ഐപിഎൽ പതിനാലാം സീസണിനായി ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങള്‍ മുംബൈയിലെത്തി. ടീമിന്റെ രണ്ടാംഘട്ട പരിശീലനം മുംബൈയിലാണ് നടക്കുക.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പ് മുംബൈയില്‍ ആരംഭിച്ചുവെങ്കിലും ഇപ്പോഴും ആരാധകർക്കിടയിൽ സംശയങ്ങൾക്കിടയാക്കി ചെന്നൈ ടീം ഇപ്പോഴും വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാത്തത് .ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ ഉപനായകനായി ആര് ഇത്തവണത്തെ സീസണിൽ എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകരിപ്പോൾ .
കഴിഞ്ഞ സീസണ്‍ വരെ സുരേഷ് റെയ്‍നയായിരുന്നു ടീമിന്റെ ഉപനായകന്‍. താരം വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞ സീസണ്‍ ഐപിഎല്ലിൽ നിന്ന് പൂർണ്ണമായി വിട്ട് നില്‍ക്കുകയായിരുന്നു. റെയ്നയെ തന്റെ പഴയ സ്ഥാനത്തേക്ക് ഫ്രാഞ്ചൈസി വീണ്ടും പുനഃസ്ഥാപിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഉപനായകൻ ആരെന്നത് ടീം ടൂര്‍ണ്ണമെന്റ് മത്സരങ്ങൾ ആരംഭിക്കുന്നതിനോട് അടുക്കുമ്പോള്‍ മാത്രമാകും തീരുമാനിക്കുക എന്നാണ് ടീം സിഇഒ കാശി വിശ്വനാഥ് ഇന്നലെ വിശദീകരിച്ചത് .റെയ്‌നയുടെ അഭാവത്തിൽ ആൾറൗണ്ടർ ജഡേജ ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവിയിലേക്കെത്തുവാനാണ് സാധ്യത .
ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ കൈവിരലിന് പൊട്ടലേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജ ഉടൻ ടീമിനൊപ്പം ചേരുമെന്ന് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥൻ ഇന്നലെ ഏവരെയും അറിയിച്ചിരുന്നു .
കഴിഞ്ഞ ദിവസം വരെ ജഡേജ ഐപിഎല്ലിൽ കളിക്കുമോയെന്ന് വ്യക്തതയില്ലായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനം തുടരുന്ന ജഡേജയ്ക്ക് ചെന്നൈ ടീമിനൊപ്പം ചേരാൻ ബിസിസിഐ അനുമതി നൽകി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .ഏപ്രിൽ പത്തിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ധോണിപ്പടയുടെ ആദ്യ മത്സരം .
ചെന്നൈ സ്‌ക്വാഡ്: എം എസ് ധോണി, സുരേഷ് റെയ്‌ന, ഡ്വെയ്‌ന്‍ ബ്രാവോ, ഫാഫ് ഡുപ്ലസിസ്, രവീന്ദ്ര ജഡേജ, അമ്പാട്ടി റായുഡു, കരണ്‍ ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, ലുങ്കി എങ്കിടി, മൊയീന്‍ അലി, കൃഷ്‌ണപ്പ ഗൗതം, സാം കറന്‍, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പൂജാര, മിച്ചല്‍ സാന്‍റ്‌നര്‍, ജോഷ് ഹേസല്‍വുഡ്, റുതുരാജ് ഗെയ്‌ക്‌വാദ്, ജഗദീശന്‍ എന്‍, കെ എം ആസിഫ്, ആര്‍ സായ് കിഷോര്‍, സി ഹരി നിഷാന്ത്, എം ഹരിശങ്കര്‍, കെ ഭഗത് വര്‍മ്മ.