ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിരുന്നു. സെഞ്ച്വറിയ്ക്ക് ശേഷം സഞ്ജുവിന് ലോകത്തിന്റെ വിവിധ ദിശകളിൽ നിന്ന് പ്രശംസകളുമെത്തി. എന്നാൽ ഇപ്പോൾ സഞ്ജു സാംസനെ താഴ്ത്തിക്കെട്ടി സംസാരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം കെ ശ്രീകാന്ത്.
ട്വന്റി20 ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയത് കൊണ്ട് മാത്രം സഞ്ജുവിനെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണറാക്കി മാറ്റാൻ സാധിക്കില്ല എന്നാണ് ശ്രീകാന്ത് പറയുന്നത്. മാത്രമല്ല ബംഗ്ലാദേശിനെ പോലെ ദുർബലമായ ഒരു ടീമിനെതിരെ സെഞ്ച്വറി നേടിയതും വലിയ കാര്യമായി ശ്രീകാന്ത് കാണുന്നില്ല.
“ഇന്ത്യയുടെ പുതിയ ട്വന്റി20 ഓപ്പണറായി സഞ്ജു സാംസൺ മാറുമെന്ന് പറയാൻ ഒരിക്കലും സാധിക്കില്ല. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ സഞ്ജു സാംസൺ സെഞ്ച്വറി സ്വന്തമാക്കി എന്നത് ശരിയാണ്. എന്നാൽ ഹൈദരാബാദിലെ പിച്ച് വളരെ മോശമാണ്. മാത്രമല്ല ബംഗ്ലാദേശിനെ പോലെ വളരെ ദുർബലമായ ഒരു ബോളിംഗ് ലൈനപ്പുള്ള ടീമിനെതിരെ സെഞ്ചുറി നേടിയത് ഒരു കാരണവശാലും വലിയ കാര്യമായി കാണാൻ സാധിക്കില്ല. മത്സരത്തിൽ ഫീൽഡിങ്ങിലടക്കം വളരെ മോശം പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ചവച്ചത്.”- ശ്രീകാന്ത് പറയുന്നു.
“ബംഗ്ലാദേശിനെതിരെ ഉജ്ജ്വലമായ രീതിയിൽ തന്നെ ബാറ്റ് ചെയ്യാൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. അക്കാര്യം ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഇത്തരത്തിൽ ദുർബലമായ ഒരു ടീമിനെതിരെ സെഞ്ച്വറി നേടിയതുകൊണ്ട് മാത്രം സഞ്ജുവിനെ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാക്കി മാറ്റണം എന്നൊക്കെ പറഞ്ഞാൽ അതിനോട് ഒരിക്കലും യോജിക്കാൻ സാധിക്കില്ല. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണർ ജയസ്വാൾ തന്നെയായിരിക്കും. മാത്രമല്ല ഋതുരാജും ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുന്ന താരമാണ്. പക്ഷേ ഇപ്പോൾ ഇന്ത്യ ഋതുരാജിനെ മറന്ന് പ്രതീതിയാണുള്ളത്. ഋതുരാജിന്റെ പേര് പോലും ഒരിടത്തും ആരും എടുത്തു പറയുന്നില്ല. ഗില്ലും ഓപ്പണർ സ്ഥാനത്തിനായി മത്സരിക്കുകയാണ്.”- ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നു.
വളരെ വിമർശനാത്മകമായ സമീപനമാണ് ശ്രീകാന്ത് സഞ്ജു സാംസനെതിരെ സ്വീകരിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ സെഞ്ച്വറി സഞ്ജുവിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. തന്റെ ഫുട് വർക്കിൽ അടക്കം മാറ്റമുണ്ടാക്കിയാണ് സഞ്ജു മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇതിന് പിന്നാലെ ഐസിസിയുടെ ട്വന്റി20 റാങ്കിങ്ങിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സഞ്ജുവിന് സാധിച്ചു. ഇക്കാരണങ്ങളാൽ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയിലും സഞ്ജു ഇന്ത്യൻ ടീമിന്റെ ഭാഗമാകും എന്നാണ് കരുതപ്പെടുന്നത്.