ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത കളിക്കാരനാണ് ശുഭമാൻ ഗിൽ. ടൂർണമെന്റിലുടനീളം തന്റെ ബാറ്റ് കൊണ്ട് അത്ഭുതം കാട്ടിയ ഗിൽ ഓറഞ്ച് ക്യാപ്പ് നേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗില്ലിനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടിയ ഗില്ലിന്റെ ഐപിഎല്ലിലെ അഴിഞ്ഞാട്ടം തന്നെയായിരുന്നു കഴിഞ്ഞ രണ്ടു മാസങ്ങളിൽ കണ്ടത്. ഈ സാഹചര്യത്തിൽ ഗില്ലിനെ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്താന്റെ മുൻ താരം വസീം അക്രം.
ഗില്ലിനെതിരെ പന്തറിയുമ്പോൾ സച്ചിൻ ടെണ്ടുൽക്കർക്കെതിരെ പന്തറിയുന്ന അനുഭൂതിയാണ് ഉണ്ടാകാറുള്ളത് എന്ന് വസീം അക്രം പറയുന്നു. “ട്വന്റി 20 ക്രിക്കറ്റിൽ ഗില്ലിനെപ്പോലൊരു ബാറ്റർക്കെതിരെ പന്തറിയുക എന്നത് അല്പം കാഠിന്യമേറിയ ദൗത്യം തന്നെയാണ്. ഏകദിന ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർക്കെതിരെ, ആദ്യ 10 ഓവറുകളിൽ രണ്ട് ഫീൽഡർമാർ മാത്രം 30 വരെ സർക്കാരിന് പുറത്തുനിൽക്കുമ്പോൾ, പന്തറിയുന്ന ഫീലാണ് ഗില്ലിനെതിരെ ട്വന്റി20 ക്രിക്കറ്റിൽ പന്തറിയുമ്പോൾ ഒരു ബോളർക്ക് ലഭിക്കുന്നത്.”- ഒരു പ്രമുഖ വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അക്രം പറഞ്ഞു.
“ഒരു പക്ഷേ സനത് ജയസൂര്യക്കെതിരെയും കലുവിതാരണക്കെതിരെയും ഈ സമയത്ത് പന്തെറിയേണ്ടി വന്നാലും എനിക്ക് അവരെ പുറത്താക്കാൻ ഒരുപാട് വഴികൾ മുൻപിലുണ്ട്. കാരണം നിലവിലെ സാഹചര്യത്തിൽ എല്ലാ ബാറ്റർമാരും എല്ലാ പന്തുകളും അടിച്ചു തകർക്കാനേ ശ്രമിക്കൂ. അതിനാൽ തന്നെ അവരെ ഔട്ടാക്കാൻ എനിക്ക് സാധിക്കും. എന്നാൽ സച്ചിന്റെയോ ഗില്ലിന്റെയോ കാര്യം അങ്ങനെയല്ല. ഈ രണ്ടു ബാറ്റർമാരും കളിക്കുന്നത് പ്രോപ്പറായുള്ള ക്രിക്കറ്റ് ഷോട്ടുകളാണ്. അതുകൊണ്ടുതന്നെ അത്തരത്തിൽ ഇവരെ പുറത്താക്കാൻ സാധിക്കില്ല.”- വസീം അക്രം കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഗില്ലിന്റെ ക്രിക്കറ്റ് ഭാവി അതി സുരക്ഷിതമാണെന്നും അക്രം കൂട്ടിച്ചേർത്തു. “ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും കൃത്യമായ രീതിയിൽ റൺസ് കണ്ടെത്താൻ ശുഭമാൻ ഗില്ലിന് സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലോക ക്രിക്കറ്റിൽ വരാനിരിക്കുന്ന ഒരു സൂപ്പർസ്റ്റാർ തന്നെയാണ് ഗിൽ എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.”- അക്രം പറഞ്ഞുവയ്ക്കുന്നു. നിലവിൽ ജൂൺ ഏഴിന് ഓവലിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ശുഭ്മാൻ ഗിൽ.