കഴിഞ്ഞമാസം അവസാനമായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പിന് തിരശ്ശീല വീണത്. ഇത്തവണത്തെ ഐപിഎല്ലിൽ കിരീടം നേടിയത് ഈ സീസണിലെ പുതുമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസാണ്. ഫൈനലിൽ മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെ തകർത്താണ് ഹർദിക് പാണ്ഡ്യയുടെ കീഴിൽ ഗുജറാത്ത് കിരീടം നേടിയത്.
ഐപിഎൽ ഫൈനലിന് ശേഷം മത്സരം ഒത്തു കളിയായിരുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. മത്സരഫലങ്ങൾ എല്ലാം മുൻകൂട്ടി തീരുമാനിച്ച പ്രകാരം ആയിരുന്നെന്നും സാമൂഹ്യമാധ്യമങ്ങളിൽ പലരും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ അതേ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി.
ഇത്തവണത്തെ ഐപിഎൽ മത്സരഫലങ്ങൾ എല്ലാം ഒത്തുകളി ആണെന്ന ആരോപണമാണ് ബിജെപിയുടെ മുതിർന്ന നേതാവ് ഉയർത്തിയത്. കലാശപ്പോരാട്ടത്തിൽ ടോസ് ലഭിച്ചിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തതിൽ പലരും രാജസ്ഥാൻ നായകനും മലയാളി താരവുമായ സഞ്ജു സാംസനെതിരെ ഒത്തുകളി ആരോപിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യൻസ്വാമി ആരോപണമുന്നയിച്ചത്.
“ടാറ്റാ ഐപിഎൽ ക്രിക്കറ്റിലെ മത്സരഫലങ്ങളെല്ലാം കപടമാണെന്ന വ്യാപകമായ സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ആവശ്യമാണ്. പക്ഷേ, അതിനായി പൊതുതാൽപര്യ ഹർജി നൽകേണ്ടി വരും. കാരണം, ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആയതിനാൽ സർക്കാർ മുൻകയ്യെടുത്ത് അന്വേഷിക്കുമെന്ന് കരുതാൻ വയ്യ.”- സുബ്രഹ്മണ്യൻ സ്വാമി പറഞു.