ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ പേസർ ജസ്പ്രീറ്റ് ബുംമ്ര തിരികെ ടീമിലേക്കെത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ബുംമ്ര ഇല്ലാത്ത ഒരു സ്ക്വാഡാണ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്. ഇതിനുശേഷം, വീണ്ടും ഇന്ത്യ ബുംമ്രയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചിലർ രംഗത്ത് വരികയുണ്ടായി. എന്നാൽ ഇതേ സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ക്ലിയറൻസ് നാഷണൽ ക്രിക്കറ്റ് അക്കാദമി ബുംമ്രക്ക് ഇതുവരെ നൽകാത്തതിനെ തുടർന്നാണ് ടീമിൽ ഉൾപ്പെടുത്താത്തത് എന്നാണ് ക്രിക്ബസ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബൂമ്ര കളിച്ചേക്കുമെന്നും റിപ്പോർട്ട് പറയുന്നു. പക്ഷേ പരിക്കിന്റെ സാഹചര്യങ്ങൾ വിലയിരുത്തി ജോലിഭാരം കൃത്യമായി കണക്കിലെടുത്താവും ബുംറയെ ഐപിഎൽ കളിക്കാൻ അനുവദിക്കുന്നത്. ഐപിഎല്ലിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലും, 50 ഓവർ ലോകകപ്പുമൊക്കെ നടക്കാനിരിക്കുന്നതിനാലാണ് ഇത്തരം ഒരു മുന്നൊരുക്കത്തിന് ബിസിസിഐ തയ്യാറാവുന്നത്.
2023ലെ ഐപിഎല്ലിൽ ഒരു ‘കണ്ടീഷണൽ എൻഒസി’ ആയിരിക്കും ബൂറയ്ക്ക് ഇന്ത്യ നൽകുന്നത്. കൃത്യമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ എൻഓസി ആയിരിക്കും ബൂംറക്ക് ലഭിക്കുന്നത്. മുൻപ് വിദേശ ടീമുകളും ഇത്തരത്തിൽ കണ്ടീഷനൽ എൻഓസി പുറപ്പെടുവിച്ചിട്ടുണ്ട്. തങ്ങളുടെ താരങ്ങൾ ഇത്ര ബോളുകൾ മാത്രമേ നെറ്റ്സിൽ എറിയാവൂ എന്ന തരത്തിലുള്ള എൻഒസി ആവും ഇത്തവണ ഇന്ത്യ ബുംമ്രക്കും നൽകുന്നത്.
ഏകദേശം അഞ്ചു മാസത്തിനു മുൻപാണ് ബൂമ്രാ ഇന്ത്യക്കായി അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. അതിനു ശേഷം ബാക്ക് ഇഞ്ചുറി മൂലം പൂർണമായും കളിക്കളത്തിൽ നിന്നും മാറി നിൽക്കുകയാണ് ബുമ്ര. എന്നാൽ വരുന്ന 50 ഓവർ ലോകകപ്പിലടക്കം ഇന്ത്യയുടെ വലിയ പ്രതീക്ഷ തന്നെയാണ് ഈ സ്റ്റാർ പേസർ.