ബുംറ രോഹിതിനെക്കാൾ നന്നായി ബോളർമാരെ ഉപയോഗിച്ചു. ക്യാപ്റ്റൻസിയിലെ മാറ്റത്തെപറ്റി കാറ്റിച്ച്.

അഡ്ലൈഡിൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമയായിരുന്നു ഇന്ത്യയുടെ നായകൻ. മത്സരത്തിൽ 10 വിക്കറ്റുകളുടെ പരാജയം ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നു. ഇതിനുശേഷം രോഹിത് ശർമയ്ക്കെതിരെ വിമർശനങ്ങളുമായി ഒരുപാട് മുൻതാരങ്ങൾ രംഗത്തെത്തി.

ഇപ്പോൾ ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റർ സൈമൺ കാറ്റിച്ചാണ് രോഹിത്തിന്റെ മോശം ക്യാപ്റ്റൻസിയെ പറ്റി സംസാരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മൂന്നാം ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമയിൽ നിന്ന് കുറച്ചുകൂടി മികച്ച ക്യാപ്റ്റൻസി താൻ പ്രതീക്ഷിക്കുന്നു എന്നാണ് സൈമൺ കാറ്റിച്ച് പറഞ്ഞത്.

മാത്രമല്ല ബുംറയുടെ കീഴിൽ ആദ്യ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് കാറ്റിച്ച് പറയുകയുണ്ടായി. രോഹിത്തിനെക്കാള്‍ മികച്ച രീതിയിൽ ബോളർമാരെ ഉപയോഗിക്കാൻ ബുംറയ്ക്ക് സാധിച്ചു എന്നാണ് സൈമൺ കാറ്റിച്ച് പറഞ്ഞത്. “കഴിഞ്ഞ 2 മത്സരങ്ങളുടെയും ഫലം നമുക്ക് പരിശോധിക്കാം. ബുംറയുടെ കീഴിൽ വളരെ മികച്ച രീതിയിൽ പന്തറിയാൻ ബോളർമാർക്ക് സാധിച്ചു. അഡ്ലൈഡിൽ ഇന്ത്യ അത്ര മികച്ച പ്രകടനമല്ല ബോളിങ്ങിൽ കാഴ്ചവച്ചത്.”- സൈമൺ കാറ്റിച്ച് പ്രതികരിക്കുകയുണ്ടായി.

മൈതാനത്തുള്ള സമയത്ത് രോഹിതിൽ നിന്ന് കൂടുതൽ ഊർജ്ജപരമായ പ്രതികരണങ്ങളാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് കാറ്റിച്ച് പറയുകയുണ്ടായി. ഫീൽഡിങ് സമയത്ത് തങ്ങളുടെ ബോളർമാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ രോഹിത് ശർമ ശ്രമിക്കേണ്ടതുണ്ട് എന്നാണ് കാറ്റിച്ച് കൂട്ടിച്ചേർക്കുന്നത്. ആദ്യ 2 മത്സരങ്ങളിൽ ഇന്ത്യ പൂർണമായും ഉപയോഗിച്ചത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ എന്നീ പേസർമാരെയാണ്. നിതീഷ് റെഡിയും ഇന്ത്യൻ പേസ് നിരയിൽ ഉൾപ്പെട്ടിരുന്നു.

പേർത്തിലെ മത്സരത്തിൽ വളരെ മികച്ച രീതിയിൽ പന്തറിഞ്ഞ സിറാജിനും ഹർഷിത് റാണയ്ക്കും രണ്ടാം ടെസ്റ്റ് മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല. മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ ആകാശ് ദീപിനെ കളിപ്പിക്കണമെന്ന ആവശ്യവും പല മുൻ താരങ്ങളും ഉയർത്തുകയുണ്ടായി. നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ബോളിങ്ങിൽ കുറച്ച് മാറ്റങ്ങൾ കൊണ്ടുവരാനും സാധ്യതകൾ പലരും പ്രവചിക്കുന്നു. ഒപ്പം അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യ മുഹമ്മദ് ഷാമിയെ കളിപ്പിക്കണമെന്നും മുൻ താരങ്ങൾ അവകാശപ്പെടുന്നുണ്ട്.

Previous articleഇന്ത്യക്ക് ഭീക്ഷണിയായി സൂപ്പര്‍ താരം എത്തുന്നു. ഓസീസ് സ്റ്റാർ ബോളർ തിരിച്ചുവരുന്നു.