2023 ഏഷ്യാകപ്പിലെ സൂപ്പർ 4 മത്സരത്തിനിടെ ആയിരുന്നു ഇന്ത്യയുടെ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് പരിക്കേറ്റത്. ഇതുമൂലം അക്ഷർ ടീമിന് പുറത്തു പോയിരുന്നു. പകരക്കാരനായി വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ ഇടംപിടിച്ചത്. ഇതിനുപിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും അക്ഷറിന് കളിക്കാനാവില്ല എന്ന് രോഹിത് ശർമ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അക്ഷറിന്റെ പരിക്ക് സംബന്ധിച്ച് കൂടുതൽ വ്യക്തത പുറത്തുവരാനുണ്ട്.
എന്നിരുന്നാലും അക്ഷറിന്റെ അഭാവത്തിൽ ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അക്ഷറിന് ഏകദിന ലോകകപ്പിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ അശ്വിനോ വാഷിംഗ്ടൺ സുന്ദറോ പകരക്കാരനായി സ്ക്വാഡിലെത്തും എന്ന സൂചന ഇതിനോടകം തന്നെ അജിത്ത് അഗാർക്കർ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ അക്ഷറിന് ലോകകപ്പിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ, പകരക്കാരായി അശ്വിനോ വാഷിംഗ്ടൺ സുന്ദറോ അല്ല എത്തേണ്ടത് എന്നാണ് ഹർഭജൻ സിംഗ് പറയുന്നത്.
അക്ഷർ പട്ടേലിന് പരിക്കു മൂലം മാറി നിൽക്കേണ്ടി വരികയാണെങ്കിൽ 33കാരനായ യൂസ്വെന്ദ്ര ചാഹലിനെയാണ് ഇന്ത്യ ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കേണ്ടത് എന്ന് ഹർഭജൻ സിംഗ് പറയുന്നു. ഇതുവരെ ഇന്ത്യക്കായി വളരെ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നറാണ് ചാഹൽ. 72 ഏകദിന മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച ചാഹൽ 121 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിക്കാൻ ചാഹലിന് സാധിച്ചിരുന്നില്ല. ചാഹൽ തന്റെ കഴിവ് തെളിയിക്കപ്പെട്ട കളിക്കാരനായതിനാൽ തന്നെ ഇന്ത്യ അയാളെ ടീമിലേക്ക് പരിഗണിക്കണം എന്നാണ് ഹർഭജൻ സിംഗ് പറയുന്നത്.
“മറ്റേത് കളിക്കാരനെ ഇന്ത്യയുടെ ടീമിൽ ഉൾപ്പെടുത്തിയിട്ടും കാര്യമില്ല. ഇന്ത്യ ഇനി ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടത് ചാഹലിനെയാണ്. അയാൾ ഒരു തെളിയിക്കപ്പെട്ട കളിക്കാരനാണ്. മാത്രമല്ല ഒരു മാച്ച് വിന്നറുമാണ്. ഏഷ്യാകപ്പിൽ ചാഹലിന്റെ അഭാവം വലിയ രീതിയിൽ ഇന്ത്യയെ ബാധിച്ചിരുന്നു. ലോകകപ്പിൽ അത് ആവർത്തിക്കാൻ പാടില്ല.”- ഹർഭജൻ സിംഗ് പറയുന്നു.
2019 ഏകദിന ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡിലെ അംഗമായിരുന്നു ചാഹൽ. 2023 ജനുവരിയിൽ ന്യൂസിലാൻഡിനെതിരെയാണ് അവസാനമായി ചാഹൽ ഏകദിന മത്സരം കളിച്ചത്. അതിനുശേഷം ടീമിലേക്ക് തിരികെയെത്താൻ ചാഹലിന് സാധിച്ചിട്ടില്ല. നിലവിൽ ഇന്ത്യ കുൽദീവ് യാദവിനെ മാത്രമാണ് സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ചാഹൽ ഇന്ത്യയ്ക്ക് ഒരു ബാക്കപ്പ് കളിക്കാരനായി മാറും എന്നത് ഉറപ്പാണ്. ഇതേ സംബന്ധിച്ചുള്ള തീരുമാനങ്ങൾ വരും ദിവസങ്ങളിൽ ഇന്ത്യ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.