ഐപിഎല്‍ പതിനാലാം സീസണില്‍ ഒരിക്കല്‍ കൂടി ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ ഇന്ത്യൻ ബൗളിംഗ് നിര . സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പിച്ച മുംബൈ രണ്ടാം വിജയം സ്വന്തമാക്കി . മുംബൈയുടെ 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് മൂന്ന് വീതം വിക്കറ്റ് നേടിയ ബോള്‍ട്ട്-ചാഹര്‍ സഖ്യത്തിന്‍റെ കൃത്യതയാർന്ന ബൗളിംഗ് ആക്രമണത്തില്‍ 19.4 ഓവറില്‍ 137 റണ്‍സില്‍ പുറത്തായി .ഇതോടെ സീസണിൽ ഇതുവരെ വിജയം നേടുവാൻ കഴിയാത്ത ടീമായി ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം മാറി .
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ടീം പവർപ്ലേയിൽ അതിവേഗം സ്കോർ കണ്ടെത്തിയെങ്കിലും ഓപ്പണർ രോഹിത് ശർമ്മ പുറത്തായതോടെ തകർച്ചയെ നേരിട്ടു .തുടരെ വിക്കറ്റുകൾ നഷ്ടമായ ടീം 20 ഓവറിൽ 150 റണ്‍സാണ് നേടിയത്.
ഡികോക്ക് (40) ,രോഹിത് ശർമ്മ (32),കിറോൺ പൊള്ളാർഡ് (35*) എന്നിവർ മുംബൈ ബാറ്റിംഗ് നിരയിൽ തിളങ്ങി .ഭുവി എറിഞ്ഞ അവസാന ഓവറിൽ 2 സിക്സ് അടക്കം പൊള്ളാർഡ് 17 റൺസ് അടിച്ചെടുത്തത് മത്സരത്തിൽ വഴിത്തിരിവായി .
എന്നാൽ മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു സംഭവവും അരങ്ങേറി. മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിനിടയിൽ കിറോൺ പൊള്ളാർഡ് ബാറ്റിൽ നിന്നാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 105 മീറ്റർ സിക്സ് പിറന്നത് .17ാം ഓവറിലെ ആദ്യ ബോളിലായിരുന്നു പൊള്ളാര്‍ഡ് ഈ സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍ പറത്തിയത്. അഫ്ഘാൻ സ്പിന്നര്‍ മുജീബുര്‍ റഹ്മാനായിരുന്നു ബൗളര്‍. മിഡ് വിക്കറ്റിന് മുകളിലൂടെ പൊള്ളാര്‍ഡ് പായിച്ച സിക്‌സര്‍ ചെപ്പോക്ക് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് ലാന്‍ഡ് ചെയ്തത്.
ഈ സീസണിലെ ഏറ്റവും വലിയ സിക്സറാണ് പൊള്ളാർഡ് പായിച്ചത് .
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു 100 മീ ദൂരത്തില്‍ സിക്‌സറടിച്ച് നേരത്തേ പട്ടികയിൽ തലപ്പത്തുണ്ടായിരുന്നത് .
മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് (99 മീ), സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ (96 മീ), എസ്ആര്‍എച്ചിന്റെ തന്നെ അബ്ദുള്‍ സമദ് (93 മീ), രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ (91 മീ) എന്നിവരാണ് ഇത്തവണത്തെ ഐപിൽ സീസണിൽ ദൂരമേറിയ സിക്സ് പായിച്ച മറ്റ് താരങ്ങൾ .