ബോർഡർ- ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരം നാളെ മെൽബണിൽ ആരംഭിക്കുകയാണ്. 3 മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ വിജയങ്ങൾ വീതം നേടി സമനിലയിൽ നിൽക്കുന്നു. അതിനാൽ തന്നെ മെൽബണിൽ നടക്കുന്ന ടെസ്റ്റ് മത്സരം ഇരുടീമുകളെ സംബന്ധിച്ചും വളരെ നിർണായകമാണ്.
മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കണമെങ്കിൽ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്രയുടെ മികച്ച പ്രകടനം തന്നെ ആവശ്യമാണ്. ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് ഇന്ത്യക്കായി ബുമ്ര നേടിയിട്ടുള്ളത്. എന്നാൽ ഇതിനിടെ ബൂമ്രയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ കമന്റെറ്ററായ ഇയാൻ മോറിസ്.
ബൂമ്രയുടെ ബോളിംഗ് ആക്ഷൻ നിയമവിരുദ്ധമാണ് എന്നാണ് മോറിസ് പറയുന്നത്. ചില പന്തുകൾ എറിയുന്ന സമയത്ത് ബുമ്രയുടെ കൈ നന്നായി മടങ്ങുന്നുണ്ട് എന്ന് മോറിസ് പറയുന്നു. ഇതിനെപ്പറ്റി ആരും തന്നെ സംസാരിക്കുന്നില്ല എന്ന പരാതിയും മോറിസ് പങ്കുവെക്കുകയുണ്ടായി. “ജസ്പ്രീത് ബുമ്രയുടെ ബോളിംഗ് ആക്ഷൻ പലർക്കും സംശയം ഉണ്ടാക്കുന്നതാണ്. ഇതിനെപ്പറ്റി യാതൊരു ചർച്ചകളും ഇതുവരെ ഉയർന്ന് ഞാൻ കേട്ടില്ല. ആധുനിക ക്രിക്കറ്റിൽ ഈ ബോളിംഗ് ആക്ഷൻ ശരിയാണ് എന്ന് ഞാൻ കരുതുന്നുമില്ല. എല്ലാ പന്തുകളും അവൻ കൈമടക്കിയാണ് എറിയുന്നത് എന്ന് ഞാൻ ഒരിക്കലും പറയില്ല.”- മോറിസ് പറയുന്നു.
“പക്ഷേ ബൂമ്ര ചില പന്തുകൾ എറിയുമ്പോൾ അത് നിയമപ്രകാരമല്ലാത്തതായി തോന്നുന്നുണ്ട്. അവന്റെ കൈ പലപ്പോഴും ഏറെ മടങ്ങുന്നതായി കാണാൻ സാധിക്കും. ഇത് എല്ലാവരും നിരീക്ഷിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. മുൻപും ബൂമ്രയുടെ ബോളിംഗ് ആക്ഷനെ സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു.”- മോറിസ് കൂട്ടിച്ചേർക്കുകയുണ്ടായി. എന്നാൽ ഇതേ സംബന്ധിച്ച് മുൻപ് പഠനങ്ങൾ പുറത്തുവരികയും ബുമ്രയുടെ പന്തുകൾ നിയമപരമാണ് എന്ന് പലരും വിലയിരുത്തുകയും ചെയ്തിട്ടുള്ളതാണ്.
സമീപകാലത്താണ് ബംഗ്ലാദേശിന്റെ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷാക്കിബ് അൽ ഹസനെ നിയമപരമല്ലാത്ത രീതിയിൽ പന്ത് എറിയുന്നതിന്റെ പേരിൽ ക്രിക്കറ്റിൽ നിന്ന് വിലക്കിയത്. ഐസിസി നിയമപ്രകാരം ഒരു ബോളർ പന്തെറിയുന്ന സമയത്ത് അവന്റെ കൈമുട്ട് 15 ഡിഗ്രി മാത്രമേ മടങ്ങാൻ പാടുള്ളൂ. എന്നാൽ വിവിധ പഠനങ്ങളിൽ നിന്ന് ഷാക്കിബിന്റെ കൈ അതിൽ അധികമായി മടങ്ങുന്നതായി നിരീക്ഷിച്ചിരുന്നു. ഇതിനു ശേഷമാണ് ഷാക്കിബിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ബോൾ ചെയ്യുന്നതിൽ നിന്ന് വിലക്കിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആയിരുന്നു ഷാക്കിബിന്റെ ഇത്തരത്തിലുള്ള അനീതിപരമായ ബോളിംഗ് കണ്ടെത്തിയത്.