2024 ട്വന്റി20 ലോകകപ്പിൽ ഇതുവരെ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് ജസ്പ്രീത് ബുംറ. ലോകകപ്പിന്റെ തുടക്കം മുതൽ ബൂമ്രയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് വളരെയധികം സഹായകരമായിട്ടുണ്ട്. നിർണായക സമയങ്ങളിൽ ഇന്ത്യയ്ക്ക് വിക്കറ്റുകൾ സംഭാവന ചെയ്ത് ടീമിനെ വിജയത്തിൽ എത്തിക്കുന്നതിൽ വിരുതനാണ് ബൂമ്ര.
ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിലും അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും ഇത് വളരെ വലിയ രീതിയിൽ തന്നെ പ്രതിഫലിച്ചിരുന്നു. ഇപ്പോൾ ബൂമ്രയെ പ്രശംസിച്ച രംഗത്ത് എത്തിയിരിക്കുകയാണ് മുൻ വിൻഡീസ് താരം ബ്രയാൻ ലാറ. നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബോളറാണ് ബൂമ്ര എന്ന് ലാറ പറയുന്നു.
ബംഗ്ലാദേശിനെതിരായ സൂപ്പർ 8 മത്സരത്തിൽ 4 ഓവറുകൾ പന്തറിഞ്ഞ ബൂമ്ര 13 റൺസ് മാത്രം വിട്ടു നൽകി 2 വിക്കറ്റ്കൾ സ്വന്തമാക്കുകയുണ്ടായി. ഇതിന് ശേഷമാണ് ബൂമ്രയെ പ്രശംസിച്ച് ലാറ രംഗത്ത് എത്തിയത്. “ഞാൻ ആ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ്. എന്റെ അഭിപ്രായത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളർ ഇപ്പോൾ ജസ്പ്രീത് ബൂമ്രയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി അവൻ തന്നെയാണ് ലോകത്തിലെ ബെസ്റ്റ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇതേ കാര്യം ഞാൻ പറഞ്ഞിരുന്നു.”
”അവന് വെസ്റ്റിൻഡീസിൽ തുടരാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങൾ ഒരു പാസ്പോർട്ട് അവന് നൽകുന്നതാണ്. മാത്രമല്ല അവന് താമസിക്കാൻ ഒരു സ്ഥലവും നൽകുന്നതാണ്. ശേഷം അവനെ കുറച്ച് വർഷങ്ങൾ വിൻഡീസിനായി കളിക്കാനും ഞങ്ങൾ ക്ഷണിക്കുന്നു. ഇത് ഞാൻ തമാശയ്ക്ക് പറഞ്ഞതാണ്. എന്നിരുന്നാലും ബൂമ്രയെ ലഭിക്കുക എന്നത് ഒരു ടീമിന്റെ ഭാഗ്യമാണ്.”- ലാറ പറയുന്നു.
ബൂമ്രയ്ക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ബാറ്റർമാർ വളരെയധികം ശ്രദ്ധിക്കണം എന്നാണ് ലാറ കൂട്ടിച്ചേർക്കുന്നത്. ബൂമ്രയ്ക്കെതിരെ അനാവശ്യമായി ആക്രമണം അഴിച്ചുവിടുന്നത് ബാറ്റർമാർക്ക് ഗുണം ചെയ്യില്ല എന്ന് ലാറ കരുതുന്നു. കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി അവനെതിരെ കളിക്കുന്നതാണ് ഉത്തമമെന്നാണ് ലാറയുടെ അഭിപ്രായം.
ഇനിയും ഈ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബൂമ്രയ്ക്ക് സാധിക്കും എന്നും ലാറ പറയുകയുണ്ടായി. ഈ ലോകകപ്പിലെ ഇന്ത്യയുടെ വജ്രായുധം തന്നെയാണ് ബൂമ്ര. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും ബൂമ്ര മികവും പുലർത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഇതുവരെ 2024 ലോകകപ്പിൽ 5 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ സ്വന്തമാക്കാൻ ബൂമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. 6.50 എന്ന ശരാശരിയും താരത്തിനുണ്ട്. നിലവിൽ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് ബൂമ്ര. വരും മത്സരങ്ങളിലും ബൂമ്ര മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് ഈ ലോകകപ്പിൽ വിജയം സ്വന്തമാക്കാൻ സാധിക്കൂ.
6 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ താരം ഫസൽ ഫറൂക്കിയാണ് ഈ ലോകകപ്പിലെ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരം. 6 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ സ്വന്തമാക്കിയ ആദം സാമ്പ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.