അഞ്ചു തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്, ഐപിഎൽ പതിനഞ്ചാം പതിപ്പിന്‍റെ ആദ്യ ആറു മത്സരങ്ങൾ കഴിയുമ്പോൾ ഒരു മത്സരം പോലും വിജയിക്കാൻ ആകാതെ സമ്മർദ്ദത്തിൽ നിറഞ്ഞുനിൽക്കുകയാണ്. വിരലിലെണ്ണാവുന്ന കളിക്കാർ മാത്രമാണ് മികച്ച പ്രകടനം മുംബൈയ്ക്ക് വേണ്ടി പുറത്തെടുക്കുന്നത്.
ബ്രവിസ്, സൂര്യ കുമാർ യാദവ്, തിലക് വർമ എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം മുംബൈയ്ക്ക് വേണ്ടി കാഴ്ചവയ്ക്കുന്നത്. ക്യാപ്റ്റനായും ബാറ്റ്സ്മാനായ രോഹിത് ശർമ പരാജയപ്പെടുകയാണ്. ആദ്യ മത്സരങ്ങളിൽ തിളങ്ങിയെങ്കിലും ഇഷാൻ കിഷന് പിന്നീടുള്ള കളികളിൽ ശോഭിക്കാൻ ആയില്ല. വിക്കറ്റ് വീഴ്ത്താൻ സാധിക്കാതെ ബുംറയും സമ്മർദ്ദത്തിലാണ്. പൊള്ളാർഡ് ആകട്ടെ എല്ലാ മത്സരത്തിലും തീർത്തും നിരാശപ്പെടുത്തുന്നു.
ഏറ്റവും മോശം ബൗളിംഗ് നിരയാണ് മുംബൈ യുടേത്. സ്പിൻ നിലയിൽ മുരുകൻ അശ്വിനും ശരാശരി മാത്രമാണുള്ളത്. ഇനി പ്ലേ ഓഫിൽ എത്തുന്നത് മുംബൈയ്ക്ക് വിശ്വസിക്കുന്നതിനും അപ്പുറമായിരിക്കും. ഇപ്പോഴിതാ തുടർ തോൽവികളിൽ തങ്ങളുടെ നിരാശ തുറന്നു പറഞ്ഞിരിക്കുകയാണ് ബുംറ.
“ഞങ്ങളെപ്പോലെ നിരാശരായി മറ്റാരും കാണില്ല. ഞങ്ങൾ എത്രത്തോളം കഠിനാധ്വാനം നടത്തുന്നുണ്ടെന്ന് പുറത്തുള്ളവർക്ക് മനസ്സിലാകില്ല. ഭാഗ്യത്തിൻ്റെ പിന്തുണയില്ല. ടേബിൾ കള്ളത്തരം പറയില്ല. ഞങ്ങൾ ഇത്തവണ ഇതുവരെ വളരെ മോശമാണ്. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ ഞങ്ങളുടെ കഴിവിൻ്റെ പരമാവധി നൽകി വിജയത്തിലെത്തിക്കാൻ ഞങ്ങൾ ശ്രമിക്കും. ജീവിതം അവസാനിക്കുന്നില്ല. സൂര്യൻ വീണ്ടും ഉദിക്കും. ഇതൊരു ക്രിക്കറ്റ് മത്സരമാണ്.”
”ഒരാൾ ജയിക്കുമ്പോൾ മറ്റൊരാൾക്ക് തോൽക്കേണ്ടി വരും. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരല്ല ഞങ്ങൾ. ചില ക്രിക്കറ്റ് മത്സരങ്ങൾ മാത്രമാണ് തോറ്റത്. ഞങ്ങളുടെ ടീമിനുള്ളിലെ വികാരം അതാണ്.”- ബുംറ പറഞ്ഞു.
ആറു മത്സരങ്ങളിൽനിന്ന് നാലുവിക്കറ്റ് മാത്രമാണ് ബുംറക്ക് ഇതുവരെ നേടാനായത്. മികച്ച ഒരു പങ്കാളി ഇല്ലാത്തത് താരത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.