ഇന്നലെയായിരുന്നു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരം. മത്സരത്തിൽ ഡൽഹിയെ 91 റൺസിന് തോൽപിച്ച് കൂറ്റൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഇപ്പോഴിതാ മത്സരശേഷം ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഓൾറൗണ്ടർ ബ്രാവോ.
അവസാന രണ്ടു പന്തിൽ ഡബിൾ ഓടിയപ്പോൾ തനിക്ക് കാലിന് പരിക്ക് ഏൽക്കുമോ എന്ന ആശങ്ക ഉണ്ടായെന്നാണ് മത്സരശേഷം താരം പറഞ്ഞത്. റോബിൻ ഉത്തപ്പ മോയിൻ അലി എന്നിവരെ പുറത്താക്കി ഡൽഹി ബൗളർ നോർട്യയുടെ ഹാട്രിക് ബോളിൽ ആണ് ബ്രാവോ ക്രീസിൽ എത്തുന്നത്. അപ്പോഴുണ്ടായ സന്ദർഭത്തെ കുറിച്ചാണ് ബ്രാവോ പറഞ്ഞത്.
“ഹാട്രിക് ബോളാണ് ഞാൻ ആദ്യം നേരിട്ടത്. ധോണിക്ക് സ്ട്രൈക്ക് കൈമാറാനാണു ശ്രമിച്ചത്. ബൗണ്ടറികൾ അടിക്കൂ. എന്നെക്കൊണ്ട് 2 ഓടിക്കരുത് എന്നാണു ഞാൻ ധോണിയോട് പറഞ്ഞത്.
ഇന്നിങ്സിനു ശേഷം ഞാൻ ധോണിയോടു പറഞ്ഞു, ഇനി ഇത്തരത്തിലൊരു അവസരം വന്നാൽ ഓടാനായി മറ്റാരെയെങ്കിലും വിളിക്കണം, കാരണം എനിക്ക് എന്റെ കാലുകൾ സംരക്ഷിക്കണം എന്ന്.
പക്ഷേ, എന്തൊക്കെ പറഞ്ഞാലും ധോണിയുമൊത്ത് ബാറ്റു ചെയ്യാനാകുന്നതു വലിയ കാര്യം തന്നെയാണ്. ടീം എന്ന നിലയിൽ മികച്ച പ്രകടനമാണു ചെന്നൈ പുറത്തെടുത്തത്. ഋതുവും (ഗെയ്ക്വദ്) കോൺവേയും ചേർന്ന് നല്ല സ്കോറിനുള്ള അടിത്തറ പാകി. പിന്നീട് ഞങ്ങൾ ബോളിങ്ങിൽ മികവു തുടർന്നു. എല്ലാ കളിയിലും ഇതുപോലെ സമ്പൂർണ മേധാവിത്തം പുലർത്തണം എന്നാണ് ആഗ്രഹം.”- ബ്രാവോ പറഞ്ഞു.
8 പന്തില്‍ 21 റണ്‍സാണ് ധോണി നേടിയത്. നേരിട്ട രണ്ടാം പന്തില്‍ സിക്സടിച്ചാണ് മഹേന്ദ്ര സിങ്ങ് ധോണി തുടങ്ങിയത്. ക്യാപ്‌റ്റന്‍റെ ബാറ്റില്‍ നിന്നും 1 ഫോറും 2 സിക്സും പിറന്നു. അവസാന നിമിഷങ്ങളില്‍ 17 കാരന്‍റെ ആരോഗ്യത്തോടെ ഡബിളുകള്‍ നേടുന്ന 40 കാരനായ ധോണിയെ കാണാനും പറ്റി.