“പന്തിന് വേഗതയില്ല, സ്ലോയാണ്”, ഹർഷിത് റാണയെ ട്രോളിയ സ്റ്റാർക്കിന് ജയസ്വാളിന്റെ കിടിലൻ മറുപടി.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ- ഗവാസ്കർ ട്രോഫി മുൻപോട്ട് പോകുമ്പോൾ താരങ്ങൾ തമ്മിലുള്ള വാക്പോരുകളും മുറുകുകയാണ്. ഇരു ടീമിലെയും പ്രധാന താരങ്ങളൊക്കെയും പരസ്പരം ട്രോളിക്കൊണ്ട് രംഗത്ത് വരുന്നതാണ് കഴിഞ്ഞ രണ്ട് ദിവസത്തെ മത്സരത്തിലും കാണാൻ സാധിച്ചത്.

ആദ്യമായി ഇന്ത്യയുടെ യുവതാരം ഹർഷിത് റാണയെ ട്രോളി രംഗത്തെത്തിയത് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ആയിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയയുടെ ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്ക് ബാറ്റ് ചെയ്യുകയായിരുന്നു. ഈ സമയത്ത് ഹർഷിത് റാണ തുടർച്ചയായി ബൗൺസറുകൾ എറിഞ്ഞ് സ്റ്റാർക്കിനെ പരീക്ഷിച്ചു. അത് സ്റ്റാർക്കിനെ പ്രകോപിപ്പിക്കുകയുണ്ടായി.

“നിന്നെക്കാൾ വേഗത്തിൽ പന്തറിയാൻ എനിക്കാവും. ഓർമ്മയുണ്ടല്ലോ അല്ലേ” എന്നായിരുന്നു സ്റ്റാർക്ക് ഹർഷിതിന് നൽകിയ മറുപടി. ഈ മറുപടിയ്ക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം ജയസ്വാൾ ഇപ്പോൾ.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ സ്റ്റാർക്ക് ഇത്തരത്തിൽ റാണയെ പ്രകോപിപ്പിച്ചെങ്കിലും അവസാന വിജയം റാണയ്ക്ക് തന്നെയായിരുന്നു. സ്റ്റാർക്കിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഹർഷിത് റാണ ഈ ട്രോളുകൾക്കുള്ള മറുപടി നൽകിയത്. ഇതിനൊക്കെയും ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ജയസ്വാളും രാഹുലും നൽകിയത്. ഓസ്ട്രേലിയയുടെ പേസർമാരെ അങ്ങേയറ്റം ആത്മവിശ്വാസത്തോടെ ഇരുവരും നേരിടുകയുണ്ടായി. മിച്ചൽ സ്റ്റാർക്കിന് രണ്ടാം ഇന്നിങ്സിലെ ആദ്യ സ്പെല്ലിലെ 3 ഓവറുകളിൽ വിക്കറ്റുകൾ ഒന്നുംതന്നെ ലഭിച്ചിരുന്നില്ല. ഇതിന് ശേഷം കമ്മിൻസ് സ്റ്റാർക്കിനെ ബോളിങ്ങിൽ നിന്ന് മാറ്റുകയും ചെയ്തു.

GdD60PRagAMLOrM

ശേഷം സ്റ്റാർക്ക് തന്റെ രണ്ടാം സ്പെല്ലിനായി വന്നെങ്കിലും യാതൊരു തരത്തിലും ഇന്ത്യൻ ബാറ്റർമാർക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ശേഷം വീണ്ടും പതിനേഴാം ഓവറിൽ സ്റ്റാർക്ക് ബോളിംഗ് ക്രീസിലെത്തി. ഈ സമയത്ത് ജയസ്വാൾ ഒരു ബൗണ്ടറി സ്വന്തമാക്കിയിരുന്നു. പക്ഷേ അടുത്ത തവണ ജയസ്വാളിന് പന്തിൽ തൊടാൻ പോലും സാധിച്ചില്ല. ഈ സമയത്ത് സ്റ്റാർക്ക് ജയസ്വാളിനെ നോക്കി ചിരിക്കുകയുണ്ടായി. അടുത്ത പന്ത് പ്രതിരോധിച്ച ശേഷം ജയസ്വാൾ സ്റ്റാർക്കിന് നൽകിയ മറുപടി ഇങ്ങനെയാണ്. “പന്തിന് ഒട്ടും വേഗതയില്ല. സ്ലോ ബോളാണ് എറിയുന്നത്”. ഇതിന് മറുപടിയായി ഒരു ചിരി മാത്രമാണ് സ്റ്റാർക്ക് നൽകിയത്.

മത്സരത്തിന്റെ രണ്ടാം ദിവസം പൂർണ്ണമായ ആധിപത്യം സ്ഥാപിച്ചതാണ് ജയസ്വാൾ മുൻപിലേക്ക് നീങ്ങിയത്. ഓസ്ട്രേലിയയുടെ പേരെടുത്ത ബോളർമാരെ ഒക്കെയും തലങ്ങും വിലങ്ങും പ്രഹരിക്കാൻ താരത്തിന് സാധിച്ചു. മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ വളരെ കുറച്ച് സ്കോറുകൾ മാത്രമായിരുന്നു ഇരു ടീമുകളും സ്വന്തമാക്കിയിരുന്നത്. ശേഷമാണ് ആദ്യ വിക്കറ്റിൽ 172 റൺസിന്റെ കൂട്ടുകെട്ട് രാഹുലും ജയസ്വാളും ചേർന്ന് കെട്ടിപ്പടുത്തത്. ഇത് വരുംദിവസങ്ങളിൽ ഓസ്ട്രേലിയൻ ടീമിനെ അലട്ടാൻ സാധ്യതയുണ്ട്.

Previous articleസിക്സർ റെക്കോർഡിൽ ഒന്നാം സ്ഥാനത്തെത്തി ജയ്സ്വാൾ. മറികടന്നത് മക്കല്ലത്തെയും സ്റ്റോക്സിനെയും.