ഇനി അവനെ അവഗണിക്കാൻ ബിസിസിഐയ്ക്ക് പറ്റില്ല. സഞ്ജുവിനെ ചേർത്ത് പിടിച്ച് മുൻ ഇന്ത്യൻ താരം.

sanju samson

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സഞ്ജു സാംസനെ അഭിനന്ദിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജുവിനെ ഇനി ഇന്ത്യയ്ക്ക് ടീമിൽ നിന്ന് അവഗണിക്കാൻ സാധിക്കില്ലെന്നും, അത്തരമൊരു ഇന്നിങ്സാണ് അയാൾ മൂന്നാം മത്സരത്തിൽ കാഴ്ചവച്ചതെന്നും ചോപ്ര പറയുന്നു. സഞ്ജു മത്സരത്തിൽ തന്റെ കഴിവ് തെളിയിച്ചു എന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ചോപ്ര വിശകലനം ചെയ്തത്. മത്സരത്തിൽ സഞ്ജുവിന്റെ ആക്രമണ മനോഭാവത്തെയും, ബോളർമാരെ നേരിട്ട രീതിയേയും ചോപ്ര പ്രശംസിക്കുകയുണ്ടായി.

“മത്സരത്തിനു മുൻപ് സഞ്ജുവിനെ പറ്റി കുറച്ചു ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ മത്സരത്തിൽ അതിഗംഭീരമായ രീതിയിലാണ് സഞ്ജു കളിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി വളരെ ആക്രമണ മനോഭാവത്തോടെ ബാറ്റ് ചെയ്യാൻ സഞ്ജുവിന് സാധിച്ചു.

മത്സരത്തിൽ താൻ ബാറ്റ് ചെയ്യുന്ന പൊസിഷനിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ച് ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ സഞ്ജു ശ്രമിച്ചിരുന്നു. ഇത് അയാൾക്ക് നല്ലതു മാത്രമേ ചെയ്യൂ. കാരണം സഞ്ജുവിന് ഇനിയും ഇന്ത്യൻ ടീമിൽ ലഭിക്കാൻ സാധ്യതയുള്ള പൊസിഷൻ തന്നെയാണ് നാലാം നമ്പർ.”- ആകാശ് ചോപ്ര പറയുന്നു.

Read Also -  എന്റെ 400 റൺസ് റെക്കോർഡ് അവരിലൊരാൾ തകർക്കും. 2 ഇന്ത്യക്കാരെ ചൂണ്ടിക്കാട്ടി ബ്രയാൻ ലാറ.

“ഇനി വരാനുള്ളത് ട്വന്റി20 പരമ്പരയാണ്. വെസ്റ്റിൻഡീസുമായുള്ള ട്വന്റി20 പരമ്പരയിലും സഞ്ജു സാംസൺ കളിക്കും. ട്വന്റി20 പരമ്പരയിലും ഇന്ത്യൻ ടീമിന്റെ ഭാഗം തന്നെയാണ് സഞ്ജു. ഏകദിന പരമ്പരയിൽ രണ്ടാം മത്സരത്തിലാണ് സഞ്ജു ആദ്യമായി ഇറങ്ങിയത്. മത്സരത്തിൽ മോശം പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്. എന്നാൽ അടുത്ത മത്സരത്തിൽ അർധസെഞ്ച്വറി നേടി സഞ്ജു തിരിച്ചെത്തി. അതുകൊണ്ടുതന്നെ ഇനി സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് അവഗണിക്കാൻ ആർക്കും സാധിക്കില്ല.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

ഇതോടൊപ്പം മത്സരത്തിലെ ഹാർദിക് പാണ്ഡ്യയുടെ പ്രകടനത്തെയും ചോപ്ര അഭിനന്ദിക്കുകയുണ്ടായി. ഹർദിക് പാണ്ഡ്യ തന്റെ ഫോം മത്സരത്തിലൂടെ വീണ്ടെടുത്തിരിക്കുകയാണ് എന്നും, അവസാന ഓവറുകളിലെ ഹർദിക്കിന്റെ ബാറ്റിംഗ് അതിഗംഭീരമായിരുന്നുവെന്നും ചോപ്ര പറഞ്ഞു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ക്രീസിലുറയ്ക്കാനായി പാണ്ഡ്യ നന്നായി സമയം എടുത്തിരുന്നുവെന്നും അതയാളുടെ ഇന്നിംഗ്സിൽ ഗുണകരമായി മാറി എന്നുമാണ് ചോപ്രയുടെ അഭിപ്രായം. നാളെയാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരക്ക് തുടക്കമാകുന്നത്.

Scroll to Top