ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന പതിപ്പ് അടുത്ത വർഷം ആദ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഇന്ത്യയിലെ വനിതാ ക്രിക്കറ്റിനായുള്ള ബിസിസിഐയുടെ പദ്ധതികളെക്കുറിച്ച് സംസ്ഥാന ബോർഡുകളെ അറിയിച്ചു.
“നിലവിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്ലിനായി ബിസിസിഐ പ്രവർത്തിക്കുകയാണ്. അടുത്ത വർഷം ആദ്യം ആദ്യ സീസൺ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ അറിയിക്കും” സംസ്ഥാന മേധാവികള്‍ക്കയച്ച ഇമെയിലിൽ ഗാംഗുലി കുറിച്ചു.
വനിതാ ഐപിഎൽ ആരംഭിക്കുന്നതിനൊപ്പം പെൺകുട്ടികൾക്കായി അണ്ടർ 15 ടൂർണമെന്റും ബോർഡ് ആരംഭിക്കും. “ഈ സീസൺ മുതൽ പെൺകുട്ടികളുടെ അണ്ടർ-15 ടൂർണമെന്റ് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ലോകമെമ്പാടും വനിതാ ക്രിക്കറ്റ് അഭൂതപൂർവമായ വളർച്ച കൈവരിച്ചു, ഞങ്ങളുടെ ദേശീയ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ പുതിയ ടൂർണമെന്റ് നമ്മുടെ പെൺകുട്ടികൾക്ക് അന്താരാഷ്ട്ര തലത്തിൽ കളിക്കാനുള്ള വഴിയൊരുക്കും.,” ഗാംഗുലി കുറിച്ചം
ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് അവസാനിച്ചതിന് ശേഷം ഇന്ത്യൻ പുരുഷ ടീം ന്യൂസിലൻഡുമായും ശ്രീലങ്കയുമായും സ്വന്തം തട്ടകത്തിൽ കളിക്കുമെന്നും ഇന്ത്യൻ വനിതാ ടീം ഓസ്‌ട്രേലിയയ്‌ക്ക് ആതിഥേയത്വം വഹിക്കുമെന്നും സംസ്ഥാന അസോസിയേഷനുകൾക്ക് അയച്ച മെയിലിൽ ഗാംഗുലി അറിയിച്ചു.
ഐപിഎൽ 2023 ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് മടങ്ങും എന്നും ബിസിസിഐ അറിയിച്ചട്ടുണ്ട്.