണ്ട്. അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നു. ഒപ്പം ബുമ്ര നല്ല പ്രകടനങ്ങളാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. ഹർദിക് പാണ്ഡ്യയുടെ ബോളിംഗ് മികവും ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ ഇന്ത്യയുടെ പോസിറ്റീവുകളാണ് ഇതൊക്കെയും. എന്നാൽ ഇന്ത്യ കുൽദീപിനെ കളിപ്പിക്കേണ്ട സമയമായി എന്നാണ് ഞാൻ കരുതുന്നത്. ഞാനായിരുന്നു ഇന്ത്യയുടെ നായകനെങ്കിൽ ഉറപ്പായും കുൽദീപ് യാദവിനെ ഈ സമയത്ത് മൈതാനത്ത് ഇറക്കിയേനെ. കാരണം വിൻഡീസിൽ കൈക്കുഴ സ്പിന്നർമാർ നമ്മുടെ മാച്ച് വിന്നർമാരായി മാറിയേക്കും.”- ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ നടന്ന മത്സരങ്ങളിലൊക്കെ സ്പിന്നർമാരായി ഇന്ത്യ ഉൾപ്പെടുത്തിയിരുന്നത് ജഡേജയെയും അക്ഷർ പട്ടേലിനെയുമാണ്. ഇരുവരും തരക്കേടില്ലാത്ത പ്രകടനങ്ങൾ ഇന്ത്യക്കായി കാഴ്ച വച്ചിട്ടുമുണ്ട്. പക്ഷേ വിൻഡീസിൽ സ്പിന്നിന് അനുകൂലമായ സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുടെ ആവശ്യം ഇന്ത്യയ്ക്കുണ്ട്. മാത്രമല്ല അഫ്ഗാനിസ്ഥാൻ ടീം വളരെ മികച്ച സ്പിന്നർമാരുടെ സാന്നിധ്യത്താൽ സമ്പന്നമാണ്. ആ നിലയിലേക്ക് ഇന്ത്യയും എത്തിയാൽ മാത്രമേ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കൂ.