ഇത്തവണത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19നാണ് തുടങ്ങുന്നത്. ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത ലക്ഷ്യം ചാമ്പ്യൻസ് ട്രോഫിയിൽ വിജയം സ്വന്തമാക്കുക എന്നതാണ്. ഇതിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെതിരെ 5 ട്വന്റി20 മത്സരങ്ങളും 3 ഏകദിനങ്ങളും അടങ്ങുന്ന പരമ്പരകൾ കളിക്കും. ജനുവരി 22നാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരമ്പരകൾ ആരംഭിക്കുന്നത്.
നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രോഹിത് ശർമ തന്നെയാണ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീമിനെ നയിക്കുക. ടീമിന്റെ പൂർണമായ വിവരങ്ങൾ ജനുവരി 9, 10 ദിവസങ്ങളിൽ ബിസിസിഐ പുറത്തുവിടുമെന്നാണ് കരുതുന്നത്.
വലിയ മാറ്റങ്ങളുമയാവും ഇത്തവണ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത്. സ്റ്റാർ പേസർ മുഹമ്മദ് ഷാമി ഒന്നര വർഷത്തിന് ശേഷം ഇന്ത്യയുടെ ദേശീയ ടീമിലേക്ക് ചാമ്പ്യൻസ് ട്രോഫിയിലൂടെ തിരികെയെത്തും എന്നാണ് കരുതുന്നത്. എന്നാൽ കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും മലയാളി താരം സഞ്ജു സാംസണെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. സമീപകാലത്ത് വേണ്ട രീതിയിൽ ഏകദിന മത്സരങ്ങൾ കളിക്കാനോ മികവ് പുലർത്താനോ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇതിന് ശേഷമാണ് സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കുക. എന്നാൽ നിതീഷ് റെഡ്ഡി, അക്ഷർ പട്ടേൽ എന്നീ ഓൾറൗണ്ടർമാരിൽ ഒരാളെയെങ്കിലും ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അതേ സ്ക്വാഡിനെ തന്നെയാവും ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്കായും നിശ്ചയിക്കുക. ബോർഡർ- ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ പരിക്കേറ്റ ബൂമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും മാറിനിൽക്കാനാണ് സാധ്യത. ശേഷം ചാമ്പ്യൻസ് ട്രോഫിയിലൂടെ ബുമ്ര തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ ടീമിലേക്ക് തിരികെയെത്താൻ സാധ്യതയുള്ള മറ്റൊരു താരം ശ്രേയസ് അയ്യരാണ്. രോഹിത് ശർമ, ശുഭമാൻ ഗിൽ എന്നിവർ തന്നെയാവും ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ഓപ്പണർമാർ. വിരാട് കോഹ്ലി മൂന്നാം നമ്പരിലും, റിഷഭ് പന്ത് മധ്യനിരയിലും ബാറ്റിങ്ങിനിറങ്ങും.
കെഎൽ രാഹുൽ, ഹർദിക് പാണ്ഡ്യ എന്നീ താരങ്ങളാവും ഇന്ത്യയുടെ മധ്യനിരയിലെ മറ്റ് പ്രധാന ശക്തികൾ. ഓൾറൗണ്ടർമാരായി ഇന്ത്യ രവീന്ദ്ര ജഡേജയെയും വാഷിംഗ്ടൺ സുന്ദറിനെയും സ്‌ക്വാഡിൽ ഉൾപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നു. മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ജസ്പ്രീറ്റ് ബൂമ്ര എന്നീ പേസർമാരുടെ സേവനമായിരിക്കും ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് ലഭിക്കുക. ശ്രേയസ് അയ്യർ കൂടെ വരുന്നതോടെ ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് അല്പം വർദ്ധിക്കും. നിധീഷ് റെഡ്ഡി സ്ക്വാഡിൽ ഇടംപിടിച്ചാൽ ഇന്ത്യയ്ക്ക് അത് കൂടുതൽ ബാലൻസ് നൽകും. ഒപ്പം യുവ ഓപ്പണർ ജയസ്വാളും ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിൽ ഒരു ടീമാവും ഇന്ത്യ കെട്ടിപ്പടുക്കുക