ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മത്സരത്തിലെ ദയനീയമായ പരാജയത്തിന് ശേഷം ഇന്ത്യയുടെ ബോളിങ് നിരയെപ്പറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി. ഇന്ത്യയുടെ ബോളിങ്ങിലെ മുഴുവൻ ഉത്തരവാദിത്വങ്ങളും പേസറായ ജസ്പ്രീത് ബുംറയിൽ മാത്രം ഏൽപ്പിക്കാൻ സാധിക്കില്ല എന്നാണ് രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞത്.
മറ്റു ബോളർമാരും മത്സരത്തിൽ മുൻപിലേക്ക് വന്ന് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാവണമെന്ന് രോഹിത് ശർമ ചൂണ്ടിക്കാട്ടുകയുണ്ടായി. അഡ്ലൈഡിലെ ദയനീയമായ പരാജയത്തിനിടയിലും ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന പ്രകടനം കാഴ്ചവച്ചത് ബുംറ മാത്രമായിരുന്നു.
രണ്ടാം ടെസ്റ്റ് മത്സരത്തിൽ 4 വിക്കറ്റുകൾ ആയിരുന്നു ബുംറ സ്വന്തമാക്കിയത്. ഇതേ സംബന്ധിച്ചാണ് രോഹിത് ശർമ സംസാരിച്ചത്. “ഇപ്പോൾ ഞങ്ങൾ കളിക്കുന്നത് കേവലം ഒരു ബോളറെ മാത്രം മുന്നിൽ കണ്ടല്ല. മറ്റു ബോളർമാരും ടീമിന്റെ ഉത്തരവാദിത്വം കൃത്യമായി ഏറ്റെടുത്ത് രംഗത്തേക്ക് എത്തേണ്ടതുണ്ട്. സിറാജ് ആയാലും ഹർഷിദ് റാണ ആയാലും നിതീഷ് റെഡ്ഡി ആയാലും ഇന്ത്യൻ ടീമിലെ ബോളർമാർ തന്നെയാണ്. ഇവരൊക്കെയും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി പാലിക്കാൻ തയ്യാറാവണം.”- രോഹിത് ശർമ പറയുകയുണ്ടായി.
“ഈ ബോളമാരിൽ ചിലർ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കടന്നു വന്നതേയുള്ളൂ. അവർക്ക് ഇനിയും ആത്മവിശ്വാസം നൽകേണ്ടത് ആവശ്യമാണ്. അതിനായുള്ള പദ്ധതികൾ ഞങ്ങൾ ആലോചിക്കുകയും അത് ആവിഷ്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഏത് സമയത്തും ബുംറ 2 ഭാഗങ്ങളിൽ നിന്നും പന്തറിയുമെന്ന് ആരും പ്രതീക്ഷിക്കരുത്. ബുംറ സ്പെൽ ഫിനിഷ് ചെയ്യുന്ന സമയത്തൊക്കെയും ഞാൻ അവനുമായി സംസാരിക്കാറുണ്ട്. ഓരോ ഓവർ കഴിയുമ്പോഴും അവന്റെ ശരീരം ഫിറ്റാണോ എന്ന് ഞാൻ അന്വേഷിക്കാറുണ്ട്. കാരണം ഇതൊരു 5 മത്സരങ്ങളടങ്ങിയ പരമ്പരയാണ്. എല്ലാ മത്സരങ്ങളിലും ബുംറയുടെ സേവനം ഇന്ത്യൻ ടീമിന് ആവശ്യമാണ്.”- രോഹിത് കൂട്ടിച്ചേർത്തു.
എന്നാൽ നിലവിൽ പരിക്കിൽ നിന്ന് തിരികെയെത്തുന്ന ഷാമിയുടെ കാര്യത്തിൽ രോഹിത്തിന്റെ അഭിപ്രായം വ്യത്യസ്തമാണ്. “ഫിറ്റ്നസ്സിൽ 100%വും കൈവരിച്ച ശേഷം മാത്രമേ മുഹമ്മദ് ഷാമിയെ ടീമിലേക്ക് ഉൾപ്പെടുത്താൻ സാധിക്കൂ. ഷാമി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ട് കുറെ വർഷങ്ങളായി. 100%വും അദ്ദേഹം ഫിറ്റ് അല്ലെങ്കിൽ അദ്ദേഹത്തിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.”- രോഹിത് ശർമ പറഞ്ഞുവയ്ക്കുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ പരമ്പര 1-1 എന്ന രീതിയിലെത്തിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി ഉണ്ടാക്കുന്നു.