ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മത്സരത്തിന്റെ പല സമയങ്ങളിലും മികച്ച് നിന്നിട്ടും ഇന്ത്യയ്ക്ക് വിജയത്തിന് അടുത്തേക്ക് എത്താൻ സാധിച്ചില്ല. 184 റൺസിനായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ പരാജയം.
ഇതിന് പ്രധാന കാരണമായി മാറിയത് ബാറ്റർമാരുടെ മോശം പ്രകടനങ്ങളാണ്. രോഹിത് ശർമയും വിരാട് കോഹ്ലിയും അടക്കമുള്ള സീനിയർ താരങ്ങൾ മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും പരാജയപ്പെടുകയുണ്ടായി. അവസാന സമയത്ത് ഇന്ത്യക്കായി അല്പമെങ്കിലും പൊരുതിയത് ജയസ്വാൾ മാത്രമാണ്. മത്സരത്തിലെ പരാജയത്തെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് സംസാരിച്ചിരുന്നു.
തീർത്തും നിരാശ ഉണ്ടാക്കുന്ന പരാജയമാണ് മെൽബണിൽ ഉണ്ടായത് എന്നാണ് രോഹിത് പറഞ്ഞത്. “ഞാൻ വളരെ നിരാശനാണ്. മത്സരത്തിന്റെ അവസാനം വരെ പോരാടണം എന്നതായിരുന്നു ഞങ്ങൾക്ക് മനസ്സിൽ ഉണ്ടായിരുന്നത്. പക്ഷേ നീർഭാഗ്യവശാൽ അതിന് സാധിച്ചില്ല. അവസാന സെഷനിലെ കാര്യങ്ങൾ മാത്രം കണക്കിലെടുക്കാൻ കഴിയില്ല. നമ്മൾ സംസാരിക്കേണ്ടത് മുഴുവൻ ടെസ്റ്റിലെയും പ്രകടനത്തെ പറ്റിയാണ്. ഞങ്ങൾക്ക് മത്സരത്തിൽ ആവശ്യമായ അവസരങ്ങൾ ലഭിച്ചിരുന്നു. സാധ്യതകളും ഉണ്ടായിരുന്നു. പക്ഷേ അതൊക്കെയും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിച്ചില്ല. ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ വരാൻ ഞങ്ങൾ സമ്മതിച്ചു. 90ന് 6 എന്ന നിലയിൽ അവർ പരുങ്ങിയ സമയത്തും ഞങ്ങൾക്ക് പിടിമുറുക്കാൻ കഴിഞ്ഞില്ല.”- രോഹിത് ശർമ പറഞ്ഞു.
“കാര്യങ്ങൾ കുറച്ച് സങ്കീർണ്ണമാണ് എന്നത് എനിക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ കഠിനമായ രീതിയിൽ കളിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്. മത്സരത്തിലെ ഒരു പ്രധാന സംഭവം മാത്രം എടുത്ത് സംസാരിക്കാൻ സാധിക്കില്ല. എവിടെയാണ് ടീമിന് പിഴച്ചത് എന്ന് കണ്ടെത്തി തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. മത്സരത്തിൽ പല സമയത്തും ഞങ്ങൾ കൃത്യമായ പ്രകടനം നടത്തി. എന്നാൽ അവസാന വിക്കറ്റിൽ ഓസ്ട്രേലിയ ഉയർത്തിയ കൂട്ടുകെട്ട് ഞങ്ങൾക്ക് വലിയ ഭീഷണി സൃഷ്ടിച്ചു. പല അവസരങ്ങളും ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. അവസാന ഇന്നിംഗ്സിൽ 340 എന്നത് അത്ര അനായാസ ലക്ഷ്യമല്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ അവസാന 2 സെഷനിൽ വിക്കറ്റുകൾ കയ്യിലുണ്ടായിരുന്നുവെങ്കിൽ ഞങ്ങൾ ലക്ഷ്യത്തിലേക്ക് പൊരുതിയേനെ. എന്നാൽ ഓസ്ട്രേലിയ അവിടെ വളരെ മികച്ച രീതിയിൽ കളിച്ചു. നല്ലൊരു പ്ലാറ്റ്ഫോം ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല എന്നതാണ് വസ്തുത.”- രോഹിത് കൂട്ടിച്ചേർത്തു.
“നിതീഷ് റെഡ്ഡി ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായാണ് കളിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ ബാറ്റ് ചെയ്യുക എന്നത് അത്ര അനായാസമല്ല. പക്ഷേ അവൻ നന്നായി പോരാടി. തന്റെ സാങ്കേതികത നന്നായി തന്നെ ഉപയോഗിച്ചു. ഇന്ത്യൻ ടീമിൽ ഒരുപാട് ഭാവിയുള്ള താരമാണ് നിതീഷ്. ഇനിയും വിജയിക്കാൻ അവന് സാധിക്കും. അത്തരമൊരു താരത്തിന്റെ നിലവാരം നമുക്ക് മനസ്സിലാകും. ബൂമ്രയെപ്പറ്റി പറയുകയാണെങ്കിൽ കുറച്ചു വർഷങ്ങളായി ഞങ്ങൾ അവനെ കാണുകയാണ്. കൃത്യമായി മൈതാനത്ത് എത്തി രാജ്യത്തിനായി പൊരുതാനുള്ള മനസ്സാണ് അവനുള്ളത്. ഈ പരമ്പരയിലും അവനത് തന്നെയാണ് ചെയ്യുന്നത്. പക്ഷേ മറ്റ് താരങ്ങളിൽ നിന്ന് ബുമ്രയ്ക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്.”- രോഹിത് പറഞ്ഞുവെക്കുന്നു.